രസിക ശിരോമണി കോമൻ നായരുടെ ഓർമയിൽ കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്
കാഞ്ഞങ്ങാടിന്റെ നാടക ഓർമകളിൽ ആയിരം സൂര്യശോഭയോടെ നിറഞ്ഞുനിന്ന നാടകപ്രതിഭയാണ‌് രസിക ശിരോമണി കോമൻ നായർ. കോമൻ നായരെ ഓർമിക്കാൻ കാഞ്ഞങ്ങാടിന്റെ സഹൃദയത്വം ഒന്നും കരുതിവച്ചില്ലെന്ന പരാതി ബാക്കി.
‘മലബാർ ചാപ്ലിൻ' രസിക ശിരോമണി കോമൻ നായർ ഓർമയായിട്ട് 44 വർഷം. അഭിനയത്തിന്റെ അത്ഭുത സിദ്ധികളിലൂടെ അനുവാചകരെ ആകർഷിച്ചതാണ‌് ആ കലാവൈഭവം. മേലാങ്കോട്ട് സ്കൂളിൽ അധ്യാപകനും പ്രധാനാധ്യാപകനുമായിരുന്നു അദ്ദേഹം. ദേശീയ സ്വാതന്ത്ര്യ സമര കാലത്ത് വിദ്വാൻ പി കേളു നായരുടെ നാടക പ്രസ്ഥാനത്തോടൊപ്പം കേരളത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. മഹാകവി വള്ളത്തോളിന്റെ ഷഷ്ടിപൂർത്തി ആഘോഷം മദിരാശിയിൽ നടന്ന സമയത്ത് ഭാവപ്രകടനത്തിലൂടെ പത്ത് കഥാപാത്രങ്ങളെ ഒരേസമയം അവതരിപ്പിച്ചു. അഭിനയ രംഗത്തെ മികവിലൂടെ കോമൻ നായർക്ക് 'സഹസ്രമുഖൻ' എന്ന വിളിപ്പേരുമുണ്ടായി.ഗുരുവായൂർ സത്യഗ്രഹപ്പന്തലിൽ പാക്കനാർ നാടകം അവതരിപ്പിക്കണമെന്ന് എ കെ ജി. താല്പര്യമില്ലെന്ന് കേളപ്പൻ.
എ കെ ജി ആരുമറിയാതെ കോമൻ നായരെ വിളിച്ചു വരുത്തി. ദിവസങ്ങൾ കൊണ്ട് എ കെ ജിയെ 'പാക്കനാരാ'ക്കി. സന്തത സഹചാരിയായ എ കെ ജിയാണ് പാക്കനാരായി രംഗത്ത് വന്നതെന്ന് കേളപ്പനുപോലും തിരിച്ചറിയാൻ കഴിഞ്ഞില്ല. കോമൻ നായരുടെ ചമയ വൈദഗ‌്ധ്യത്തെ നാടകം കണ്ടവരെല്ലാം പ്രശംസിച്ചു. വിദ്വാൻ പി കേളുനായരുടെ വീട്ടിൽ നടക്കുന്ന രഹസ്യ യോഗത്തിൽ പങ്കെടുക്കുന്ന എ കെ ജി യെ അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷ് പൊലീസ് വരുന്നുണ്ടെന്ന വിവരം മണത്തറിഞ്ഞ സ്വാതന്ത്ര്യ സമര സേനാനി എ സി കണ്ണൻ നായർ പ്രത്യേക ദൂതനെ അയച്ച് കോമൻ മാഷെ വിളിച്ചു വരുത്തി. എ കെ ജിയെ നിമിഷ നേരം കൊണ്ട് മൊല്ലാക്കയാക്കി മാറ്റി. കള്ളിമുണ്ടും ബനിയനുമിട്ട് പൊലീസിന്റെ മുന്നിലൂടെ കൂളായി നടത്തിച്ചത് കോമൻ നായരുടെ മറ്റൊരു ചമയ സൂത്രം. സ്വന്തമായി രചിച്ച 'കള്ളും തള്ളും' നാടകത്തിലൂടെ കോമൻ നായർ പ്രകടിപ്പിച്ച അപൂർവ ഹാസ്യ സിദ്ധി കണ്ട് സഞ്ജയനാണ് 'മലബാർ ചാർലി ചാപ്ലിൻ' എന്ന പേര് സമ്മാനിച്ചത്. 1975 മെയ് 19 ന് അന്ത്യംവരെ നാടകരംഗത്ത് നിറഞ്ഞു നിന്ന അത്ഭുത പ്രതിഭയായ കോമൻ നായരെക്കുറിച്ച് പുതിയ തലമുറയ്ക്ക് ഓർക്കാൻ ഒരു സ്മാരകം പോലുമില്ലെന്നത് നാടിന്റെ ദുഖം.










0 comments