മദ്യപർക്കായി ഫെയ്സ്ബുക്ക് കൂട്ടായ്മ

കൊച്ചി
ജാതിയോ മതമോ പെണ്ണെന്നോ ആണെന്നോ പാവപ്പെട്ടവനെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ 8,66,457 പേർ ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ ഒത്തുചേർന്നു. മദ്യത്തോടും ഭക്ഷണത്തോടും പ്രിയംകൂടിയപ്പോൾ അവർ ലൈക്കടിച്ചും കമ്മന്റടിച്ചും ഷെയറടിച്ചും പോസ്റ്റിയും സന്തോഷം പങ്കുവച്ചു. പരിഭവങ്ങൾക്കിടമില്ലാതെ ചിരി മാത്രം നുരഞ്ഞുപതയുന്ന ‘ജിഎൻപിസി ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ ഒരുവർഷം മുമ്പാണ് ഫെയ്‌സ്ബുക്കിൽ സീക്രട്ട് ഗ്രൂപ്പായെത്തിയത്. 370 ദിവസം പിന്നിട്ടപ്പോൾ മദ്യപർക്ക് മദ്യംപോലെയിത് പ്രിയപ്പെട്ടതായി.
‘തിന്നുക, കുടിക്കുക, ഉറങ്ങുക’ എന്നതാണ് ജിഎൻപിസിയുടെ മുദ്രാവാക്യം. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളാണിവിടെ പ്രത്യക്ഷപ്പെടുന്നത്. ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും ഫോട്ടോകൾ, ട്രോളുകൾ, കഥകൾ, മദ്യപിച്ചുള്ള പാട്ട്, ഡാൻസ് തുടങ്ങിയ കലാപരിപാടികൾ, തമാശകൾ, വീഡിയോകൾ തുടങ്ങിയവയാണ് ഗ്രൂപ്പിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. മദ്യക്കുപ്പിക്കും ഗ്ലാസിനുമൊപ്പമുള്ള സെൽഫിക്കും വൻ ഡിമാൻഡ‌് ആണ‌്. മദ്യക്കുപ്പികൾകൊണ്ടുള്ള ആർട്ട്, ട്രോൾ വീഡിയോ എന്നിങ്ങനെ മദ്യപന്മാരെ പിടിച്ചിരുത്തി ചിരിപ്പിക്കുന്ന പോസ്റ്റുകളും വൈറലാണ്. അതുകൊണ്ടുതന്നെ ലൈക്കടി ബഹളം ഇവിടെ അല്പം കൂടുതലാണ്. ഇടയ്ക്കിടെ ഗ്രൂപ്പിൽ ഏത് ജില്ലയിലെ അംഗങ്ങളാണ് കൂടുതൽ എന്നറിയാനുള്ള പോളിങ് സംഘടിപ്പിക്കാറുണ്ട്. ഇതുവരെയുള്ള പോളിങ്ങിൽ കോട്ടയം ജില്ലയാണ് മുന്നിൽ. ഇവർ മറ്റു ജില്ലക്കാരെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.
സീക്രട്ട് ഗ്രൂപ്പായതുകൊണ്ടുതന്നെ ഒറ്റക്ലിക്കിൽ ഗ്രൂപ്പിലേക്കെത്താമെന്ന വ്യാമോഹമൊന്നും ആർക്കും വേണ്ട. അംഗത്വം ലഭിക്കണമെങ്കിൽ ആദ്യം ഗ്രൂപ്പിലെ ഏതെങ്കിലും അംഗങ്ങൾ നിങ്ങളെ ആഡ് ചെയ്യണം. ആഡ് ചെയ്താൽ മാത്രം പോര അഡ്മിന്റെ അപ്രൂവൽ ഉണ്ടെങ്കിലേ നിങ്ങൾക്ക് ഗ്രൂപ്പിൽ അംഗമാകാൻ സാധിക്കുകയുള്ളൂ. 23 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ അവർ ഗ്രൂപ്പിൽനിന്ന് ഉടനടി പുറന്തള്ളപ്പെടും. ദിനംപ്രതി നിരവധി ആളുകളാണ് പ്രവേശനം കാത്ത് ഗ്രൂപ്പിനുപുറത്ത് നിൽക്കുന്നത്.
ഗ്രൂപ്പ‌് ആരംഭിച്ച‌് കുറച്ചുനാൾ നിയമാവലികൾ ഗ്രൂപ്പിൽ കർക്കശമല്ലായിരുന്നു. എന്നാലിപ്പോൾ മദ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ നിയമപരമായ മുന്നറിയിപ്പുകൾകൂടി ഉൾപ്പെടുത്തണമെന്നാണ് അഡ്മിന്റെ നിർദേശം. പൊതുസ്ഥലങ്ങളിലെ മദ്യപാനം, വാഹനയാത്രയിലുള്ള മദ്യപാനം ഇവയൊന്നും ഗ്രൂപ്പ് പ്രോത്സാഹിപ്പിക്കുന്നില്ല. ഗ്രൂപ്പ് ഫെയ്‌സ്ബുക്കിൽ ഹിറ്റായതോടെ നിരവധി ഗ്രൂപ്പുകളും പേജുകളും ഇതേ പേരിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗ്രൂപ്പിന് വാട്‌സ് ആപ‌് ഗ്രൂപ്പില്ലെന്നും അങ്ങനെയൊന്നു ശ്രദ്ധയിൽപ്പെട്ടാൽ അതിൽ വഞ്ചിതരാകരുതെന്നുമാണ് അഡ്മിന്റെ നിർദേശം.










0 comments