തിരുവനന്തപുരം > സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനെ എൽഡിഎഫ് കൺവീനറായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും. ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെയും പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ് ചുമതലകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
കൺവീനറായിരുന്ന എ വിജയരാഘവൻ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. വിജയരാഘവൻ ന്യൂഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പാർട്ടി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഒന്നാം പിണറായി മന്ത്രിസഭയിൽ വ്യവസായ മാന്ത്രിയായിരുന്ന ഇ പി ജയരാജൻ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്, കർഷക സംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറൽ മാനേജർ തുടങ്ങി വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ദേശാഭിമാനി മുഖ്യപത്രാധിപരായി സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ദിനേശൻ പുത്തലത്തിനെ തീരുമാനിച്ചു. പത്രാധിപരായിരുന്ന പി രാജീവ് മന്ത്രിയായതിനെ തുടർന്ന് കോടിയേരി ബാലകൃഷ്ണനായിരുന്നു ചുമതല വഹിച്ചിരുന്നത്.
കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക പത്രാധിപരാകും. ചിന്ത പബ്ലിഷേഴ്‌സിന്റെ ചുമതല സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജിനാണ്. പൊളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിവായ എസ് രാമചന്ദ്രൻ പിള്ള എകെജി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. എകെജി പഠന ഗവേഷണ കേന്ദ്രം, ഇഎംഎസ് അക്കാദമി എന്നിവയുടെ ചുമതലകൾ വഹിക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..