ലഹരിക്കെതിരെ ഡിവൈഎഫ്‌ഐ ‘ജനകീയ കവചം’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2022, 07:45 PM | 0 min read

കോഴിക്കോട്‌> വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്‌ തടയിടാനായി ‘ജനകീയ കവചം’ ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ.  കുട്ടികൾ, യുവാക്കൾ, മുതിർന്നവർ എന്നിവർക്കിടയിൽ വ്യാപകമാവുന്ന മയക്കുമരുന്ന്‌ ഉപയോഗത്തിനും ലഹരി മാഫിയകൾക്കുമെതിരെയും തുടർച്ചയായ ഇടപെടലാണ്‌ ‘ജനകീയ കവച’ത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌, പ്രസിഡന്റ്‌ വി വസീഫ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇതിന്റെ ഭാഗമായി  ജനകീയ സദസ്സുകൾ നടത്തി ജാഗ്രതാ സമിതികൾ രൂപീകരിക്കും. സെപ്തംബർ ഒന്നുമുതൽ 20 വരെ 2,500 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ജനകീയ സദസ്സുകളിൽ സ്‌കൂൾ പിടിഎ, അധ്യാപകർ, പൊതുപ്രവർത്തകർ, വായനശാല, ക്ലബ് ഭാരവാഹികൾ, ഭരണ രംഗത്തുള്ളവർ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കും.

       സെപ്തംബർ 18ന് 25,000 കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും. ലക്ഷക്കണക്കിനാളുകളെ പരിപാടിയിൽ അണിനിരത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകളുമുണ്ടാവും.  ലഹരി സംഘങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ 2,500 സ്ക്വാഡുകൾ രൂപീകരിക്കും.  രക്ഷിതാക്കളെയും ബന്ധപ്പെട്ട അധികൃതരെയും സമീപിച്ച്‌ വേണ്ട ഇടപെടലുകൾ നടത്തും. ഓരോ പ്രദേശത്തും വളണ്ടിയർമാരുമുണ്ടാകും.  ആശുപത്രികളുമായി സഹകരിച്ച്‌ ഡീഅഡിക്‌ഷൻ സെന്ററുകളും തുടങ്ങും.

    പ്രചാരണത്തിനായി  കലാ-കായിക മത്സരങ്ങൾ, ഷോട്ട് ഫിലിം മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. ഇത്തരം മാഫിയകൾക്കെതിരെ ഇടപെടൽ നടത്തിയതിന്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരെ ആക്രമിക്കുന്ന സാഹചര്യമുണ്ട്‌. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ പരിധിയിൽ ഈയടുത്ത്‌ ലഹരിമാഫിയക്കെതിരെ പ്രവർത്തിച്ചതിന്‌ വീട്ടിലേക്ക്‌ ബോംബെറിഞ്ഞിരുന്നു. ഇത്തരം സംഘങ്ങളെ നാട്ടിൽനിന്ന് ഒറ്റപ്പെടുത്താൻ ജനങ്ങളെ അണിനിരത്തേണ്ടതുണ്ടെന്നും വി കെ സനോജ്‌ പറഞ്ഞു.

     ട്രഷറർ എസ് അരുൺബാബു, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എൽ ജി  ലിജീഷ്,  ജില്ലാ സെക്രട്ടറി പി സി ഷൈജു എന്നിവരും പങ്കെടുത്തു
 



deshabhimani section

Related News

View More
0 comments
Sort by

Home