തലയെടുപ്പോടെ നിൽക്കുന്നു, അഞ്ചൽ സർക്കാർ സ്‌കൂളുകൾ

അഞ്ചൽ > മികവുറ്റ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിന്റെ വഴികളിൽ സംസ്ഥാനസർക്കാർ പകരുന്ന വികസന പ്രഭ മലയോര കാർഷികഗ്രാമങ്ങളിലെ പൊതുവിദ്യാലയങ്ങൾക്ക് നൽകുന്നത് പത്തരമാറ്റ്. സർക്കാർ സ്കൂളിൽ മക്കളെ പഠിപ്പിക്കുന്നത് അന്തസിനു ചേർന്നതല്ലായെന്നു കരുതിയിരുന്ന രക്ഷകർത്താക്കൾ തീരുമാനം മാറ്റിയതിനുപിന്നിൽ മറ്റൊരു കാരണം ഇല്ല. സ്വകാര്യസ്കൂളുകളെ വെല്ലുന്ന അടിസ്ഥാന സൗകര്യങ്ങൾ എത്തിയതാണ് സർക്കാർ സ്കൂളിൽ മക്കളെ പഠിപ്പിക്കുന്നത് അഭിമാനമായി കാണുന്നത്. കാർഷിക സമൃദ്ധിക്കൊപ്പം വിദ്യാഭ്യാസ സമൃദ്ധിയിലും ഇതോടെ അഞ്ചൽ മുന്നിലെത്തും. പട്ടണ സംസ്കാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന അഞ്ചലിൽ വിദ്യ തേടിയെത്തുന്നത് പതിനായിരങ്ങളാണ്. ഇടമുളയ്ക്കൽ, കരവാളൂർ,ഏരൂർ ,അലയമൺ ,കുളത്തൂപ്പുഴ എന്നി പഞ്ചായത്തുകളുടെ പ്രധാന കേന്ദ്രമാണ് അഞ്ചൽ.
നൂറ്റിപന്ത്രണ്ട് വർഷം പഴക്കമുള്ള അഞ്ചൽ ഈസ്റ്റ് ഗവൺമെന്റ് വിഎച്ച്എസ്എസ് ആൻഡ് എച്ച്എസ്എസ് അന്താരാഷ്ട്ര നിലവാരത്തിൽ മാറുമ്പോൾ പുനലൂർ മണ്ഡലത്തിലെ ഏക ഇന്റർനാഷണൽ സ്കൂളായി വിദ്യാലയമുത്തശ്ശി മാറും. അഞ്ചാം ക്ലാസ് മുതൽ ഹയർസെക്കൻഡറി വരെയുള്ള ക്ലാസ് നടത്തുന്ന സ്കൂളിൽ പത്ത് കോടിരൂപയുടെ വികസന പ്രവർത്തനമാണ് നടത്തുന്നത്. ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയത്തിന്റെ നിർമാണം ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്നതിന് കിറ്റ്കോ കരാർ ഏറ്റെടുത്തു. ഇതിനോടൊപ്പം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമാണം തുടങ്ങിയ സ്റ്റേഡിയം കായിക പരിശീലനത്തിന് ഉപയോഗിക്കാൻ കഴിയും.
ഒരുകാലത്ത് ചന്തയ്ക്കു സമീപമുള്ള സ്കൂളായിരുന്നതിനാൽ അഞ്ചൽ വെസ്റ്റ് സ്കൂളിനെ ചന്ത പള്ളിക്കൂടമെന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ മക്കളെ പഠിപ്പിക്കുന്നതു നാണക്കേടായി രക്ഷാകർത്താക്കൾ കണ്ടിരുന്നു. എന്നാൽ ജനപ്രതിനിധികളുടെയും സ്കൂൾ പിടിഎയുടെയും അർപ്പണ ബോധമുള്ള ഒരുസംഘം അധ്യാപകരുടെയും പ്രയത്നത്തിലൂടെയും സ്കൂൾ മികവിന്റെ കേന്ദ്രമായി മാറി. എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം തുടർച്ചയായി നേടിയാണ് മികച്ച സ്കൂൾ എന്ന പേര് ലഭിച്ചത്. ഉന്നത വിദ്യാഭ്യാസ വികസനത്തിനായി മൂന്ന്കോടിയാണ് അനുവദിച്ചത്. ഇതോടൊപ്പം വികസന സമിതി അധിക വിഭവ സമാഹരണത്തിലൂടെയും പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തോടെ മറ്റ് നിർമാണങ്ങൾ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ.് ഹൈടെക് ക്ലാസ് മുറികൾ, അന്തർ ദേശിയ നിലവാരത്തിലുള്ള കളിസ്ഥലം ,ട്രാക്കുകൾ,മൾട്ടി മീഡിയ റും,ഡൈനിങ് ഹാൾ,അസംബ്ലിഹാൾ, ആധുനികരീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ജൈവ വൈവിധ്യ പാർക്ക്, ഭാഷാഗണിത ലാബുകൾ, ഗ്യാലറികൾആധുനീകരിക്കപ്പെട്ട ശാസ്ത്ര ലാബുകൾ,നവീകരിച്ച ലൈബ്രറി, സാമൂഹ്യ ശാസ്ത്ര മ്യൂസിയം എന്നിവയാണ് നടപ്പാക്കുന്നത്.
ഏരൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മികവിന്റെ കേന്ദ്രമാക്കാൻ മൂന്നുകോടിരൂപയാണ് സർക്കാർ നൽകുന്നത.് ഇതോടൊപ്പം ഒരുകോടി രൂപ പിടിഎ സമാഹരിച്ച് അക്കാഡമിക് പ്രവർത്തനങ്ങൾ ഏറ്റെടുക്കും.
1852ൽ സ്ഥാപിതമായ സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ രണ്ടായിരത്തിൽ പരം കുട്ടികളാണ് പഠിക്കുന്നത.് നാലു കോടി ആധുനിക രീതിയിലുള്ളകെട്ടിടസമുച്ചയം, ക്ലാസ് റൂമുകൾ ഹൈടെക്കാക്കുന്നതിനായി പ്രോജകടർ,ലാപ് ടോപ്, സ്ക്രീൻ എന്നിവ ഉൾപ്പെടും. ഇതോടെപ്പം ജില്ലാ പഞ്ചായത്ത് മനോഹരമായ കവാടം, ചുറ്റുമതിൽ എന്നിവ നിർമിക്കും. ബാസ്ക്കറ്റ് ബോൾ ടീംരൂപീകരിക്കുന്നതിനായി പരിശീലനം നൽകും.










0 comments