'ഭയപ്പെടുത്തി സമരങ്ങളെ ഇല്ലാതാക്കാമെന്ന് കരുതേണ്ട, പോരാട്ടവുമായി മുന്നോട്ട് പോകും': ബൃന്ദ കാരാട്ട്

ന്യൂഡൽഹി: സമാധാനപരമായി സമരം ചെയ്യുന്ന യുവതികൾക്കും യുവാക്കൾക്കും നേരെ ഡൽഹി പോലീസ് നടത്തുന്ന അതിക്രമങ്ങൾ ഭരണകൂട ഭീകരതയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഭയപ്പെടുത്തി സമരങ്ങളെ ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്നും, ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ലൈംഗികാതിക്രമങ്ങളെ ആയുധമാക്കുകയാണ് ഡൽഹി പൊലീസെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.
സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെയും വനിതാ പ്രവർത്തകരെയും പുരുഷ പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മർദിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്യുന്ന സ്ഥിതിയാണുളളത്.
പൊലീസ് മോശമായി പെരുമാറിയത് പരാതിപ്പെട്ടിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടില്ലെന്നും അവർ ആരോപിച്ചു. വനിതാ സമരക്കാർക്ക് നേരെ പുരുഷ പൊലീസിനെ ഉപയോഗിച്ച് വ്യാപകമായ അക്രമങ്ങളാണ് നടക്കുന്നത്. സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്യുന്നതടക്കമുള്ള ലൈംഗിക അതിക്രമങ്ങൾ ബോധപൂർവം സമരത്തെ തകർക്കാൻ ഉപയോഗിക്കുന്നു.
വൈകുന്നേരത്തിന് ശേഷം സ്ത്രീകളെ കസ്റ്റഡിയിൽ വെക്കാൻ പാടില്ലെന്ന നിയമം കാറ്റിൽപ്പറത്തിയാണ് പൊലീസിന്റെ നടപടി. സമരക്കാരെ ബസ്സുകളിൽ കയറ്റി നഗരത്തിലൂടെ കറക്കുകയും ഫോണുകൾ പിടിച്ചെടുത്ത് ബന്ധപ്പെടാനുള്ള അവസരം നിഷേധിക്കുകയും ചെയ്യുന്നു. പൊലീസ് വാനുകളിലിട്ടും കസ്റ്റഡിയിലുമിട്ട് പ്രതിഷേധക്കാർക്കെതിരെ ക്രൂരമായ മർദനമാണ് അഴിച്ചുവിടുന്നതെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.








0 comments