ad
Deshabhimani

സ‌്ത്രീകർഷക കൂട്ടായ‌്മയിൽ വിളഞ്ഞത‌് 20 ടൺ കടൽമുരിങ്ങ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 02, 2018, 06:56 PM | 0 min read

കൊച്ചി > പറവൂർ മൂത്തകുന്നത്തെ വിവിധ സ‌്ത്രീകർഷക കൂട്ടായ‌്മയിൽ പാകമായ കടൽമുരിങ്ങ, കല്ലുമ്മക്കായ കൃഷി നൂറുമേനി വിളവെടുത്തു. സിഎംഎഫ്ആർഐ നേതൃത്വത്തിൽ  40ഓളം സ്ത്രീകൾ നടത്തിയ കൃഷിയാണ‌് വിളവെടുത്തത‌്. 

അഞ്ചുമീറ്റർവീതം നീളവും വീതിയുമുള്ള മുളകൊണ്ടു നിർമിച്ച 13 കൃഷിയിടങ്ങളിൽ കഴിഞ്ഞ നവംബറിലാണ‌്  കടൽമുരിങ്ങ  കൃഷിയിറക്കിയത്. ഓരോ യൂണിറ്റിലും 250 ഓളം കയറുകളിൽ കൃഷിചെയ‌്തു.  ഒന്നര ടൺവരെ കടൽമുരിങ്ങ ഏഴു മാസത്തിനുശേഷം ഓരോ യൂണിറ്റിനും വിളവെടുക്കാനായി.  13 യൂണിറ്റുകളിലായി മൊത്തം 20 ഓളം ടൺ വിളവെടുത്തു.

അഞ്ചുമീറ്റർവീതം നീളവും വീതിയുമുള്ള മൂന്ന് കൃഷിയിടങ്ങളിലാണ് കല്ലുമ്മക്കായ വിത്ത് കൃഷിയിറക്കിയത്. ഓരോ യൂണിറ്റിലും 100 വീതം കയറുകളിൽ വിത്ത‌് നിക്ഷേപിച്ചു.  ഓരോ യൂണിറ്റിൽനിന്നും ഒന്നേകാൽ ടൺവീതം കല്ലുമ്മക്കായ വിളവെടുത്തു.
സിഎംഎഫ്ആർഐയിലെ മൊളസ്‌കൻ ഫിഷറീസ് ഡിവിഷൻ കൃഷിക്കാവശ്യമായ നിർദേശങ്ങൾ നൽകി.  പഞ്ചനക്ഷത്ര ഹോട്ടലുകളാണ് കടൽമുരിങ്ങയുടെയും കല്ലുമ്മക്കായയുടെയും പ്രധാന ഉപഭോക്താക്കൾ.

ശുദ്ധീകരിച്ച‌് തോടുകളഞ്ഞ  ഇറച്ചി സിഎംഎഫ്ആർഐയിലെ കാർഷിക സാങ്കേതികവിദ്യാ വിവര കേന്ദ്രത്തിൽ (ആറ്റിക്)നിന്ന‌് ആവശ്യക്കാർക്ക‌് വാങ്ങാം.  കടൽമുരിങ്ങ കിലോയ്ക്ക് 600 രൂപയും കല്ലുമ്മക്കായ 660 രൂപയുമാണ് വില. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10നും വൈകിട്ട് നാലിനും ഇടയിലാണ‌് വിൽപ്പനസമയം. ഫോൺ 0484 2394867.

തീറ്റ നൽകേണ്ടാത്തതിനാൽ കല്ലുമ്മക്കായ, കടൽമുരിങ്ങ കൃഷിക്ക‌് മത്സ്യകൃഷിയെക്കാൾ ചെലവു കുറവാണ‌്. മുളകൊണ്ടുള്ള കൃഷിയിടം ഒരുക്കാനും കൃഷിയിറക്കുന്ന കയറിനുമാണ‌് പണം മുടക്കേണ്ടത‌്.  കടൽമുരിങ്ങ കൃഷിക്കായി വിത്ത് പ്രത്യേകം ശേഖരിക്കേണ്ട. ഒരു യൂണിറ്റിൽ കല്ലുമ്മക്കായ കൃഷിചെയ്യാൻ  125 കിലോയോളം വിത്ത് വേണ്ടിവരും. സ്വാഭാവിക ഒഴുക്കുള്ള ഉപ്പുജലാശയങ്ങളിലാണ് കൃഷി ചെയ്യേണ്ടത്. അഴിമുഖങ്ങളോടു ചേർന്ന് നിൽക്കുന്ന സ്ഥലങ്ങൾ ഏറ്റവും ഉചിതം.  ഒമേഗ3 ഫാറ്റി ആസിഡും ധാതുലവണമായ സെലീനിയവും, സിങ്ക്, കാത്സ്യം, അയേൺ, ഫോസ‌്‌ഫറസ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ തുടങ്ങിയവയെല്ലാം അടങ്ങിയ പോഷകസമ്പന്നമായ ഭക്ഷ്യവസ‌്തുവാണ‌് കല്ലുമ്മക്കായും കടൽമുരിങ്ങയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home