സിനിമാക്കാരുടെ ഇഷ്‍ട ലൊക്കേഷനായി കാഞ്ഞാര്‍ – പുള്ളിക്കാനം റോഡ്

മൂലമറ്റം > മഞ്ഞ് വിരിച്ച മലയോര റോഡിലൂടെ നായകനും കുടുംബവും ജീപ്പില്‍ യാത്രചെയ്യുന്നതിന്റെ ഹെലികാം വിഷ്വല്‍... സ്‍ക്രിപ്റ്റ് വായിക്കുന്ന ഏതൊരു പ്രൊഡക്ഷൻ കണ്‍ട്രോളറും സിനിമാക്കാരെയും കൂട്ടി നേരെ കാഞ്ഞാര്‍ - പുള്ളിക്കാനം റോഡിലെത്തും. ഇതാണ് പെര്‍ഫെക്‍ട് ലൊക്കേഷൻ. കാഞ്ഞാര്‍ കവലയില്‍നിന്ന് തുടങ്ങി പുള്ളിക്കാനത്ത് എത്തിനില്‍ക്കുന്ന 17 കിലോമീറ്ററാണ് മലയാള സിനിമകളിലെ ഭാഗ്യ ലൊക്കേഷനുകളിലൊന്നായ സിനിമാ റോഡ്. ഈ അടുത്തകാലത്തിറങ്ങിയ ഒട്ടുമിക്ക സിനിമകളിലും ഈ റോഡും മലയുമെല്ലാമുണ്ട്. കോട പുതച്ച മലനിരകള്‍, വളവുകളും കയറ്റിറക്കങ്ങളും നിറയെ പച്ചപ്പും വെള്ളച്ചാട്ടവും എല്ലാമായി കണ്‍നിറയ്‍ക്കുന്ന കാഴ്‍ചകളാണ് റോഡ് സമ്മാനിക്കുന്നത്.
ജോര്‍ജുകുട്ടിയും ചാര്‍ളിയും
ദൃശ്യം, ദൃശ്യം 2, ഒപ്പം, ഓർഡിനറി, അവതാരം, ചാര്‍ളി, ജോസഫ് തുടങ്ങി നിരവധി മലയാള സിനിമകളും അതിലേറെ ഇതരഭാഷാ ചിത്രങ്ങളും റോഡില്‍ ഷൂട്ട് ചെയ്‍തു. ഇപ്പോഴും സിനിമകളുടെ പ്രധാന ലൊക്കേഷനാണ് പുള്ളിക്കാനം കവല. ഒത്തിരി സിനിമകളില്‍ ഈ റോഡും ചുറ്റുമുള്ള പ്രദേശങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ ചിത്രം ഓര്‍ഡിനറിയില്‍ ഗവിയുടെ ചില ഭാഗങ്ങളായി കാണിച്ചിരിക്കുന്നത് ഈ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളാണ്. പോകുംവഴി കൂവപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ദൃശ്യംകാണാം. സഞ്ചാരികളില്‍ പലരും ഇവിടെ നിര്‍ത്തി ഫോട്ടോ എടുത്താണ് യാത്ര തുടരുന്നത്.
ഇവിടുത്തെ മറ്റൊരു പ്രധാന ലൊക്കേഷനിൽ ഒന്നാണ് ചുംബനമുനമ്പ്. എസ് വളവ്, ടൈറ്റാനിക് വളവ് എന്നിങ്ങനെ പല പേരുകളും ഈ സ്ഥലത്തിനുണ്ട്. ഇവിടെനിന്നും ദൂരെയായി ഇല്ലിക്കല്‍ കല്ല് കാണാം. കോടയിറങ്ങുന്ന സമയത്ത് അതി സുന്ദരമാണ് ഇവിടെനിന്നുള്ള ദൂരക്കാഴ്ച. താഴേക്ക് നോക്കിയാല്‍, ഒരു കറുത്ത റിബൺ പോലെ നീണ്ടുകിടക്കുന്ന സിനിമാ റോഡിന്റെ കാഴ്ചയും ഹൃദയഹാരിയാണ്.









0 comments