പൊതു തെരഞ്ഞെടുപ്പ്‌: സ്ഥാനാർഥികളുടെ ക്രിമിനൽ പശ്‌ചാത്തലം പരസ്യപ്പെടുത്തണം : സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 14, 2020, 12:56 AM | 0 min read


എം അഖിൽ
ന്യൂഡൽഹി
 കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്ന സ്ഥാനാർഥികളുടെ ക്രിമിനൽ പശ്‌ചാത്തലം രാഷ്‌ട്രീയ പാർട്ടികൾ  നിർബന്ധമായും പരസ്യപ്പെടുത്തണമെന്ന്‌ സുപ്രീംകോടതി.  സ്ഥാനാർഥികളെ നിശ്‌ചയിച്ച്‌ 48 മണിക്കൂറിനുള്ളിലോ നാമനിർദേശപത്രിക സമർപ്പണം ആരംഭിക്കുന്ന തീയതിക്ക്‌ രണ്ടാഴ്‌ച മുമ്പോ (ഏതാണോ ആദ്യം) മുഴുവൻ ക്രിമിനൽ പശ്ചാത്തലവും പരസ്യപ്പെടുത്തണമെന്ന്‌ ജസ്‌റ്റിസ്‌ ആർ എഫ്‌ നരിമാൻ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ ഉത്തരവിട്ടു.

രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയുന്നതിന്‌ പബ്ലിക്ക്‌ ഇന്ററസ്‌റ്റ്‌ ഫൗണ്ടേഷൻ കേസിൽ (2019) സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. സ്ഥാനാർഥികളുടെ ക്രിമിനൽപശ്ചാത്തലത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നാമനിർദേശപത്രികയിൽ രേഖപ്പെടുത്തണമെന്നും പ്രചാരമുള്ള ദിനപത്രങ്ങളിൽ പരസ്യപ്പെടുത്തണമെന്നുമായിരുന്നു നിർദേശം. ഒരു പ്രാദേശികദിനപത്രം, ഒരു ദേശീയദിനപത്രം, പാർടിയുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌, ട്വിറ്റർ അക്കൗണ്ടുകൾ എന്നിവയിലാണ്‌ പരസ്യം നൽകേണ്ടത്‌.  ഇത്‌ നടപ്പാക്കുന്നതിൽ  തെരഞ്ഞെടുപ്പ്‌ കമീഷൻ പരാജയപ്പെട്ടെന്നു കാണിച്ച്‌ സമർപ്പിച്ച ഹർജികൾ തീർപ്പാക്കിയാണ്‌  ഉത്തരവ്‌. 2004ൽ 24 ശതമാനം എംപിമാർക്കെതിരെ ക്രിമിനൽ കേസുണ്ടായിരുന്നത്‌ 2009ൽ 30 ശതമാനവും 2014ൽ 34 ഉം 2019ൽ 43 ഉം ആയി ഉയർന്നു.

ഇവ പരസ്യത്തിൽ ഉണ്ടാകണം
കേസ്‌നമ്പർ, കുറ്റകൃത്യത്തിന്റെ സ്വഭാവം, കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടോ, വിചാരണ ഏത്‌ ഘട്ടത്തിലാണ്‌,  ഏത്‌ കോടതി  തുടങ്ങിയ വിശദാംശങ്ങൾ.
ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥിയെ എന്ത്‌ കാരണംകൊണ്ട്‌ മത്സരിപ്പിക്കുന്നു. ക്രിമിനൽ പശ്ചാത്തലമില്ലാത്ത സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ പറ്റാതിരുന്നത്‌ എന്തുകൊണ്ട്‌.

മാനദണ്ഡം യോഗ്യതയാകണം
യോഗ്യതയുടെയും  നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാകണം രാഷ്ട്രീയപാർടികൾ സ്ഥാനാർഥികളെ തെരഞ്ഞെടുക്കേണ്ടതെന്ന്‌ കോടതി നിരീക്ഷിച്ചു. എന്ത്‌ യോഗ്യതയിലാണ്‌ സ്ഥാനാർഥിയെ തെരഞ്ഞെടുത്തതെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തണം. വിജയസാധ്യത പരിഗണിച്ചുമാത്രം ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർഥിയാക്കരുത്‌.

തെരഞ്ഞെടുപ്പ്‌ കമീഷൻ ഉറപ്പാക്കണം
ക്രിമിനൽപശ്ചാത്തലം പരസ്യപ്പെടുത്തിയെന്ന്‌ അറിയിച്ച്‌ പാർടികൾ തെരഞ്ഞെടുപ്പ്‌ കമീഷന്‌ 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട്‌ സമർപ്പിക്കണം. ഉത്തരവ്‌ നടപ്പാക്കാത്ത പാർടികൾക്കെതിരെ കോടതിയലക്ഷ്യനടപടികൾ സ്വീകരിക്കുമെന്നും മൂന്നംഗ ബെഞ്ച്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home