എം കെ സാനുവിനും പി രാജീവിനും സി എൽ ജോസിനും അബുദാബി ശക്തി അവാർഡ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 09, 2022, 09:04 PM | 0 min read

തിരുവനന്തപുരം > അബുദാബി ശക്തി അവാർഡിന്‌ പ്രൊഫ. എം കെ സാനു, മന്ത്രി പി രാജീവ്‌, സി എൽ ജോസ്‌ തുടങ്ങിയവർ അർഹരായതായി അവാർഡ്‌ കമ്മിറ്റി ചെയർമാൻ പി കരുണാകരനും അംഗം പ്രഭാവർമ്മയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതര സാഹിത്യ മേഖലയിൽ നൽകുന്ന ശക്തി എരുമേലി പുരസ്‌കാരമാണ്‌ പ്രൊഫ. എം കെ സാനുവിന്റെ ‘കേസരി, ഒരു കാലഘട്ടത്തിന്റെ സ്രഷ്‌ടാവ്‌’ എന്ന കൃതിക്ക്‌ ലഭിച്ചത്‌. വിജ്ഞാന സാഹിത്യ വിഭാഗത്തിലെ പുരസ്‌കാരം മന്ത്രി പി രാജീവ്‌ രചിച്ച ‘ഭരണ ഘടന, ചരിത്രവും സംസ്‌കാരവും’ എന്ന കൃതിക്കാണ്‌. നാടക രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ശക്തി ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരത്തിനാണ്‌ സി എൽ ജോസിനെ തെരഞ്ഞെടുത്തത്‌.

നോവൽ പുരസ്‌കാരം കെ ആർ മല്ലികയുടെ ‘അകം’ എന്ന നോവലിനും കഥയ്‌ക്കുള്ള പുരസ്‌കാരം വി ആർ സുധീഷിന്റെ ‘കടുക്കാച്ചി മാങ്ങ’ക്കും ലഭിച്ചു. ബാല സാഹിത്യ വിഭാഗത്തിൽ സേതു (അപ്പുവും അച്ചുവും) വിനാണ്‌ പുരസ്‌കാരം. കവിതയ്‌ക്കുള്ള പുരസ്‌കാരത്തിന്‌ രാവുണ്ണി (കറുത്ത വറ്റേ, കറുത്ത വറ്റേ), അസീം താന്നിമൂട്‌ (മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്‌) എന്നിവർ അർഹരായി.

നാടകത്തിനുള്ള പുരസ്‌കാരം ഇ ഡി ഡേവിഡും (ഇരിക്കപ്പിണ്ഡം കഥ പറയുന്നു) രാജ്‌ മോഹൻ നീലേശ്വരവും (ജീവിതം തുന്നുമ്പോൾ) കരസ്ഥമാക്കി. നിരൂപണത്തിനുള്ള ശക്തി തായാട്ട്‌ അവാർഡ്‌ വി യു സുരേന്ദ്രൻ (അകം തുറക്കുന്ന കവിതകൾ), ഇ എം സൂരജ (കവിതയിലെ കാലവും കാൽപ്പാടുകളും) എന്നിവർക്കാണ്‌. 2021 ലെ പുരസ്‌കാരങ്ങളാണ്‌ പ്രഖ്യാപിച്ചത്‌. 25,000 രൂപയും പ്രശസ്‌തി ഫലകവും അടങ്ങുന്നതാണ്‌ ഓരോ പുരസ്‌കാരവും. ടി കെ രാമകൃഷ്‌ണൻ പുരസ്‌കാര ജേതാവിന്‌ 50,000 രൂപയും പ്രശസ്‌തിഫലകവും നൽകും. പുരസ്‌കാര വിതരണം ഏപ്രിൽ രണ്ടാംവാരം എറണാകുളത്ത്‌ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home