Deshabhimani

ബജറ്റ് ആശങ്ക: ധനകാര്യസ്ഥാപനങ്ങള്‍ പിന്നിട്ടവാരം നിലകൊണ്ടത് വില്‍പ്പനക്കാരായി... സ്‌റ്റോക് റിവ്യൂ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 10:40 PM | 0 min read

ബജറ്റില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് നീക്കം നടക്കുമോയെന്ന ആശങ്കയില്‍ ആഭ്യന്തര ധനകാര്യസ്ഥാപനങ്ങള്‍ പിന്നിട്ടവാരം ഇടപാടുകള്‍ നടന്ന എല്ലാ ദിവസങ്ങളിലും വില്‍പ്പനക്കാരായി നിലകൊണ്ടു. നാല് പ്രവര്‍ത്തി ദിനങ്ങളിലായി 4200 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വിറ്റുമാറിയത്. പിന്നിട്ട നാലാഴ്ച്ചകളില്‍ 3554 പോയിന്റ് മുന്നേറിയ ബോംബെ സെന്‍സെക്‌സിന് പക്ഷേ കഴിഞ്ഞവാരം ഉയരാനായത് കേവലം 85 പോയിന്റ്  മാത്രം. നിഫ്റ്റിയാവട്ടേ പോയവാരം ഉയര്‍ന്നത് 28 പോയിന്റും

  വിദേശ ഓപ്പറേറ്റര്‍മാര്‍ നിക്ഷപകരായി നിറഞ്ഞ് നില്‍ക്കുകയാണ്. ആഭ്യന്തര ഫണ്ടുകള്‍ നടത്തിയ വില്‍പ്പനയുടെ മൂന്നിരട്ടി മൂല്യമുള്ള ഓഹരികള്‍ ശേഖരിച്ച് വിദേശ ഫണ്ടുകള്‍ കാഴ്ച്ചവെച്ച ശക്തമായ വാങ്ങല്‍ മുന്‍ നിര ഓഹരി ഇന്‍ഡക്‌സുകളെ സര്‍വകാല റെക്കോര്‍ഡിലേയ്ക്ക് ഉയര്‍ത്തി.

   വിദേശ ഫണ്ടുകള്‍ പിന്നിട്ടവാരം മൊത്തം 10,945.98 കോടി രൂപയുടെ വാങ്ങല്‍ നടത്തി. ആഭ്യന്തര ഫണ്ടുകള്‍ ഇടപാടുകള്‍ നടന്ന നാല് ദിവസവും വില്‍പ്പനകാരായി 4226 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.

    മുന്‍ നിര ഓഹരിയായ ഇന്‍ഫോസീസ്, ടെക് മഹീന്ദ്ര, എച്ച് സി എല്‍ ടെക്, റ്റി സി എസ്, എച്ച് യു എല്‍, എയര്‍ ടെല്‍, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ഐ റ്റി സി, എം ആന്റ് എം ഓഹരികള്‍ മികവ് കാണിച്ചപ്പോള്‍ ടാറ്റാ മോട്ടേഴ്‌സ്, ടാറ്റാ സ്റ്റീല്‍, ജെ എസ് ഡബ്ലിയു, ആര്‍ ഐ എല്‍, സണ്‍ ഫാര്‍മ്മ, ഇന്‍ഡസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എല്‍ ആന്റ് റ്റി, മാരുതി ഓഹരികളില്‍ നിക്ഷേപകര്‍ വിറ്റു.  

  നിഫ്റ്റി സൂചിക ബുള്‍ ഓപ്പറേറ്റര്‍മാരുടെ പിന്‍തുണയില്‍ 24,502 ല്‍ നിന്നും 24,592 റെക്കോര്‍ഡ് ഭേദിച്ച് 24,854 വരെ കുതിച്ച് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. വാരാന്ത്യം നിഫ്റ്റി സൂചിക 24,530 പോയിന്റ്റിലാണ്. ബജറ്റ് പ്രഖ്യാപനം വിപണിയെ പിടിച്ച് ഉലച്ചാല്‍ 24,310 ലും 24,090 ലും താങ്ങ് നിലവിലുണ്ട്. അനുകൂല വാര്‍ത്തകള്‍ക്ക് വിപണിയെ 24,802 - 25,000 ലേയ്ക്ക് ഉയര്‍ത്താനാവും. വിപണിയുടെ സാങ്കേതിക ചലനങ്ങള്‍ പ്രതിദിന ചാര്‍ട്ടില്‍ വിലയിരുത്തിയാല്‍ സൂപ്പര്‍ ട്രന്റ്, പാരാബോളിക്ക് എസ് ഏ ആര്‍ ബുള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അനുകൂലമാണ്.

