മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഗവേഷണ വികസനകേന്ദ്രമാകുന്നു

$ സ്വന്തം ലേഖകന്‍പന്തീരാങ്കാവ് > ജൈവവൈവിധ്യങ്ങളുടെ കലവറയായ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ ഗവേഷണ വികസനകേന്ദ്രമാകുന്നു. പ്രഖ്യാപനം ഒക്ടോബര്‍ ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.കോഴിക്കോട് നഗരത്തിനടുത്ത് ഗുരുവായൂരപ്പന്‍ കോളേജിന് സമീപം ഒളവണ്ണയിലാണ് ഈ സസ്യോദ്യാനം. 1991ല്‍ ഗവ. ബൊട്ടാണിക്കല്‍ ഗാര്‍ഡനായി ആരംഭിച്ച് 1996ല്‍ മലബാര്‍ ബോട്ടോണിക്കല്‍ സൊസൈറ്റി എന്ന പേരില്‍ സര്‍ക്കാര്‍ ഗ്രാന്റോടുകൂടി പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായി. ദേശീയ ജൈവ വൈവിധ്യബോര്‍ഡിന്റെ ലീഡ് കേന്ദ്രമാണിത്. 2014ലെ ദേശീയ ബയോളജിക്കല്‍ സയന്‍സ് അക്കാദമിയുടെ ലീഡര്‍ഷിപ്പ് അവാര്‍ഡും ഈ ഉദ്യാനത്തിന് ലഭിച്ചു. ഏഷ്യയിലെ ഏറ്റവും മികച്ച ഗവേഷണകേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇതിന്റെ അമരത്തുള്ളവര്‍. ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗണ്‍സില്‍ ഏറ്റെടുക്കുന്നത് ഗവേഷണ വികസനരംഗത്ത് വന്‍പ്രതീക്ഷയാണ് നല്‍കുന്നത്. വര്‍ണവിസ്മയങ്ങളുടെയും ജൈവ അപൂര്‍വതയുടെയും ഈ സങ്കേതം വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രമാണ്. എല്ലാ തരത്തിലുംപെട്ട ആമ്പല്‍ച്ചെടികള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ജലസസ്യങ്ങളുടെയും സൂക്ഷ്മസസ്യങ്ങളുടെയും അപൂര്‍വ കലവറയാണ് ഈ ഉദ്യാനം. പതിനഞ്ച് ഏക്കറിലായി സഞ്ജീവനിയും സര്‍പ്പഗന്ധിയും ഉള്‍പ്പെടെ മുന്നൂറ് ഇനത്തില്‍പ്പെട്ട ഔഷധസസ്യങ്ങളും ബോധി, സ്റ്റാര്‍ഫോറസ്റ്റ് തുടങ്ങിയവയുമുണ്ട്. അപൂര്‍വ ഇനത്തില്‍പ്പെട്ട ചിത്രശലഭങ്ങള്‍ക്കായി ശലഭാരാമം ഒരുക്കിയിട്ടുണ്ട്. ഹോര്‍ത്തൂസ് വാലി പൈതൃകസസ്യങ്ങളുടെ താഴ്വരയില്‍ 300 വര്‍ഷം പഴക്കമുള്ള ഹോര്‍ത്തൂസ് മലബാറിക്കയുടെ ശില്പവും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.









0 comments