ad
Deshabhimani

‘ഭരണഘടനയുടെ ലക്ഷ്‌മണരേഖ മറികടക്കരുത്‌ ’; പ്രധാനമന്ത്രിയെ സാക്ഷിയാക്കി ചീഫ്‌ ജസ്‌റ്റിസിന്റെ വിമർശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 01, 2022, 01:48 AM | 0 min read

ന്യൂഡൽഹി
ഭരണഘടന വരച്ചിട്ടുള്ള ലക്ഷ്‌മണരേഖയ്‌ക്ക്‌ ഉള്ളിൽനിന്നാകണം സർക്കാരുകളും കോടതികളും ഉദ്യോഗസ്ഥരും പ്രവർത്തിക്കേണ്ടതെന്ന്‌ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ പറഞ്ഞു. സർക്കാരുകൾ നിയമാനുസൃതം പ്രവർത്തിച്ചാൽ കോടതികൾക്ക്‌ ഇടപെടേണ്ട സാഹചര്യമുണ്ടാകില്ല. നിയമലംഘനം ഉണ്ടായാൽ പൊതുജനക്ഷേമം മുൻനിർത്തി കോടതികൾക്ക്‌ ഇടപെടേണ്ടി വരും. ഡൽഹി വിജ്‌ഞാൻഭവനിൽ മുഖ്യമന്ത്രിമാരുടെയും ചീഫ്‌ജസ്‌റ്റിസുമാരുടെയും സംയുക്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഉദ്‌ഘാടകനായ പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരെ സാക്ഷിയാക്കിയാണ്‌ ഭരണഘടനയെ മറികടന്നുള്ള അധികാരദുർവിനിയോഗങ്ങൾ അനുവദിക്കാനാകില്ലെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ തുറന്നടിച്ചത്‌.

സർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതികൾ സാധാരണ ഇടപെടാറില്ലെങ്കിലും പൗരർ പരാതിയുമായെത്തിയാൽ പരിഗണിക്കേണ്ടി വരും. അന്യായമായ അറസ്‌റ്റും കസ്‌റ്റഡി മർദനവും തടയാനായാൽ കോടതികളുടെ ജോലി അത്രയും കുറയുമെന്നും ചീഫ്‌ജസ്‌റ്റിസ്‌ പറഞ്ഞു.  

‘കോടതി ഉത്തരവുകൾ പാലിക്കണം’


ഉത്തരവുകൾ സർക്കാരുകൾ കൃത്യമായി നടപ്പാക്കാത്തത്‌ കോടതികളുടെ ജോലിഭാരവും കോടതിഅലക്ഷ്യഹർജികളും വർധിക്കാൻ കാരണമായെന്ന് ചീഫ്‌ജസ്‌റ്റിസ്‌. കെട്ടിക്കിടക്കുന്ന 50 ശതമാനത്തിലധികം കേസും സർക്കാരുകൾ ഫയൽ ചെയ്‌തതാണ്‌. നിയമനിർമാണസഭകളും ഉദ്യോഗസ്ഥസമൂഹവും ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിലുണ്ടാകുന്ന വലിയ വീഴ്‌ചകളാണ്‌ കേസുകളുടെ എണ്ണം കൂടുന്നത്‌. പൊതുതാൽപ്പര്യ ഹർജികൾ (പിഐഎൽ) വ്യക്തിതാൽപ്പര്യ ഹർജികളായി മാറി. അധികൃതരെ ഭീഷണിപ്പെടുത്താനും രാഷ്‌ട്രീയ, കോർപറേറ്റ്‌ എതിരാളികൾ തമ്മിലുള്ള കണക്കുതീർക്കലിനുമുള്ള ഉപകരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 പ്രാദേശികഭാഷകളെ പ്രോത്സാഹിപ്പിക്കണമെന്ന്


കോടതികളിൽ പ്രാദേശികഭാഷകളെ പ്രോത്സാഹിപ്പിക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.നീതിയും നിയമവും സാധാരണക്കാരുടെ ഭാഷയാണ്‌ സംസാരിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആറ്‌ വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ മുഖ്യമന്ത്രിമാരുടെയും ചീഫ്‌ജസ്‌റ്റിസുമാരുടെയും സമ്മേളനം ചേർന്നത്‌. വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ, സുപ്രീംകോടതി ജഡ്‌ജിമാർ, ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസുമാർ തുടങ്ങിയവർ സന്നിഹിതരായി. കേരളത്തിൽനിന്ന്‌ നിയമമന്ത്രി പി രാജീവ്‌ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home