02 March Tuesday

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

കൊല്ലം> കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്കെടിയു സംസ്ഥാന ട്രഷററും മുൻ എംഎൽഎയും പട്ടികജാതി വികസന കോർപ്പറേഷൻ ചെയർമാനുമായ കൊട്ടാരക്കര താമരക്കുടി രാഖിയിൽ ബി രാഘവൻ(69) അന്തരിച്ചു.

കൊവിഡ് ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് ബി രാഘവനെയും കുടുംബ അംഗങ്ങളെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെയാണ് ബി രാഘവനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

കൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യനില മോശമായി തുടരുകയായിരുന്നു. ഇരു കിഡ്നികളുടെയും പ്രവർത്തനശേഷി നഷ്ടമായതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി. ചൊവ്വാഴ്ച പുലർച്ചെ നാലേമുക്കാലിന് മരിച്ചു.

നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ എതിർവശത്തായിരുന്നു മുൻപ് താമസിച്ചിരുന്നത്. പിന്നീട് മൈലം താമരക്കുടിയിലേക്ക് മാറി താമസിച്ചു. നന്നെ ചെറുപ്രായത്തിൽ വിപ്ളവ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന രാഘവൻ 1987ൽ നെടുവത്തൂരിൽ നിന്നാണ് ആദ്യമായി നിയമസഭാ സാമാജികനായത്. കേരളകോൺഗ്രസ്(ജെ) സ്ഥാനാർത്ഥിയായ കോട്ടക്കുഴി സുകുമാരനെ പതിനയ്യായിരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കന്നി അങ്കത്തിൽ വിജയം ചേർത്തുനിർത്തിയത്.

1991ൽ കോൺഗ്രസിലെ എൻ നാരായണനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. 1996ൽ കോൺഗ്രസിലെ എഴുകോൺ നാരായണനോട് പരാജയപ്പെട്ടുവെങ്കിലും 2006ൽ 48023 വോട്ടിന്റെ ഭൂരിപക്ഷം നേടി തിരികെ നിയമസഭയിലെത്തി. സാധാരണക്കാരന്റെ പ്രശ്നങ്ങൾക്കൊപ്പം ചേർന്നുനിന്നതായിരുന്നു രാഘവനെ കൂടുതൽ സ്വീകാര്യനാക്കിയത്. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് താമരക്കുടിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: രേണുക. മക്കൾ : രാകേഷ് ആർ രാഘവൻ, രാഖി ആർ രാഘവൻ. മരുമക്കൾ: ചിപ്പി മോഹൻ, പരേതനായ പ്രതീഷ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top