തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍@60 : ഘടത്തില്‍ ശ്രുതിചേര്‍ത്ത സംഗീതയാത്രയ്ക്ക് 50 വയസ്സ്

തൃപ്പൂണിത്തുറ > ഘടം എന്ന വാദ്യോപകരണവുമായി ലോകവേദികള്‍ കീഴടക്കിയ തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ അറുപതിന്റെ നിറവില്‍. ഘടമൊന്നിച്ചുള്ള രാധാകൃഷ്ണന്റെ പ്രയാണത്തിന്റെ സുവര്‍ണജൂബിലി വര്‍ഷവുമാണിത്.
സംഗീതലോകത്ത് ആച്ചാസാമിയെന്നറിയപ്പെട്ടിരുന്ന മൃദംഗവിദ്വാന്‍ പൂണിത്തുറ വലിയ പറമ്പുമീത്തില്‍ ജി നാരായണസ്വാമിയുടെയും അലമേലു അമ്മാളിന്റെയും നാലു മക്കളില്‍ ഇളയവനാണ് രാധാകൃഷ്ണന്‍. നാലാം ക്ളാസ് വിദ്യാര്‍ഥിയായിരിക്കെ മരട് തുരുത്തി ക്ഷേത്രത്തില്‍ ബന്ധുവായ രാജനയ്യരുടെ കച്ചേരിക്ക് അച്ഛന്റെ മൃദംഗവാദനത്തിനൊപ്പം ഗഞ്ചിറ വായിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് നൃത്ത, നാടക, ഹരികഥ, വിലടിച്ചാന്‍ പാട്ട് എന്നിവക്കൊക്കെ അണിയറക്കാരനായിരുന്ന രാധാകൃഷ്ണന്റെ ഇഷ്ടം വളര്‍ന്നത് ഘടത്തിനൊപ്പമായിരുന്നു. വീട്ടില്‍ വെള്ളമെടുക്കുന്ന കുടം കമിഴ്ത്തിവച്ച് കൊട്ടിയാണ് രാധാകൃഷ്ണന്‍ തന്റെ ഘട പക്ഷം ഉറപ്പിച്ചത്. മകന്റെ ഇഷ്ടം തിരിച്ചറിഞ്ഞ ആച്ചാ സാമി ആലപ്പുഴ ഗോപിനാഥ പ്രഭുവില്‍നിന്ന് ഘടം വാങ്ങിനല്‍കി.
1976ല്‍ വളഞ്ഞമ്പലം ദേവീക്ഷേത്രത്തിലാണ് യേശുദാസിനെ പരിചയപ്പെട്ടത്. 1976 മാര്‍ച്ച് 31ന് ഫോര്‍ട്ട്കൊച്ചി അധികാരിവളപ്പിലെ കച്ചേരിക്ക് ഘടത്തില്‍ രാധാകൃഷ്ണനെ കൂട്ടിയ യേശുദാസ് തുടര്‍ന്നുള്ള നാലുപതിറ്റാണ്ടും ആ ബന്ധം പിരിയാതെ ഇന്നും തുടരുന്നു. ഓരോ കച്ചേരിക്കും പാത്രമറിഞ്ഞുള്ള നാദവിതരണത്തില്‍ രാധാകൃഷ്ണനുള്ള പ്രത്യേക പാടവം സംഗീത കുലപതികളായ ഡോ. ബാലമുരളീകൃഷ്ണ, ഡോ. ടി എന്‍ കൃഷ്ണന്‍,ഡോ. എല്‍ സുബ്രഹ്മണ്യം, ലാല്‍ഗുഡി ജയറാം, ലാല്‍ഗുഡി വിജയലക്ഷ്മി, സന്താനഗോപാലം, പി ഉണ്ണികൃഷ്ണന്‍, സഞ്ജയ് സുബ്രഹ്മണ്യം തുടങ്ങിയ മഹാനുഭാവന്മാരെല്ലാം ഇക്കാലത്തിനിടെ തിരിച്ചറിഞ്ഞു.
ഒരിക്കല്‍ യേശുദാസ് കച്ചേരിക്കായി ട്രിച്ചിയിലേക്കു പോകുമ്പോഴാണ് ശ്രുതിയിടുന്ന തംബുരു എടുക്കാന്‍ മറന്ന വിവരം അറിഞ്ഞത്. വേറൊന്ന് എത്തിക്കാനാവില്ലെന്നതിനാല്‍ എല്ലാവരിലും പിരിമുറക്കം. തംബുരുവില്ലെങ്കിലെന്ത് രാധാകൃഷ്ണന്‍ ഘടത്തില്‍ ശ്രുതിയിട്ടാല്‍ മതിയെന്ന് യേശുദാസ്. ഈ അംഗീകാരത്തോളം വരില്ല ഇതുവരെ ലഭിച്ച ഒരു അംഗീകാരവുമെന്ന് രാധാകൃഷ്ണന്‍.
പാകിസ്ഥാനും ന്യൂസിലന്‍ഡും ഒഴികെ എല്ലാ ലോകരാജ്യങ്ങളിലും ഇക്കാലത്തിനിടെ രാധാകൃഷ്ണന്‍ തന്റെ ഘടനാദം കേള്‍പ്പിച്ചിട്ടുണ്ട്. ഇഷ്ടതോഴന്‍ ഘടമാണെങ്കിലും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍നിന്ന് മൃദംഗത്തിലാണ് എംഎ ബിരുദം. അധ്യാപകനായി വിരമിച്ചതും ഇവിടെനിന്നുതന്നെ. ഡിസംബര്‍ മൂന്നിന് തൃപ്പൂണിത്തുറയില്‍ രാധാകൃഷ്ണണന്റെ ജീവിതയാത്രയുടെ 60-ാം വര്‍ഷവും സംഗീതയാത്രയുടെ 50 ആണ്ടും ലയോത്സവം എന്ന പേരില്‍ ആഘോഷിക്കും. കെ ജെ യേശുദാസ്, എം എ ബേബി, കെ ജി ജയന്‍, നെടുമങ്ങാട് ശിവാനന്ദന്‍, എം ജയചന്ദ്രന്‍, പി രാജീവ് തുടങ്ങിയവര്‍ പങ്കെടുക്കും.









0 comments