27 July Saturday
കോട്ടയത്തും ഇടുക്കിയിലും ഉജ്വല വരവേൽപ്പ്

‘ഇത്‌ ഞങ്ങളെ പതിരാകാതെ കാത്ത സർക്കാർ’

ഏലിയാസ്‌ തോമസ്‌Updated: Saturday Mar 11, 2023


ചങ്ങനാശേരി
പ്രതിസന്ധികളുടെ പൊരിവെയിലിൽ വിണ്ടുകീറിയ ജീവിതം പതിരായിപ്പോകാതെ കാത്ത സർക്കാരിന്‌ ഹൃദയൈക്യം  പ്രഖ്യാപിക്കാൻ  അവരെത്തിയത്‌  കൊയ്‌തെടുത്ത കറ്റകളുമായി. അപ്പർ കുട്ടനാടൻ മേഖലയിലെ കർഷകരുടെ സന്തോഷത്തിന്റെ നിറകതിർ.

‘‘എന്നും ദുരിതത്തിലായിരുന്ന ഞങ്ങളെ കാത്തത്‌ എൽഡിഎഫ്‌ സർക്കാരുകളാണ്‌. ഈ സർക്കാർ നല്ല വിലയ്‌ക്ക്‌ നെല്ല്‌ സംഭരിച്ചു. ചുരുക്കം സമയത്തൊഴികെ കൃത്യമായി പണവും ലഭിച്ചു. അതുകൊണ്ടാണ്‌ ഞങ്ങൾ നിലനിന്നത്‌ ’’ കർഷകനായ പി എം ജോസുകുട്ടി പറഞ്ഞു.  നാട്ടിലുയരുന്ന മഹാ പ്രതിരോധത്തിൽ അഭിമാനത്തോടെ അവരും പങ്കാളികളായി. കൈപ്പുലാക്കൻ ചിറ, കാപ്പോണപ്പുറം പാടശേഖരങ്ങളിലെ കർഷകരായ റോബിൻ വി ചാക്കോ, വി എസ്‌ അഭിലാഷ്‌ എന്നിവരും കർഷക പ്രതിനിധികളായെത്തി. രാജ്യത്ത്‌  ഉയർന്ന വില നൽകി നെല്ല്‌ സംഭരിക്കുന്നത് കേരളത്തിലാണെന്ന്‌ അവർ പറഞ്ഞു. 

ജില്ലാകവാടമായ മുണ്ടക്കയം കല്ലേപ്പാലത്തുകൂടെയാണ്‌  ജാഥ ജില്ലയിലേക്ക്‌ എത്തിയത്‌. ഇടുക്കി ജില്ലയിലെ  കട്ടപ്പനയിലും വണ്ടിപ്പെരിയാറിലും നൽകിയ സ്വീകരണങ്ങൾക്കുശേഷമാണ്‌ കോട്ടയത്തിന്റെ കവാടം കടന്നത്‌. മണിക്കൂറുകൾ മുമ്പേ ഹൈറേഞ്ച്‌ കവാടം ചുവപ്പ്‌ പുതച്ചു. പൂക്കാവടിയും തെയ്യക്കോലങ്ങളും ശിങ്കാരിമേളവും ബാൻഡ്‌ മേളവും കൊഴുപ്പിച്ചു. ക്യാപ്‌റ്റൻ എം വി ഗോവിന്ദനെ  മന്ത്രി വി എൻ വാസവൻ, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, കേരള കോൺഗ്രസ്‌ എം നേതാവ്‌ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  തുടങ്ങിയവർ  സ്വീകരിച്ചു. തുടർന്ന്‌  തുറന്നവാഹനത്തിൽ സമ്മേളന വേദിയിലേക്ക്‌. കേരള കോൺഗ്രസ്‌ എം  മണ്ഡലം കമ്മിറ്റി അഭിവാദ്യമർപ്പിക്കാൻ എത്തി.  സംഘാടകസമിതി ചെയർമാൻ ജോയി ജോർജ്‌ അധ്യക്ഷനായി.

അപ്പർ കുട്ടനാടിന്റെ ഹൃദയമായ ചങ്ങനാശേരിയിൽ ഉത്സവാന്തരീക്ഷത്തിൽ ജാഥയെ വരവേറ്റു. പുലികളിയും കൊട്ടക്കാവടിയും നാടൻ കലാരൂപങ്ങളും വർണബലൂണുകളും വെടിക്കെട്ടും വർണാഭമാക്കി. കേരള കോൺഗ്രസ്‌ എം നേതാവ്‌ ജോബ്‌ മൈക്കിൾ എംഎൽഎ ജാഥാ ക്യാപ്‌റ്റനെ ഷാളണിയിച്ചു. സംഘാടകസമിതി ചെയർപേഴ്‌സൺ കൃഷ്‌ണകുമാരി രാജശേഖരൻ അധ്യക്ഷയായി.

ജില്ലാ ആസ്ഥാനത്ത്‌  തിരുനക്കര മൈതാനത്തായിരുന്നു സ്വീകരണം. മാമൻ മാപ്പിള ഹാളിന്‌ സമീപത്തുനിന്ന്‌ തുറന്ന വാഹനത്തിൽ  വേദിയിലേക്ക്‌. വഴിയോരങ്ങളിൽ തിങ്ങിനിറഞ്ഞ ജനങ്ങൾ അഭിവാദ്യമേകി.  സ്‌ത്രീകളും കുട്ടികളും അടക്കം പങ്കെടുത്ത സ്വീകരണം കോട്ടയത്തെ സംഘടനാശക്തി വിളിച്ചോതി.  തോമസ്‌ ചാഴികാടൻ എംപിയും സ്വീകരിച്ചു.  സംഘാടകസമിതി ചെയർമാൻ അഡ്വ. കെ സുരേഷ്‌കുറുപ്പ്‌ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top