29 May Monday
ആശയക്കുഴപ്പം തുടരുന്നു

ജിഎസ്ടി: വിപണിയില്‍ വിലക്കുറവിന്റെ വില്‍പ്പന

പി ജി സുജUpdated: Wednesday Jun 21, 2017

കൊച്ചി > ചരക്കുസേവനനികുതി (ജിഎസ്‌ടി) ജൂലൈ ഒന്നിന് പ്രാബല്യത്തില്‍വരുന്നതിനു മുന്നോടിയായി വിപണിയില്‍ മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും കമ്പനികള്‍ വിലക്കുറവ് പ്രഖ്യാപിച്ചു. ജിഎസ്ടി തങ്ങളുടെ മേഖലയെ എങ്ങനെ ബാധിക്കുമെന്ന അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ സ്റ്റോക്കുള്ള ഉല്‍പ്പന്നം വിറ്റൊഴിക്കുകയാണ് കമ്പനികളുടെയും കച്ചവടക്കാരുടെയും ലക്ഷ്യം. ഗൃഹോപകരണങ്ങള്‍, വാഹനം, വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവക്കാണ് പ്രധാനമായും വിലക്കുറവ്.

ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്‍വര്‍ഷത്തെ മോഡലുകള്‍ 20 ശതമാനംവരെ വിലക്കുറവില്‍ വില്‍ക്കാന്‍ കമ്പനികളില്‍നിന്ന് അറിയിപ്പുവന്നതായി കൊച്ചിയിലെ ഒരു ഗൃഹോപകരണ ബ്രാന്‍ഡ് ഷോപ്പിന്റെ മാനേജര്‍ പറഞ്ഞു. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് 51 ശതമാനംവരെ വിലക്കിഴിവ് നല്‍കുന്നു. ജിഎസ്ടി പ്രാബല്യത്തില്‍വരുന്നതോടെ മുന്‍വര്‍ഷങ്ങളിലെ സ്റ്റോക്കിന് ആനുകൂല്യം ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് കമ്പനികളുടെ തീരുമാനം. ടിവി, വാഷിങ്മെഷീന്‍, ഫ്രിഡ്ജ് തുടങ്ങിയവയുടെ എല്ലാ പ്രമുഖ ബ്രാന്‍ഡുകള്‍ക്കും വിലക്കുറവുള്ളതായാണ് വിവരം.

ജിഎസ്ടിയില്‍ അവ്യക്തത തുടരുന്നതിനാല്‍ കിട്ടുന്ന വിലയ്ക്ക് സാധനങ്ങള്‍ വിറ്റൊഴിയാനുള്ള പ്രവണത എല്ലാവിഭാഗം കച്ചവടക്കാരിലും ദൃശ്യമാണെന്ന് കൊച്ചിയിലെ ജയലക്ഷ്മി സില്‍ക്സിന്റെ പാര്‍ട്നര്‍ ഗോവിന്ദ് കമ്മത്ത് പറഞ്ഞു. വസ്ത്രമേഖലയെ ഇതിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കാത്തിനാല്‍ വസ്ത്രനിര്‍മാണം കേന്ദ്രീകരിച്ചിട്ടുള്ള ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രക്ഷോഭത്തിലേക്കു പോകാനുള്ള സാധ്യത ഏറെയാണ്. ഇത്  വസ്ത്രവിപണിയില്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ഓണവില്‍പ്പനയെ ഇതുബാധിച്ചേക്കാം- കമ്മത്ത് പറഞ്ഞു.

ആശയക്കുഴപ്പം മാറാത്തതിനാല്‍ കമ്പനികളും ഡീലര്‍മാരുമൊക്കെ ഓണംവിപണിയുടെ ആസൂത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വൈകിപ്പിക്കുകയാണെന്നും ഇത്തവണ കേരളത്തില്‍ ഓണവിപണി വൈകിയേ തുടങ്ങൂ എന്നും തൊടുപുഴയിലെ ബ്രാഹ്മിന്‍സ് ഗ്രൂപ്പ് സാരഥി ശ്രീനാഥ് വിഷണു പറഞ്ഞു.

വാഹനവിപണിയിലും ആശങ്കയുണ്ട്. ഉപയോഗിച്ച കാറുകളുടെ ജിഎസ്ടി പുതുകാറുകളുടേതിനൊപ്പം 40 ശതമാനംവരെ വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ ആ മേഖലതന്നെ ഇല്ലാതായേക്കാമെന്ന് പോപ്പുലര്‍ ഗ്രൂപ്പ് മേധാവി ജോണ്‍ കെ പോള്‍ പറഞ്ഞു. ഉപയോഗിച്ച കാറുകളുടെ വില്‍പ്പന വീണ്ടും അസംഘടിതമേഖലയിലേക്കു തിരിച്ചുപോകും. എല്ലാ ഡീലര്‍മാരുടെ പക്കലും മുന്‍വര്‍ഷത്തെ വാഹനഘടകഭാഗങ്ങളുടെ വന്‍ ശേഖരമുണ്ട.്് ജിഎസ്ടി വരുന്നതോടെ ഇതിന് ഇന്‍പുട്ട് ആനുകൂല്യം ലഭിക്കില്ല. സാധാരണക്കാരായ ഡീലര്‍മാര്‍ക്ക് ഇത് ഭാരമാകും. ചെറുകാറുകള്‍ക്ക് ജിഎസ്ടി വരുമ്പോള്‍ നികുതി ഉയരാന്‍ സാധ്യതയില്ല. എന്നാല്‍ ആഡംബര കാറുകള്‍ക്ക് നിലവിലിപ്പോള്‍ 55 ശതമാനത്തോളം നികുതി ഈടാക്കുന്നത് ഭാവിയില്‍ കുറയാനിടയുണ്ട്. അപ്പോള്‍ കൂടുതല്‍ പേര്‍ ആഡംബരകാറുകളിലേക്കു തിരിയാനുള്ള പ്രവണതയുമുണ്ട്- ജോണ്‍ കെ പോള്‍ കൂട്ടിച്ചേര്‍ത്തു.

ജിഎസ്‌ടി വരുമെന്ന് ഉറപ്പായിക്കഴിഞ്ഞെങ്കിലും വിപണിയില്‍ അതുസംബന്ധിച്ച് സര്‍വത്ര ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. നിലവില്‍ ജിഎസ്ടി കൌണ്‍സില്‍ 2000ത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിനിരക്കു നിശ്ചയിച്ചിട്ടുണ്ട്്. ഇതില്‍ 81 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും 18 ശതമാനമാണ് ജിഎസ്ടി. സംസ്ഥാനത്തെ വ്യാപാരികളിലേറെയും സോഫ്റ്റ്വെയര്‍ അപഗ്രേഡ് ചെയ്തും ഇന്‍വോയ്സ് തയ്യാറാക്കിയുമൊക്കെ ജിഎസ്ടിയെ വരവേല്‍ക്കാനൊരുങ്ങിയെങ്കിലും നികുതിനിരക്കു സംബന്ധിച്ച് പരക്കെ ആശയക്കുഴപ്പം ഉള്ളതിനാല്‍ ആശങ്കയിലാണവര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top