കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഹരിപ്പാട്> കരുവാറ്റ ലീഡിംഗ് ചാനലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.കരുവാറ്റ വടക്ക് കോട്ടക്കകത്ത് രാമചന്ദ്രൻ നായരുടെ മകൻ രാഹുലിന്റെ ( നന്ദു - 14) മൃതദേഹമാണ് കണ്ടെത്തിയത്.കൊഞ്ചാപ്പീസ് കടവിനു സമീപത്തെ ചെളിയിൽ പുതഞ്ഞ നിലയിൽ ബുധനാഴ്ച 4.30 നാണ് കൊച്ചിയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധർ മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഹരിപ്പാട് താലൂക്ക്ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ദില്ലിയിൽ കുടുംബ സമേതം കഴിയുന്ന രാമചന്ദ്രൻ നായരും കുടുംബവും ഓണാഘോഷത്തിനായി തിങ്കളാഴ്ചയാണു നാട്ടിലെത്തിയത്.കരുവാറ്റ ടിബി ജംഗ്ഷന സമീപത്തെ അമ്മ പ്രസന്നകുമാരിയുടെവീട്ടിൽ നിന്നു ചൊവ്വാഴ്ച ഉച്ചയോടെ രണ്ടു കൂട്ടുകാരുമായി ഒന്നര കിലോമീറ്ററോളം അകലെയുള്ള കടവിൽ സൈക്കിളിലാണെത്തിയത്.
ആദ്യം കരയിലിരുന്ന രാഹുൽ പിന്നീട് കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങുകയായിരുന്നു നീന്തൽ വശമില്ലാതിരുന്ന രാഹുൽ ശക്തമായ അടിയൊഴുക്കിൽ പെട്ടപ്പോൾ കുട്ടുകാർ രക്ഷപ്പെട്ടുത്താൻ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു.
നാട്ടുകാരും പോലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിൽ ഫലം കാണാതെ വന്നതോടെയാണ് നേവിയുടെ മുങ്ങൽ വിദഗ്ധരെത്തി തിരച്ചിൽ നടത്തിയത്.
ദില്ലിയിലെ കാനിംഗ് റോഡിലെ കേരള സീനിയർ സെക്കന്ററി സ്ക്കൂളിലെ പത്താം ക്ളാസ് വിദ്യാർഥിയായിരുന്നു.ഏകസഹോദരി: രാഖി ആർ നായർ









0 comments