Deshabhimani

ഡിവൈഎഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിൽ മർദിച്ച സംഭവം; സുപ്രീംകോടതിയെ സമീപിച്ച് എ എ റഹീം

aa rahim
വെബ് ഡെസ്ക്

Published on Oct 12, 2026, 06:28 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ എ എ റഹീം എംപി സുപ്രീംകോടതിയെ സമീപിച്ചു. ഒക്ടോബർ 11 ന് നടന്ന സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമാണ് ഹർജി സമർപ്പിച്ചത്.


നിവർന്ന്‌ നിൽക്കാൻ കഴിയാനാവാത്ത ജയിൽ വാനുകൾ പൊലീസും കേന്ദ്രസേനയും ഉപയോഗിക്കുന്നതും മനുഷ്യാവകാശ ലംഘനം നടത്തുന്നതും കോടതിയെ ധരിപ്പിക്കും. അനധികൃത തടങ്കൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സമാധാനപരമായ പ്രക്ഷോഭം അനുവദിക്കണമെന്നും നിയമലംഘനങ്ങളിൽ സ്വതന്ത്രാന്വേഷണം വേണമെന്നുമാണ്‌ പ്രധാന ആവശ്യം.


അറസ്റ്റ് മെമ്മോ തയ്യാറാക്കിയില്ലെന്നും ബന്ധുക്കളെ വിവരമറിയിച്ചില്ലെന്നും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയോ വൈദ്യപരിശോധന നടത്തുകയോ ചെയ്തില്ലെന്നും ഹർജിയിൽ പറയുന്നു.


ഭരണഘടനയുടെ 14, 19, 21, 22 അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് നടന്നത്. സംഭവത്തിൽ കോടതി മേൽനോട്ടത്തിലുള്ള സ്വതന്ത്ര അന്വേഷണം നടത്തുക, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുക, പരിക്കേറ്റവർക്ക് പൊലീസ് സാന്നിധ്യമില്ലാതെ വൈദ്യപരിശോധന ഉറപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.


സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങൾ, ജിപിഎസ് വിവരങ്ങൾ, വാഹനങ്ങളുടെ സഞ്ചാരരേഖകൾ, പൊലീസ് വയർലെസ് രേഖകൾ, ഡ്യൂട്ടി പട്ടികകൾ എന്നിവ സംരക്ഷിച്ച് ഹാജരാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


പ്രതിഷേധങ്ങളിൽ കസ്റ്റഡിയിലെടുക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വ്യക്തമായ മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്നും റഹീം ആവശ്യപ്പെട്ടു. അഭിഭാഷകൻ സുഭാഷ്‌ ചന്ദ്രൻ മുഖേന നൽകിയ ഹർജിയിൽ മുതിർന്ന അഭിഭാഷക അരുന്ധതി കട്‌ജു ഡിവൈഎഫ്‌ഐയ്‌ക്കായി വാദിക്കും




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home