ad
Deshabhimani

അംഗീകാരം ആചാര്യന് അശ്രുപൂജയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 26, 2015, 12:56 AM | 0 min read

പാലാ > അക്ഷരശ്ലോകത്തിന്റെ മഹത്വം പാടിപ്പതിഞ്ഞ കോലത്ത് തറവാടിന്റെ തിരുമുറ്റത്തേക്ക് എത്തിയ സാഹിത്യത്തിന്റെ കീര്‍ത്തിപുരസ്ക്കാരം മണ്‍മറഞ്ഞ ആചാര്യന് അക്ഷരപൂജയായി. ജനുവരിയില്‍ അന്തരിച്ച അക്ഷരശ്ലോകാചാര്യന്‍ ഇടനാട് കെ എന്‍ വിശ്വനാഥന്‍നായരുടെ മകള്‍ ഡോ. ആര്യാംബിക കോലത്തിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്ക്കാരം ലഭിച്ചത് അക്ഷരശ്ലോകത്തെ നെഞ്ചിലേറ്റിയവര്‍ക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങളായി. അക്ഷരശ്ലോക കുലപതിയായിരുന്ന അച്ഛന്റെ കളരിയില്‍നിന്നാണ്് സാഹിത്യത്തിന്റെ ബാലപാഠങ്ങള്‍ ആര്യാംബിക ഹൃദിസ്ഥമാക്കിയത്. അച്ഛനായിരുന്നു എന്നും തന്നിലെ അക്ഷരങ്ങളുടെ ചാലക ശക്തിയെന്ന്്് ആര്യാംബിക പറയുന്നു. 2010ല്‍ പ്രസിദ്ധീകരിച്ച "തോന്നിയപോലൊരു പുഴ' എന്ന കവിതാ സമാഹാരമാണ് അവാര്‍ഡിനര്‍ഹമായത്. ആര്യാംബികയുടെ ആദ്യ കവിതാ സമാഹാരമായ മണ്ണാങ്കട്ടയും കരികിലയും എന്ന രചനയ്ക്കും നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിരുന്നു. തോന്നിയപോലൊരു പുഴയിലെ പിറന്ന മണ്ണിന്റെ അടരുകളില്‍നിന്നും ഉറവപൊട്ടി ഞാനുണരുമ്പോള്‍ ഉറഞ്ഞുറഞ്ഞു പറഞ്ഞുപോയി എന്നു തുടങ്ങുന്ന കവിതയാണ് സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായത്. സ്ത്രീയേയും പുഴയേയും ഒന്നായി സങ്കല്‍പ്പിക്കുകയാണ് കവിതയില്‍. അതിക്രമങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കും വിധേയമാകുന്ന പുഴയുടെയും പെണ്ണിന്റെയും നൊമ്പരങ്ങളുടെ നേര്‍ചിത്രമാണ്് കവിത. 30 കവിതകളുടെ സമാഹാരമാണ്് തോന്നിയപോലൊരു പുഴ. അഞ്ച് വര്‍ഷമായി പൂവരണി ഗവ. എല്‍പി സ്കൂളില്‍ അധ്യാപികയാണ് ആര്യാംബിക. പനങ്ങാട് സ്വദേശി ഐടി ഓഡിറ്ററായ ശ്രീദാസാണ് ഭര്‍ത്താവ്. മകന്‍: ശ്രീനന്ദന്‍.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home