രാജസ്ഥാനില്‍ 18 കൗൺസിലർമാരെ കാണാതായി; തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ്

ജയ്പൂർ : രാജസ്ഥാനിലെ തിജാര മുൻസിപ്പൽ കൗൺസിലിൽ നിന്നുള്ള 18 കൗൺസിലർമാരെ ഹരിയാന പൊലീസ് ബന്ധികളാക്കിയതായി ആരോപിച്ച് കോൺഗ്രസ്. നഗരസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് കൗൺസിലർമാരെ കാണാതായത്. കൗൺസിലർമാരെ തടഞ്ഞുവെച്ച് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.
ഇന്ന് നടക്കുന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യാനിരുന്ന സ്വതന്ത്ര കൗൺസിലർമാരെയാണ് ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് കോൺഗ്രസ് പറയുന്നു. ബിജെപി സര്‍ക്കാരിന് വേണ്ടിയാണ് പൊലീസ് ഈ നാടകം കളിച്ചതെന്നും ആരോപണമുണ്ട്. കൗൺസിലർമാരെ കാണാനില്ലെന്ന പരാതിയിൽ രാജസ്ഥാനിൽ രാഷ്ട്രീയ വിവാദം കത്തുകയാണ്.
നിർണായകമായ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനായി ഹിമാചൽ പ്രദേശിൽ ഒരുമിച്ചായിരുന്നു കൗൺസിലർമാർ കഴിഞ്ഞ ദിവസം താമസിച്ചിരുന്നത്. ഒരു യാത്രയുടെ ഭാഗമായാണ് എല്ലാവരും ഹിമാചലിൽ എത്തിയിരുന്നതെന്ന് കോൺഗ്രസ് നേതാവും കൽക മണ്ഡലത്തിലെ മുൻ എംഎൽഎയുമായ പ്രദീപ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ഇവരെ മനപ്പൂർവ്വം പൊലീസ് തടഞ്ഞുവെക്കുകയായിരുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ഹരിയാനയിലെ പഞ്ച്കുള ജില്ലയിലെ ചാന്ദിമന്ദിർ-സൂരജ്പുർ ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ചാണ് പൊലീസ് കൗൺസിലർമാരെ കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം.
സംഭവത്തിന് പിന്നാലെ പിഞ്ചോർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകരെത്തി. കസ്റ്റഡിയിലെടുത്ത് കൗൺസിലർമാരെ ഉടൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേസമയം, കോൺഗ്രസിന്റെ ആരോപണം ഹരിയാന പൊലീസ് തള്ളി. കൗൺസിലർമാരെ തടഞ്ഞുവെച്ചിട്ടില്ലെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
തിജാര മുൻസിപ്പൽ കൗൺസിലിൽ 35 വാർഡിൽ 31 ഇടത്തും സ്വതന്ത്രരാണ് ജയിച്ചത്. ബിജെപിക്ക് മൂന്ന് സീറ്റും കോൺഗ്രസിന് ഒരു സീറ്റുമാണ് ലഭിച്ചത്.










0 comments