നാടാകെ ക്രിസ്മസ് തിമിര്‍പ്പില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 22, 2015, 06:49 PM | 0 min read

  തൃശൂര്‍ > നാടാകെ ക്രിസ്മസ് ആഘോഷലഹരിയിലായി. കാഴ്ചയില്‍ കുട്ടികളുടെ പൂപ്പുഞ്ചിരിപോലെ നക്ഷത്രവിളക്കുകള്‍ ആഹ്ളാദം പകരുന്നു. വര്‍ണാലംകൃതമായ ക്രിസ്മസ് ട്രീകളുടെ ഹരിതഭംഗികളും ദൃശ്യസമൃദ്ധം.  സമ്മാനങ്ങളുമായി സാന്തമാരും പര്യടനം തുടങ്ങിക്കഴിഞ്ഞു. ക്രിസ്മസ് ആഘോഷങ്ങളില്‍ അനിവാര്യമായ സാന്നിധ്യമാണ് ക്രിസ്മസ് ട്രീയും സാന്താക്ളോസും. ക്രിസ്മസ് ആഘോഷരാവുകളുടെ വരവറിയിക്കാന്‍  ദേവാലയങ്ങളിലും വീടുകളിലും പാതയോരങ്ങളിലും അലങ്കരിച്ച ക്രിസ്മസ് ട്രീകള്‍ക്കൊപ്പം നക്ഷത്രവിളക്കുകള്‍ കണ്‍ചിന്നുമ്പോള്‍ ക്രിസ്മസ് സന്ധ്യയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സമ്മാനങ്ങളുമായി സാന്താക്ളോസുമാര്‍ പര്യടനം നടത്തും. 

പതിനഞ്ചാം നൂറ്റാണ്ടില്‍ ജര്‍മനിയിലാണ് ക്രിസ്മസ് ട്രീ എന്ന ആശയം രൂപംകൊള്ളുന്നത്. കാറ്റാടി, ദേവദാരു, പൈന്‍ എന്നിവയുടെ ശിഖരങ്ങള്‍ വെട്ടി സ്വരുക്കൂട്ടി ചുറ്റും നൃത്തം വയ്ക്കലായിരുന്നു ആദ്യകാലത്ത് ചെയ്തിരുന്നത്. കാലക്രമേണ ഈ വൃക്ഷശിഖരങ്ങളില്‍ സമ്മാനങ്ങളും വര്‍ണനക്ഷത്രങ്ങളും പന്തുകളും വിളക്കുകളും കടന്നുവന്നു.  അലങ്കരിച്ച ക്രിസ്മസ് ട്രീകളായി. ഇന്ന് ട്രീയൊരുക്കല്‍ പലയിടത്തും മത്സരാധിഷ്ഠിതമാണ്. അലങ്കരിച്ച റെഡിമെയ്ഡ് ക്രിസ്മസ് ട്രീ ഇപ്പോള്‍ കച്ചവടകേന്ദ്രങ്ങളില്‍ സുലഭം. തെരുവോരങ്ങളില്‍നിന്ന് വീടിന്റെ കിടപ്പുമുറിവരെ അവ സ്ഥാനം പിടിക്കാനും തുടങ്ങി.
ക്രിസ്മസുമായി ബന്ധപ്പെട്ട് പാശ്ചാത്യ ഐതിഹ്യമാണ് സാന്താക്ളോസ്. അമേരിക്കയിലെ മഞ്ഞണിഞ്ഞ മലനിരകളില്‍ സെന്റ് നിക്കോളാസ്, ക്രിസ്മസ് ഫാദര്‍, ക്രിസ്മസ് അങ്കിള്‍ തുടങ്ങിയ നാമങ്ങളില്‍ അറിയപ്പെടുന്ന ആളായാണ് സാന്താക്ളോസിനെ കണക്കാക്കുന്നത്. ക്രിസ്മസ് സന്ധ്യയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സമ്മാനങ്ങളുമായെത്തുന്ന സാന്ത, വെള്ളത്താടിയും തൊപ്പിയും കണ്ണടയും ഷൂസും ധരിച്ച് ബിഷപ്പിനു സമാനമായ വസ്ത്രധാരണത്തോടെയാണ് കടന്നുവരിക. മലയാളികള്‍ ക്രിസ്മസ് പപ്പ, പപ്പാഞ്ഞി എന്നപേരിലും വിളിക്കും. എന്തും കച്ചവടകേന്ദ്രീകൃതമാവുന്ന കാലത്ത് ആടുന്നതും പാടുന്നതുമായ സാന്തമാര്‍ വില്‍പ്പനയുടെ ഭാഗമായി മാളുകളില്‍ ശ്രദ്ധാകേന്ദ്രമായി മാറുന്നു.   
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്രിസ്മസ് ട്രീകള്‍ ഉയരുന്നുണ്ട്. സമ്മാനങ്ങളും മിഠായികളുമായി സാന്തമാര്‍ ക്ളാസ്മുറികള്‍ കയറിയിറങ്ങുമ്പോള്‍, സാഹോദര്യത്തിന്റെ  സന്ദേശമാണ് കുട്ടികളില്‍ പകരുന്നത്. കേക്കുമുറിക്കലും സമ്മാനം കൈമാറലുമായി വീടുകളിലും സ്ഥാപനങ്ങളിലും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം പടരുകയാണ്. 
കലാലയങ്ങള്‍ക്ക് അവധിയായതോടെ ആഘോഷത്തിന്റെ ഭാഗമായി മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കും നഗരത്തില്‍ അവിരാമം തുടരുകയാണ്. 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home