ad
Deshabhimani

സൗത്ത് ഏഷ്യൻ വുഷു മത്സരത്തിന് ഒരേ ഒരു മലയാളി 'അനിയൻ' മിഥുൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 17, 2021, 12:28 PM | 0 min read

കാസർകോട്> പുതിയ കാലത്തെ  സുപ്രധാന ആയോധനകലയായ വുഷു ചിലപ്പോൾ നമുക്ക് പരിചിതമല്ലായിരിക്കും, പക്ഷേ ഗോദയിലെ മികവാർന്ന പ്രകടനത്തിലൂടെ ഇന്ത്യൻ വുഷു ടീമിലേക്ക് അനായാസം നടന്നു കയറിയ ആദ്യ ദക്ഷിണേന്ത്യൻ താരം തൃശൂർ നാട്ടിക സ്വദേശി അനിയൻ മിഥുൻ ഇപ്പോൾ നേട്ടങ്ങളുടെ നെറുകയിലാണ്‌.  

അടുത്ത മാസം 30ന് നേപ്പാളിൽ നടക്കുന്ന ഇന്റർനാഷണൽ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ 70 കിലോ കാറ്റഗറിയിൽ ഈ ഇരുപത്തിയെട്ടുകാരൻ ഇന്ത്യൻ ജേഴ്‌സിയണിയുമ്പോൾ മലയാളക്കരയ്ക്ക് അഭിമാന നിമിഷമായി മാറും. സൗത്ത് ഏഷ്യൻ ഫെഡറേഷൻ സംഘടിപ്പിക്കുന്ന കായിക മാമാങ്കത്തിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക മത്സരാർത്ഥിയാണ് മിഥുൻ. കിക്ക്ബോസിംഗ്, വുഷു ഇനങ്ങളിലെ ദേശീയ ചാമ്പ്യനാണ്. ബോക്സിങ് സംസ്ഥാന താരമായ ഇദ്ദേഹത്തിന് കരാട്ടെ ബ്ലാക്ക് ബെൽറ്റുണ്ട്.

അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് കരാട്ടെയിലൂടെ ആയോധനകലാ രംഗത്തെത്തുന്നത്. പിന്നീട് ബോക്സിംഗിൽ ആകൃഷ്ടനായി. കിക്ക് ചെയ്യാനുള്ള അസാധാരണമായ കഴിവ് തിരിച്ചറിഞ്ഞ പരിശീലകൻ വുഷു പരിചയപ്പെടുത്തി. അനീഷ് തൃശൂർ, ജോഷി തിരുവനന്തപുരം എന്നിവരുടെ ശിക്ഷണത്തിൽ ചിട്ടയാർന്ന പരിശീലനത്തിലൂടെ ചുവടുകൾ ഉറപ്പിച്ചെടുത്തു. ശേഷം തൃശൂർ സ്പോർട്സ് കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കുകയും നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

രാജ്യത്തിൻറെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച അരങ്ങുകളിലെല്ലാം വിജയം കൊയ്ത അനിയൻ മിഥുന്  ഇന്ത്യൻ ടീമിലേക്കുള്ള വഴി അനായാസമാക്കി. ജമ്മു കശ്മീരിലെ പത്തോളം പേരടങ്ങുന്ന ഇന്ത്യൻ ക്യാമ്പിലേയ്ക്ക് ആദ്യ ദക്ഷിണേന്ത്യൻ താരമായി. അർജുന അവാർഡ് ജേതാവും ഇന്ത്യൻ വുഷു ചീഫ് കോച്ചുമായ കുൽദീപ് ഹണ്ടുവിന്റെ കീഴിൽ ലോകോത്തര വേദികളിലേയ്ക്ക് കാലെടുത്ത് വയ്കക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ചെറുപ്പക്കാരൻ.

കിക്ക്‌ ബോക്സിംഗിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള മിഥുൻ ജന്മനാട്ടിൽ എഴുപതോളം വരുന്ന വിദ്യാർത്ഥികൾക്ക് വുഷു പരിശീലനവും നൽകുന്നു. കൂടാതെ സിനിമ താരങ്ങളായ ദൃശ്യ രഘുനാഥ്‌, അമിത് ചക്കാലയ്ക്കൽ, റോഷൻ കാസിം, ഷഫ്ന നിസാം, റോഷൻ ബഷീർ  തുടങ്ങിയവർക്ക് ഫിറ്റ്നസ് ട്രെയിനിംഗ്, ആയോധനകല അഭ്യാസം എന്നിവ പരിശീലിപ്പിക്കുന്നു. സംസ്ഥാന തലങ്ങളിലുള്ള വുഷു മത്സരങ്ങൾ നിയന്ത്രിക്കാനുള്ള അധികാരം സാക്ഷ്യപ്പെടുത്തിയിട്ടുള്ള അംഗീകൃത കോച്ച് എന്ന നിലയിലും മിഥുൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്നും മൾട്ടി മീഡിയയിൽ ബിരുദം സ്വന്തമാക്കി മുഴുവൻ സമയ പരിശീലനത്തിലേയ്ക്ക് നീങ്ങിയപ്പോൾ സാമ്പത്തികമായി ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടിരുന്ന മിഥുന് താങ്ങായി നിന്നത് തന്റെ പരിശീലനം ലഭിച്ച സിനിമാ സുഹൃത്തുക്കളും തൃശൂ‌‌ർ അസ്ഥാനമായി പ്രവർത്തിക്കുന്ന വൈ നോട്ട് എന്ന ഐ ടി കമ്പനിയുമാണ്. ജീവിതത്തിന്റെ സുഗമമായ സഞ്ചാരത്തിന് കോട്ടം തട്ടുമ്പോഴെല്ലാം ലക്ഷ്യത്തിലേക്കുള്ള ശരിയായ ദിശാബോധവും നിശ്ചയദാർഢ്യവുമാണ് നായരുശ്ശേരി മോഹൻ പൊന്നമ്മ ദമ്പതികളുടെ മകനായ മിഥുനെ മുമ്പോട്ട് നയിക്കുന്നത്. സ്വകാര്യ ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റായ ഗോപിക സഹോദരിയാണ്.

വുഷു  അത്ര എളുപ്പമല്ല !!

ചൈനീസ് ആയോധനകലയായ വുഷു രണ്ട് ചൈനീസ് പദങ്ങളുടെ സംയോജനത്തിൽ നിന്ന് രൂപംകൊണ്ടതാണ്. വുഷു അഥവാ ചൈനീസ് കുംഗ്‌ഫു കഠിനവും മൃദുവും സമ്പൂർണവുമായ ആയോധനകലയാണ്. മുഷ്ടി ഉപയോഗിച്ചും കാൽ കൊണ്ട് തൊഴിച്ചും എതിരാളിയെ വീഴ്ത്തുന്ന രീതിയാണ് ഇതിൽ അവലംബിച്ചിട്ടുള്ളത്.

കൂടാതെ ഒരു സമ്പൂർണ കോൺ‌ടാക്റ്റ് കായിക വിനോദവുമായി ഇതിനെ കണക്കാക്കപ്പെടുന്നു. നിരവധി ശൈലികളാൽ  അവതരിപ്പിക്കപ്പെടുന്ന ഈ കലയിൽ നഗ്നമായ കൈകൾ ഉപയോഗിച്ചും, വാൾ, കുന്തം, ഗാഡ്‌ജെറ്റ് എന്നിവയും ആയുധങ്ങളായി ഉപയോഗിക്കുന്നുണ്ട്. രണ്ടോ അതിലധികമോ വ്യക്തികൾ ചേർന്നാണ് വുഷു കളിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home