നടൻ സി വി ദേവ് അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 26, 2023, 07:54 PM | 0 min read

കോഴിക്കോട് > നാടക ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഞ്ഞൂറിലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സി വാസുദേവൻ എന്നാണ്  ശരിയായ പേര്. കലാരം​ഗത്ത് സജീവമായ ശേഷം  സി വി ദേവ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.

1940ൽ വടകര ചെമ്മരത്തൂരിൽ കണാരൻ- നാരായണി ദമ്പതിമാരുടെ മൂത്തമകനായി ജനനം. 1959ൽ സദാനന്ദൻ കല്ലായി സംവിധാനം ചെയ്ത ‘വിളക്കിന്റെ വെളിച്ചത്തിൽ’ നാടകത്തിൽ അഭിനയിച്ചാണ് കലാരം​ഗത്തേക്ക് ചുവടുവെക്കുന്നത്. കെ ടി മുഹമ്മദിന്റെ ‘സ്ഥിതി’, എം ടി വാസുദേവൻ എഴുതി സംവിധാനം ചെയ്ത ​‘ഗോപുരനടയിൽ’, പി എം താജിന്റെ ‘അ​ഗ്രഹാരം’ തുടങ്ങിയ നാടകങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തിരുന്നു. ‘പാണൻ പാടത്ത പാട്ട്’ ഉൾപ്പെടെ നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

പവിത്രൻ സംവിധാനംചെയ്ത ‘ആരോ ഓരാൾ’ ആണ് ആദ്യചിത്രം. ‌ചന്ദ്രോത്സവം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ഇംഗ്ലീഷ് മീഡിയം, ഉറുമ്പുകൾ ഉറങ്ങാറില്ല, സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, സന്ദേശം, മിഴി രണ്ടിലും, നേർക്ക് നേരെ തുടങ്ങിയ  നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് ആകാശവാണിയിൽ ബി ഹൈ ​ഗ്രേഡ് ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭരത് പി ജെ ആന്റണി സ്മാരക  നാടക സിനിമ അഭിനയ പ്രതിഭാ അവാർഡ്, കേരള സം​ഗീത നാടക അക്കാദമി ​ഗുരുപൂജ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് പുതിയങ്ങാടി എടക്കാട് ആയിരന്നു താമസം.

സംസ്കാരം ചൊവ്വ രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. ഭാര്യ: ജാനകി. മക്കൾ: സുകന്യ,  സുകാവ്യ, സുകാത്മജൻ. മരുമകൾ: വിജിഷ, സുരേഷ്, ദാസൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home