പ്രമുഖ ഫോക്‌ലോർ ഗവേഷകൻ ഡോ. എം വി വിഷ്ണു നമ്പൂതിരി അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 09, 2019, 01:25 PM | 0 min read

പയ്യന്നൂര്‍ > അദ്ധ്യാപകന്‍, നാടന്‍ കലാഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ്, ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പയ്യന്നൂര്‍ കുന്നരുവിലെ ഡോ. എം വി വിഷ്ണു നമ്പൂതിരി (80) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ ഒന്‍പത് മണിക്ക് കുന്നരുവിലെ വീട്ടുവളപ്പില്‍ നടക്കും. കോളേജ് -ഹൈസ്‌കൂള്‍ തലങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്‌തിരുന്ന അദ്ദേഹം രാമന്തളി ഹൈസ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. അതിന് ശേഷം എഴുത്തും വായനയും പഠനങ്ങളുമായി കഴിയുകയായിരുന്നു.

ഫോക്‌ലോര്‍ രംഗത്ത് അറുപതിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കേരളത്തിലെ നാടോടിവിജ്ഞാനീയത്തിന് ഒരു മുഖവുര, ഫോക് ലോര്‍ നിഘണ്ടു, നാടോടി വിജ്ഞാനീയം, വടക്കന്‍ പാട്ടുകള്‍ - ഒരു പഠനം, നമ്പൂതിരിഭാഷാ ശബ്ദകോശം, ഉത്തരകേരളത്തിലെ തോറ്റം പാട്ടുകള്‍, ഫോക് ലോര്‍ ചിന്തകള്‍, മലയാളത്തിലെ നാടന്‍പാട്ടുകള്‍, പുരാവൃത്ത പഠനം തുടങ്ങിയവയാണ് ശ്രദ്ധേയമായ പുസ്തകങ്ങള്‍.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ മാസങ്ങളായി ചികിത്സയിലായിരുന്നു. കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, കേരള ഫോക്ലോര്‍ അക്കാദമിയുടെ പ്രഥമ അവാര്‍ഡ്, കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്, സംസ്ഥാന ജൈവ വൈവിധ്യ പുരസ്‌ക്കാരം, അബുദാബി ശക്തി അവാര്‍ഡ്, കേരള ലളിതകലാ അക്കാദമി പുരസ്‌ക്കാരം, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് തുടങ്ങിനിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ: സുവര്‍ണ്ണിനി. മക്കൾ: സുബ്രഹ്മണ്യന്‍, ഡോ. ലളിതാംബിക, മുരളീധരന്‍. മരുമക്കള്‍: എം ഗീത, എന്‍ എം അനില്‍കുമാര്‍, കെ ശ്രീജ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home