ജിഎസ‌്ടിക്കായി ഉയർത്തിയ വാദം കേന്ദ്രം തന്നെ തള്ളി: പ്രഭാത‌് പട‌്നായിക‌്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 18, 2019, 07:40 PM | 0 min read

കൊച്ചി
ജിഎസ‌്ടി ഏർപ്പെടുത്തുന്നതിന‌് ന്യായീകരണമായി കേന്ദ്രസർക്കാർ പറഞ്ഞിരുന്ന വാദങ്ങളെ അവർതന്നെ  തള്ളിക്കളഞ്ഞതായി വിഖ്യാത സാമ്പത്തിക ശാസ‌്ത്രജ്ഞൻ ഡോ. പ്രഭാത‌് പട‌്നായിക‌്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന‌് അധികനികുതി ചുമത്തണമെന്ന കേരളത്തിന്റെ ആവശ്യം ജിഎസ‌്ടി കൗൺസിൽ തള്ളിയത‌് ഇതിന‌് തെളിവാണ‌്. കേരളത്തിൽനിന്നുമാത്രം നികുതി ഈടാക്കാനാണ‌് കൗൺസിൽ നിർദേശിച്ചത‌്. ഇത‌് ജിഎസ‌്ടിയുടെ പേരിൽ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച സഹകരണ ഫെഡറലിസത്തിന‌് എതിരാണ‌്. ‘ജിഎസ‌്ടിയും ഇന്ത്യൻ ഫെഡറലിസവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊച്ചി ശാസ‌്ത്രസാങ്കേതിക സർവകലാശാല സെന്റർ ഫോർ ബജറ്റ‌് സ‌്റ്റഡീസ‌ാണ‌് പ്രഭാഷണം സംഘടിപ്പിച്ചത‌്.

ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്ത സമ്പദ‌്‌വ്യവസ്ഥയുള്ള അമേരിക്കയിൽ ജിഎസ‌്ടിയില്ല. അവിടെ ഓരോ സംസ്ഥാനത്തിനും വ്യത്യസ‌്ത നികുതിഘടനയാണ‌്. ഫെഡറലിസത്തിന‌് അമേരിക്ക നൽകുന്ന പ്രാധാന്യമാണ‌് ഇതിൽനിന്ന‌് വ്യക്തമാകുന്നത‌്. എന്നാൽ, ഇന്ത്യയിൽ സ്ഥിതി വ്യത്യസ‌്തമാണ‌്. ഭരണഘടനാപരമായ അവകാശങ്ങളെപ്പോലും ഇല്ലാതാക്കുന്ന തരത്തിലാണ‌് ഇവിടെ ജിഎസ‌്ടി നടപ്പാക്കുന്നത‌്. നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കുന്നു. ഇതുമായി ബന്ധപ്പെട്ട എന്തു നടപടിക്കും ജിഎസ‌്ടി കൗൺസിലിനെ സമീപിക്കേണ്ടിവരുന്നു. ഇത്തരം നടപടികൾ ഭരണഘടനാവിരുദ്ധമാണ‌്.

നവ ഉദാരവൽക്കരണത്തിന്റെ ഫലമായി ഉണ്ടാകുന്ന ജിഎസ‌്ടിപോലുള്ള നയങ്ങൾ കുത്തകകളെ വളർത്താനും സമ്പത്ത‌്, രാഷ‌്ട്രീയാധികാരം എന്നിവ കേന്ദ്രീകരിക്കാനും കാരണമാകും. രാജ്യത്തെ ചെറുകിട ഉൽപ്പാദനമേഖല പൂർണമായും തകരുന്ന അവസ്ഥ വരും. ഇപ്പോൾ  ചെറുകിട ഉൽപ്പാദകർക്കുമേൽ നികുതിസമ്മർദമുണ്ട‌്. മുൻകാലങ്ങളിൽ നികുതിമുക്തമായിരുന്ന മേഖലകൾപോലും ഇപ്പോൾ ഭീഷണിയിലാണ‌്. ഗുരുതരമായ സ്ഥിതിവിശേഷമാണ‌് ഇന്ത്യയെ കാത്തിരിക്കുന്നതെന്ന‌ും ഡോ. പ്രഭാത‌് പട‌്നായിക‌് പറഞ്ഞു. പ്രൊഫ. എം കെ സുകുമാരൻനായർ, പ്രൊഫ. കെ കെ ജോർജ‌് എന്നിവരും സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home