ad
Deshabhimani

നാലാംഘട്ട ഗ്ലോബല്‍ യൂത്ത് ടുബാക്കോ സര്‍വ്വേയ്ക്ക് കേരളത്തില്‍ തുടക്കമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2019, 07:19 PM | 0 min read

കൊച്ചി> കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിനു വേണ്ടി നടത്തുന്ന നാലാംഘട്ട ഗ്ലോബല്‍ യൂത്ത് ടുബാക്കോ സര്‍വ്വേ (GYTS-4) കേരളത്തില്‍ ആരംഭിച്ചു. കൗമാരക്കാര്‍ക്കിടയിലെ പുകയില ഉപയോഗവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ 188 രാജ്യങ്ങളിലായി നടത്തുന്ന പഠനത്തിന്‍റെ ഭാഗമായാണ് കേരളത്തിലും സര്‍വേ നടക്കുന്നത്. കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഈ സര്‍വേ നടത്തുന്നത് കൊച്ചിയിലെ സെന്‍റര്‍ ഫോര്‍ സോഷ്യോ-ഇക്കണോമിക് ആന്‍റ് എന്‍വയണ്‍മെന്‍റല്‍ സ്റ്റഡീസ് (CSES) ആണ്. കേരളത്തില്‍ വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 32 സ്കൂളുകളിലെ 8,9,10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് വിവരശേഖരണം നടത്തുന്നത്.

നാലാംഘട്ട GYTS ന്‍റെ പ്രധാന ലക്ഷ്യങ്ങള്‍ കൗമാരക്കാര്‍ക്കിടയില്‍ (13നും 15നും ഇടക്ക് പ്രായമുള്ളവര്‍) നിലവിലുള്ള പുകയില ഉപയോഗത്തിന്‍റെ വ്യാപ്തി, ഉപയോഗക്രമം, ഇതിനോടുള്ള മനോഭാവം എന്നിവ മനസ്സിലാക്കുകയും അതുവഴി പുകയില നിയന്ത്രണ പരിപാടികളില്‍ ആവശ്യമായ മെച്ചപ്പെടുത്തലുകളും തിരുത്തലുകളും നടത്തുകയും ചെയ്യുക എന്നതാണ്. പുകയില ഉല്പന്നങ്ങളുടെ ഉപയോഗം, പുകയില ഉപയോഗം നിര്‍ത്തുന്നതിന് നടത്തിയ ശ്രമങ്ങള്‍, പരോക്ഷ പുകവലി, പുകയില ഉപയോഗത്തിന് ചെലവാകുന്ന പണം, പുകയില വിരുദ്ധ ക്യാമ്പയിനുകളുടെ സ്വാധീനം തുടങ്ങിയ കാര്യങ്ങളൊക്കെ സര്‍വ്വേയുടെ പരിധിയില്‍ വരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഈ പഠനത്തിന്‍റെ ഭാഗമാക്കിയിട്ടുണ്ട്. നേരത്തെ തെരഞ്ഞെടുക്കപ്പെട്ട ചില പ്രദേശങ്ങളില്‍ മാത്രമായിരുന്നു ഈ പഠനം നടന്നിരുന്നത്. അതുകൊണ്ട് കൗമാരക്കാര്‍ക്കിടയിലെ പുകയില ഉപയോഗത്തെക്കുറിച്ച് ദേശീയ തലത്തില്‍ ഒരു സമഗ്രമായ കണക്ക് ലഭ്യമല്ല. നാഷണല്‍ ടുബാക്കോ കണ്‍ട്രോള്‍ പ്രോഗ്രാം (NTCP) വിലയിരുത്തുക എന്നതും ഈ സര്‍വേയുടെ ലക്ഷ്യമാണ്.

GYTS-4 നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുള്ളത് ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസി(IIPS)നെയാണ്. ലോകാരോഗ്യ സംഘടന(WHO)യാണ് പഠനത്തിനാവശ്യമായ സാങ്കേതിക പിന്തുണ നല്‍കുന്നത്.

 

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home