ജില്ലയ്ക്ക് അഭിമാനമായി പൂയപ്പിള്ളി, സി ആർ, തുമ്മാരുകുടി

കൊച്ചി > കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയ്ക്ക് അഭിമാനമായി മൂന്നുപേർ. സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ പൂയപ്പിള്ളി തങ്കപ്പനും പ്രൊഫ. സി ആർ ഓമനക്കുട്ടനും ഹാസ്യസാഹിത്യ പുരസ്‌കാരവുമായി മുരളി തുമ്മാരുകുടിയും ജില്ലയുടെ യശസ്സ്‌വാനോളമുയർത്തി.
അധ്യാപകൻ, ജീവചരിത്രകാരൻ, കവി, ബാലസാഹിത്യകാരൻ, പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ അമരക്കാരിലൊരാൾ എന്നീ നിലകളിൽ പ്രശസ്തനാണ് പൂയപ്പിള്ളി തങ്കപ്പൻ. നിരവധി മഹാന്മാരുടെ ജീവചരിത്രവും കവിതാസമാഹാരങ്ങളും വൈജ്ഞാനിക സാഹിത്യപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം, പിജെ ആന്റണി ഫൗണ്ടേഷൻ പ്രസിഡന്റ്, പണ്ഡിറ്റ് കറുപ്പൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന പൂയപ്പിള്ളി ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകസമിതി അംഗവുമാണ്. ചെറായിയിലാണ് താമസം. എസ്പിസിഎസ് പുറത്തിറക്കിയ 'പണ്ഡിറ്റ് കറുപ്പൻ വിപ്ലവവും കവിതയും സമൂഹത്തിൽ', ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 'ഇളങ്കോ അടികൾ', 'കുമാരനാശാനും സഹോദരൻ അയ്യപ്പനും സാമൂഹ്യവിപ്ലവവും', 'ജ്വാല', 'യാത്ര', 'കെടാമംഗലം പപ്പുക്കുട്ടി കവിതയിലെ വിപ്ലവം' എന്നിവ ശ്രദ്ധേയമാണ്.
അധ്യാപകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, സാമൂഹ്യവിമർശകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പ്രൊ. സി ആർ ഓമനക്കുട്ടൻ. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിലൂടെ പത്രപ്രവർത്തനവും നാലു വർഷത്തിലേറെ പബ്ലിക് റിലേഷൻസ് വകുപ്പിൽ ജോലിയും ചെയ്തശേഷമാണ് കോളേജ് അധ്യാപകനായത്. ഏറെക്കാലം എറണാകുളം മഹാരാജാസ് കോളേജിൽ മലയാളം അധ്യാപകനായിരുന്നു.''98ൽ വിരമിച്ചു. 'ഓമനക്കഥകൾ', 'ഈഴശിവനും വാരിക്കുന്തവും', 'അഭിനവശാകുന്തളം', 'ശവംതീനികൾ', 'കാൽപാട' എന്നിവയാണ് പ്രധാന രചനകൾ. പരിഭാഷ നിർവഹിച്ച പുസ്തകങ്ങൾ 'ഫാദർ ഡെർജിയസ'്, 'ഭ്രാന്തന്റെ ഡയറി', 'കാർമില', 'തണ്ണീർ തണ്ണീർ' എന്നിവയാണ്. 'ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ' എന്ന ഹാസ്യസാഹിത്യകൃതിക്ക് 2010ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സി ആർ ഓമനക്കുട്ടനായിരുന്നു. കോട്ടയത്ത് ജനിച്ച സി ആർ ഓമനക്കുട്ടൻ സ്ഥിരതാമസം എറണാകുളത്ത് കലൂരിലാണ്.
'ചില നാട്ടുകാര്യങ്ങൾ' എന്ന രചനയ്ക്കാണ് പെരുമ്പാവൂരിനടുത്ത് വെങ്ങോല സ്വദേശിയായ മുരളി തുമ്മാരുകുടിക്ക് ഹാസ്യസാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിക്കുന്നത്. ഐക്യരാഷ്ട്രസഭ പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി. ശ്രദ്ധേയമായ അന്താരാഷ്ട്ര ജേർണലുകളിൽ ലേഖനങ്ങളെഴുതിയിട്ടുണ്ട്. യാത്രാവിവരണങ്ങളും ദുരന്തനിവാരണം സംബന്ധിച്ച ചിന്തകളും ബോധവൽക്കരണ സന്ദേശങ്ങളും കൈത്തഴക്കംവന്ന എഴുത്തുകാരന്റെ ചാരുതയോടെ കൈകാര്യംചെയ്യുന്ന മുരളിയുടെ രചനകൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ നിരവധി ആരാധകരാണുള്ളത്. ചിരിയും ചിന്തയും കലർത്തി''തുമ്മാരുകുടിക്കഥകൾ' എന്ന പേരിൽ ബ്ലോഗും എഴുതുന്നുണ്ട്.









0 comments