ക്വാറന്റൈനിൽ കഴിഞ്ഞ കുഞ്ഞിനെ പാമ്പ് കടിച്ചു, സഹായത്തിന് വിളിച്ചിട്ടും ആരും വന്നില്ല; ഓടിയെത്തി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി

രാജപുരം > ജൂലൈ 21, ചൊവ്വാഴ്‌ച്ച രാത്രി. കാസർകോട് പാണത്തൂർ വട്ടക്കയത്തുള്ള ഒരു വീട്ടിൽ നിന്ന് രക്ഷിക്കണേയെന്ന് പറഞ്ഞ് നിലവിളി ഉയർന്നുകേട്ടപ്പോൾ അയൽവാസികൾ എന്താണ് സംഭവമെന്നറിയാതെ പകച്ചു. ഒന്നര വയസുള്ള കുഞ്ഞിനെ പാമ്പ് കടിച്ചതിനെ തുടർന്ന് സഹായത്തിനായി അയൽക്കാരെ വിളിച്ച് കൂട്ടുകയായിരുന്നു ദമ്പതികൾ. കോവിഡ് ക്വാറന്റൈനിൽ കഴിയുന്നവരുടെ വീട്ടിൽ നിന്നാണ് ആ നിലവിളി എന്ന് മനസിലായതോടെ അവിടേക്ക് പോകാൻ ആളുകൾ മടിച്ചു നിന്നു.
പക്ഷേ, രക്ഷയ്ക്കായി ആ വീട്ടിലേക്ക് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായ ജിനിൽ മാത്യു രണ്ടും കൽപ്പിച്ച് ഓടിയെത്തി. പാമ്പു കടിയേറ്റ് കിടക്കുന്ന കുഞ്ഞിനെ വാരിയെടുത്ത് ആംബുലൻസ് വിളിച്ച് വരുത്തി പരിയാരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. കുട്ടിക്ക് വിഷം ഇറങ്ങാനുള്ള മരുന്നു കൊടുത്തു, വൈകാതെതന്നെ അപകടനില തരണം ചെയ്തു. പിറ്റേന്ന് സാധാരണ അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. മാരക വിഷമുള്ള അണലി വിഭാഗത്തിൽപ്പെട്ട പാമ്പാണ് കുഞ്ഞിനെ കടിച്ചത്.
പിന്നീടാണ് കോവിഡ് പരിശോധനയിൽ കുഞ്ഞിന് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ജിനിലും സ്വമേധയാ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ് ഇപ്പോൾ. ഹെഡ്‌ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു പാണത്തൂർ യൂണിറ്റ് കൺവീനർ കൂടിയാണ് ജിനിൽ മാത്യു.









0 comments