കളർകോട് വാഹനാപകടം; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും
ആലപ്പുഴ > കളർകോട് വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ നടപടി ഉണ്ടാകുമെന്ന് പൊലീസ്. വാഹന ഉടമയായ ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാന്‍ മോട്ടോര്‍ വാഹന വകുപ്പിനോടും പൊലീസിനോടും പറഞ്ഞ മൊഴി തെറ്റാണെന്നും വാഹനം വാടകക്കെടുത്തതാണെന്ന് അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി ഗൗരീശങ്കര്‍ മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വാടകയായ 1000 രൂപ ഗൗരിശങ്കർ ഉടമ ഷാമിൽഖാന് ഗൂഗിൾ പേ ചെയ്ത് നൽകിയിട്ടുണ്ട്. പൊലീസും മോട്ടോർ വാഹനവകുപ്പും ബാങ്കിൽ നിന്ന് പണമിടപാട് വിവരങ്ങൾ ശേഖരിക്കും. വാഹനത്തിന്റെ ആർസി ബുക്ക് റദ്ദാക്കുകയും വാഹന ഉടമയ്ക്കെതിരെ നടപടി എടുക്കുകയും ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുള്‍ ജബ്ബാറുമായുള്ള സൗഹൃദം കൊണ്ടാണ് വാഹനം സിനിമയ്ക്കു പോകാന്‍ നല്‍കിയതെന്നാണ് ഷാമില്‍ഖാന്‍ മോട്ടോര്‍ വാഹന വകുപ്പിനോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍, ഉദ്യോഗസ്ഥര്‍ മൊഴി പൂര്‍ണമായും വിശ്വസിച്ചിരുന്നില്ല. ഇതിനെ തള്ളിയാണ് ഗൗരീശങ്കര്‍ മൊഴി നല്‍കിയത്. വാഹനം ഓടിച്ചപ്പോൾ എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നി എന്നും ഗൗരിശങ്കറിന്റെ മൊഴിയിലുണ്ട്.
ഷാമില്‍ഖാന്‍ വാഹനങ്ങള്‍ വാടകയ്ക്കുനല്‍കാറുണ്ട്. എന്നാൽ ഇയാൾക്ക് റെന്റ് ക്യാബ് ലൈസൻസ് ഇല്ല. സ്വകാര്യ രജിസ്‌ട്രേഷനുള്ള വാഹനം റെന്റിന് നല്‍കുന്നതും ടാക്‌സി സര്‍വീസിന് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. വാഹനത്തിന്റെ കാലപ്പഴക്കം അപകടത്തിന്റെ വ്യാപ്തി കൂട്ടാൻ ഇടയാക്കിയെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളുടെ മറ്റ് വാഹനങ്ങളുടെ വിവരങ്ങളും മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
0 comments