ad
Deshabhimani

തുടരും അഞ്ചൽ സ‌്കൂളിന്റെ വിജയഗാഥ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 19, 2019, 06:44 PM | 0 min read

അഞ്ചൽ
എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ വിജയത്തിലെത്തിച്ച‌് ചരിത്രം കുറിച്ച‌് അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ‌്കൂൾ. പ്ലസ് ടു പരീക്ഷയിലും മികച്ച വിജയം നേടി സ‌്കൂൾ നേട്ടം ആവർത്തിച്ചു. എസ്എസ്എൽസി വിജയത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയാണ‌് സ‌്കൂളിന്റെ ചരിത്രനേട്ടം. പരീക്ഷ എഴുതിയ 536 വിദ്യാർഥികളിൽ 533 പേരെ വിജയിപ്പിച്ചാണ‌് എസ‌്എസ‌്എൽസിയിലെ മിന്നുംവിജയം. ഇതിൽ 108 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 
പ്ലസ്ടുവിൽ 121 വിദ്യാർഥികളിൽ 117 പേർ വിജയിച്ചു. 16 പേർ എല്ലാ വിഷയത്തിനും എപ്ലസ് നേടി. സയൻസിൽ എം മാളവിക1200ൽ 1197മാർക്ക് നേടി ജില്ലയിൽ രണ്ടാം സ്ഥാനത്തെത്തി. കൂട്ടായ പ്രയത്നത്തിലാണ‌് അഞ്ചൽ വെസ്റ്റ‌് ജിഎച്ച‌്എസ‌്എസിന്റെ  അഭിമാന വിജയം. ഒരുകാലത്ത‌് ഏറ്റവും മോശം സ‌്കൂൾ എന്ന‌ അവസ്ഥയിൽനിന്ന‌് ഇന്ന‌് പ്രവേശനം നേടാനുള്ള തിരക്കിലേക്ക‌് അഞ്ചൽ ജിഎച്ച‌്എസ‌്എസ‌് മാറി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒരുമിച്ചുള്ള പ്രവർത്തനമാണ‌് സ‌്കൂളിനെ മികവിലേക്ക‌് നയിച്ചത‌്. പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ ക്ക‌് പ്രത്യേക ട്യൂഷൻ നൽകിയും അധ്യാപകർ വീടുകളിലെത്തി  ക്ലാസെടുത്തും  തീവ്രപരിശീലനം സംഘടിപ്പിച്ചത‌്  നേട്ടമായി. വർഷങ്ങളായി ജില്ലയിൽ മികച്ച വിജയം നേടുന്ന സ‌്കൂൾ പാഠ്യേതര പ്രവർത്തനത്തിലും മുന്നിലാണ്. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിൽ സംസ്ഥാന തലത്തിൽ സ‌്കൂൾ ഒന്നാം സ്ഥാനം നേടിയിരുന്നു. 
വർഷങ്ങളായി തുടരുന്ന മിന്നും വിജയം ആഘോഷിക്കുന്നതിനൊപ്പം മികവിന്റെ കേന്ദ്രമാകാനുള്ള ഒരുക്കത്തിലാണ‌് അഞ്ചൽ  ജിഎച്ച‌്എസ‌്എസ‌്. സംസ്ഥാന സർക്കാരിന്റെ പൊതുവിഭ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക‌് സ‌്കൂളിനെ ഉയർത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ‌്. ഇതിനായി സർക്കാർ മൂന്ന‌ുകോടി അനുവദിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ആധുനിക പഠനസൗകര്യമാണ‌് സ‌്കൂളിൽ ഒരുങ്ങുന്നത‌്. 
പൂർവ വിദ്യാർഥികളുടെ സഹായത്തോടെ ആധുനിക രീതിയിലുള്ള കളിസ്ഥലത്തിന്റെ നിർമാണവും ആരംഭിച്ചു. കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് സ‌്കൂളിന്റെ വിജയമെന്നും കൂടുതൽ മുന്നോട്ട‌ുപോകാനാണ‌് ശ്രമമെന്നും പിടിഎ പ്രസിഡന്റ് കെ ബാബു പണിക്കർ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home