ഇനി കടലിലും കൂടുമത്സ്യക്കൃഷി

കൊച്ചി > കടലില്‍നിന്നുള്ള മത്സ്യലഭ്യത കുറയുന്ന സാഹചര്യത്തില്‍ സമുദ്ര കൂടുകൃഷിയിലൂടെ മത്സ്യോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് സാങ്കേതികവിദ്യ പരിചയപ്പെടുത്താനുള്ള ആദ്യഘട്ട പരിശീലന പരിപാടി സിഎംഎഫ്ആര്‍ഐയില്‍ ആരംഭിച്ചു. രാജ്യത്താകെ 5000 മത്സ്യത്തൊഴിലാളികളെയാണ് പരിശീലിപ്പിക്കുന്നത്. നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡ് ഒരുകോടിയോളം രൂപ ധനസഹായം നല്‍കും. കേരളത്തില്‍ 1000 മത്സ്യത്തൊഴിലാളികള്‍ക്കാണ് പരിശീലനം നല്‍കുക. മാരികള്‍ചര്‍ വിഭാഗമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ് പരിശീലനം ഉദ്ഘാടനംചെയ്തു. സിഎംഎഫ്ആര്‍ഐയുടെ സാങ്കേതിക പിന്തുണയോടെ സംസ്ഥാനത്തെ കടല്‍തീരങ്ങളില്‍ കൂടുമത്സ്യക്കൃഷി വ്യാപിപ്പിക്കാന്‍ ഫിഷറീസ് വകുപ്പ് പദ്ധതി ആവിഷ്കരിച്ചതായി അദ്ദേഹം പറഞ്ഞു. 82 ലക്ഷം രൂപ ചെലവില്‍ 10 കൂടുവീതം ഉള്‍ക്കൊള്ളുന്ന നാല് കൂടുകൃഷി യൂണിറ്റുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ 75 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ബാക്കി ഏഴുലക്ഷം രൂപ കൂടുകൃഷി ചെയ്യുന്ന മത്സ്യത്തൊഴിലാളിസംഘങ്ങള്‍ കണ്ടെത്തുന്ന തരത്തിലാണ് പദ്ധതി.
ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. കൂടുകൃഷിക്ക്് ആവശ്യമായ മത്സ്യക്കുഞ്ഞുങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ ഒമ്പതുകോടി രൂപ ചെലവില്‍ ദേശീയ വിത്തുമത്സ്യബാങ്ക് സിഎംഎഫ്ആര്‍ഐ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാരികള്‍ചര്‍ വിഭാഗം മേധാവി ഡോ. ഇമല്‍ഡ ജോസഫ്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ബോബി ഇഗ്നേഷ്യസ് എന്നിവര്‍ സംസാരിച്ചു.
എറണാകുളം, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ 50 മത്സ്യത്തൊഴിലാളികളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. മോത, കാളാഞ്ചി, കലവ, ചെമ്പല്ലി, കണമ്പ്, കൊഞ്ച്, കരിമീന്‍ എന്നീ മത്സ്യങ്ങളാണ് കൃഷിക്കായി ഉപയോഗിക്കുക. കടല്‍വെള്ളത്തിന്റെ ഒഴുക്ക്, ആഴം, മലിനീകരണ സാധ്യത തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ച് കൂടുകൃഷി ചെയ്യുന്നതിനുള്ള സ്ഥലനിര്‍ണയം സിഎംഎഫ്ആര്‍ഐ നടത്തുന്നുണ്ട്.









0 comments