    സെന്‍സെക്‌സ് മുന്‍വാരത്തിലെ 80,519 ല്‍ നിന്നും 80,893 റെക്കോര്‍ഡ് തകര്‍ത്ത് പുതിയ ഉയരമായ 81,587 വരെ കുതിച്ചു. ഈ  അവസരത്തില്‍ ധനകാര്യസ്ഥാപനങ്ങള്‍ ലാഭമെടുപ്പിലേയ്ക്ക് ശ്രദ്ധ തിരിച്ചത് മൂലം വാരാന്ത്യം ക്ലോസിങില്‍ 80,604 പോയിന്റ്റിലാണ്. ഈ വാരം സൂചികയ്ക്ക് 81,478 - 82,353 പോയിന്റ്റില്‍ പ്രതിരോധമുണ്ട്. വിപണിക്ക് തിരിച്ചടി നേരിട്ടാല്‍ സൂചികയ്ക്ക് 79,837 - 79,071 ല്‍ താങ്ങ് പ്രതീക്ഷിക്കാം.

     ഫോറെക്‌സ് മാര്‍ക്കറ്റില്‍ യു എസ് ഡോളറിന് മുന്നില്‍ രൂപയുടെ മൂലം വീണ്ടും ഇടിഞ്ഞു. രൂപ വാരാരംഭത്തില്‍ 83.54 ല്‍ നിന്നും ദുര്‍ബലമാകുന്നത് കണ്ട് റിസര്‍വ് ബാങ്ക് കരുതല്‍ ധനം ഒന്നില്‍ അധികം തവണ ഇറക്കിയിട്ടും മൂല്യം 83.80 ലേയ്ക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം രൂപ 83.69 ലാണ്. വിനിമയ വിപണിയുടെ ചലനങ്ങള്‍ നിരീക്ഷിച്ചാല്‍ മൂലം 83.90 ലേയ്ക്കും തുടര്‍ന്ന് 84 ലേയ്ക്കും ദുര്‍ബലമാകാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു.
  ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 666.9 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക്. 2022 ഒക്ടോബറില്‍ 524.5 ബില്യണ്‍ ഡോളറിലേയ്ക്ക് ഇടിഞ്ഞ ശേഷമാണ് തിരിച്ചു വരവ് നടത്തിയത്. ശക്തമായ വിദേശ നിക്ഷേപമാണ് കരുതല്‍ ധനം ഉയരാന്‍ അവസരം ഒരുക്കിയതെന്ന് കേന്ദ്ര ബാങ്ക്.

  സാര്‍വദേശീയ വിപണിയില്‍ മഞ്ഞലോഹം റെക്കോര്‍ഡ് പ്രകടനം കാഴ്ച്ചവെച്ചു. ട്രോയ് ഔണ്‍സിന് 2410 ഡോളറില്‍ നിന്നും 2454 ഡോളറിലെ പ്രതിരോധം തകര്‍ത്ത് ഏക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2484 ഡോളര്‍ വരെ ഉയര്‍ന്നു. സ്വര്‍ണ വിപണിയിലെ കുതിപ്പിനിടയില്‍ ഫണ്ടുകള്‍ ലാഭമെടുപ്പിന് മത്സരിച്ച് ഇറങ്ങിയതോടെ ഒരവസരത്തില്‍ 2392 ഡോളറിലേയ്ക്ക് താഴ്ന്ന ശേഷം മാര്‍ക്കറ്റ് ക്ലോസിങില്‍ 2400 ഡോളറിലാണ്.


 



deshabhimani section

Related News

View More
0 comments
Sort by

Home