ഇൻഷൂറൻസ് മേഖലയിൽ വിശ്വാസ്യത കുറയുന്നോ ? മുന്നറിയിപ്പുമായി റെഗുലേറ്ററി അതോറിറ്റി

ഇൻഷുറൻസ് മേഖലയിൽ ഉപഭോക്താക്കളെ കണക്കിലെടുക്കാതെയുള്ള പോളിസി വിപണനവും ബിസിനസ് സമീപനങ്ങളും വെല്ലുവിളി ഉയർത്തുന്നതായി മുന്നറിയിപ്പുമായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. 2024-25 ലെ വാർഷിക റിപ്പോർട്ടിലാണ് പരാമർശങ്ങൾ.
തെറ്റായ വിൽപ്പന ഇപ്പോഴും പ്രധാന ആശങ്കയായി തുടുന്നതായി റിപ്പോർട് പറയുന്നു. ലൈഫ് ഇൻഷുറൻസ് കമ്പനികൾക്കെതിരെ അൺഫെയർ ബിസിനസ് പ്രാക്ടീസസ് (യുഎഫ്ബിപി) പ്രകാരമുള്ള പരാതികൾ വർധിച്ചു. ഈ വിഭാഗത്തിൽ 2023-24 ൽ രജിസ്റ്റർ ചെയ്ത ആകെ പരാതികളുടെ എണ്ണം 23,335 ആയിരുന്നു. 2024-25 ൽ ഇത് 26,667 ആയി വർധിച്ചതായി റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.
പോളിസികൾ സംബന്ധിച്ച് ഉണ്ടായ മൊത്തം പരാതികളിൽ അൺഫെയർ ബിസിനസ് പരാതികളുടെ എണ്ണം മുൻ സാമ്പത്തിക വർഷത്തിൽ 19.33 ശതമാനം ആയിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ ഇത് 22.14 ശതമാനമായി വർധിച്ചു.
രജിസ്റ്റർ ചെയ്ത ആകെ പരാതികളുടെ എണ്ണം 2023-24 വർഷത്തിൽ 1,20,726 ആയിരുന്നത് 2024-25 വർഷത്തിൽ 1,20,429 ആയി ഏതാണ്ട് അതേപടി തന്നെ നിലനിൽക്കയും ചെയ്യുന്നു.
ഇവയുടെ അടിസ്ഥാന കാരണങ്ങൾ തിരിച്ചറിഞ്ഞ് മറികടക്കാൻ ഇൻഷുറൻസ് കമ്പനികൾ വിശകലനം നടത്തേണ്ടതുണ്ടെന്ന് റെഗുലേറ്റർ വാർഷിക റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
നിബന്ധനകളും വ്യവസ്ഥകളും വിശദമാക്കാതെയും അനുയോജ്യത കൃത്യമായി വെളിപ്പെടുത്താതെയും ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് പോളിസികൾ വിൽക്കുന്നു. തെറ്റായ വിൽപ്പന തടയുന്നതിനോ കുറയ്ക്കുന്നതിനോ നടപടി ഉണ്ടാവുന്നുല്ല. ഇതിനെതിരെ ഒരു പദ്ധതി വികസിപ്പിക്കാനും തന്ത്രങ്ങൾ നടപ്പിലാക്കാനും റിപ്പോർട് നിർദ്ദേശിക്കുന്നു.
കോർപ്പറേറ്റ് ഭരണത്തിന് കീഴിലേക്ക് വന്നു എന്ന് അവകാശപ്പെടുമ്പോഴും അതിന്റെ മികവുകൾ ഉപഭോക്താവിന് ലഭിക്കുന്നില്ല. എന്നാൽ ബിസിനസ് തന്ത്രങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്നു.
2024-25 ൽ, ഇന്ത്യയിലെ ഇൻഷുറൻസ് സാന്ദ്രത നേരിയ വർദ്ധനവ് കാണിച്ചു. 2023-24 ൽ 95 യുഎസ് ഡോളറിൽ നിന്ന് 2024-25 ൽ 97 യുഎസ് ഡോളറായി വർദ്ധിച്ചു. പ്രത്യേകിച്ചും, ലൈഫ് ഇൻഷുറൻസ് സാന്ദ്രത 70 യുഎസ് ഡോളറിൽ നിന്ന് 72 യുഎസ് ഡോളറായി വർദ്ധിച്ചു. അതേസമയം നോൺ-ലൈഫ് ഇൻഷുറൻസ് സാന്ദ്രത 25 യുഎസ് ഡോളറിൽ സ്ഥിരമായി തുടരുന്നു. 2016-17 മുതൽ ഇൻഷുറൻസ് സാന്ദ്രതയിലെ ഈ പ്രവണത സ്ഥിരമായി നിലനിൽക്കുകയാണ് എന്നും റിപ്പോർട് ചൂണ്ടി കാട്ടുന്നു.










0 comments