ചലനത്തിന്റെ ചാരുതയില്‍ മലപ്പുലയാട്ടം

മറയൂര്‍ > ചിക്ക് വാദ്യത്തിന്റെ മാസ്മരിക താളത്തില്‍ മലപ്പുലയാട്ടത്തില്‍ ചുവടുവച്ച് കുടികളുണര്‍ന്നു. മലപ്പുലയവിഭാഗത്തിലുള്ള ആദിവാസി കോളനികളില്‍ പതഞ്ഞുയരുന്നത് ഉത്സവലഹരി.കുമ്മിട്ടാംകുടി കോളനിയിലാണ് ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന ഉത്സവം ആരംഭിച്ചത്.
തമിഴ് മാസമായ ചിത്തിരൈ മാസത്തിലാണ് ആദിവാസി കുടിയിലെ മാരിയമ്മന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉത്സവം നടക്കുന്നത്.ആദിവാസി സമൂഹത്തിന്റെ വികാസത്തിന്റെയും പരിണാമത്തിന്റെയും താളങ്ങളാണ് മലയപ്പുലയാട്ടത്തിനൊപ്പം മുഴങ്ങുന്നത്.
പുലരുവോളം നീണ്ടു നില്‍ക്കുന്ന ആട്ടവും പാട്ടും ഉത്സവവും കാട്ടില്‍ ഒറ്റപ്പെട്ട ജീവിതതുരുത്തുകളുടെ കൂടിചേരലാണ്. വൈകിട്ട് ഏഴിന് മാരിയമ്മന്‍ ക്ഷേത്രത്തിന് മുമ്പില്‍ ആരംഭിക്കുന്നആട്ടത്തില്‍ ആണുങ്ങളും പെണ്ണുങ്ങളും ഇടകലര്‍ന്ന് ചുവടുവെക്കും. ആട്ടക്കാര്‍ ഇടക്കിടെ മാറികൊണ്ടിരിക്കും.നൃത്തത്തിന് വായ് പാട്ടിന്റെ പിന്തുണയില്ല. കാണികള്‍ ആട്ടക്കാരും ആട്ടക്കാര്‍ കാണികളായും മാറികൊണ്ടിരിക്കും. ഉത്സവ സമയത്ത് അവതരിപ്പിക്കുന്ന മലപ്പുലയ ആട്ടത്തോളം ചാരുതയാര്‍ന്ന നൃത്തരൂപം ആദിവാസി സമൂഹത്തില്‍ ഇല്ല. ആദിവാസി മേളങ്ങളായ ചിക്ക് വാദ്യം,കിടിമിട്ടി, കുഴല്‍, കട്ടവാദ്യം ഉറുമി തുടങ്ങിയവയാണ് താളത്തിനായി ഉപയോഗിക്കുന്നത്. ദ്രാവിഡ സംഗീതത്തിന്റെ വശ്യതയിലും ചടുലതയിലും വേഗതകൈവരിക്കുന്ന ആട്ടം ചലനത്തിന്റെ ചാരുതയില്‍ നൃത്തവിസ്മയമായി മാറുന്നത് ദര്‍ശിക്കാന്‍ സാധിക്കും.
കോളനിയിലെ വൃദ്ധര്‍,അംഗപരിമിതര്‍ ഉള്‍പ്പെടെ ഒന്നിച്ച് കുടിയുടെ കുലദൈവത്തിന്റെ മുമ്പില്‍ ചുവടുവയ്ക്കുമ്പോള്‍ ഗ്രാമഹൃദയങ്ങളില്‍ ഇനി വരുന്ന ഒരുവര്‍ഷം ജീവിക്കുന്നതിനുള്ള ഊര്‍ജമാണ് പുനര്‍ജനിക്കുന്നത്. മലപ്പുലയആട്ടം കാണുന്നതിനും മൊബൈലില്‍ പകര്‍ത്തുന്നതിനുമായി നിരവധി പേരാണ്” ഉത്സവദിവസങ്ങളില്‍ കോളനിയില്‍ എത്തുന്നത്.









0 comments