ഈ ആപ് തട്ടിപ്പാണോ? വായ്പയെടുക്കും മുമ്പ് നോക്കുക

ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ വർധിച്ചതോടെ മൊബൈൽ ആപ്പുകൾവഴിയുള്ള വായ്പത്തട്ടിപ്പുകളും വർധിച്ചിരിക്കുകയാണ്. വേഗത്തിൽ വായ്പ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്ത് വൻ തുക മുൻകൂർ ഫീസ് ഈടാക്കി കബളിപ്പിക്കുന്നവർമുതൽ വായ്പ ചോദിക്കുന്നവരുടെ സ്വകാര്യവിവരങ്ങൾ കൈക്കലാക്കി അതുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നവർവരെയുണ്ട്. സംസ്ഥാനത്ത് നിരവധിപേർ വായ്പ ആപ്പുകളുടെ ഇരകളായി ജീവിതം അവസാനിപ്പിച്ചിട്ടുമുണ്ട്. അടുത്ത ഇര നിങ്ങളാകരുത്. മോഹിപ്പിക്കുന്ന ആപ്പുകൾക്ക് തലവച്ചുകൊടുക്കുംമുമ്പ് ഈ ആപ്പുകൾ അംഗീകൃതമാണോ എന്ന് ഉറപ്പാക്കണം. റിസർവ് ബാങ്ക് ഇപ്പോൾ രാജ്യത്തെ അംഗീകൃത വായ്പ ആപ്പുകളുടെ വിശദമായ പട്ടിക പുറത്തിറക്കിയിട്ടുണ്ട്.
1600 ആപ്പുകളുടെ വിവരങ്ങൾ
ഡിജിറ്റൽ വായ്പമേഖലയിലെ ഇടപാടുകളെക്കുറിച്ചുള്ള പരാതികൾ വർധിച്ചതോടെ ഈ മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനുള്ള 2023ലെ ഡിജിറ്റൽ വായ്പ മാർഗനിർദേശങ്ങളുടെ ഭാഗമായാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1600 അംഗീകൃത വായ്പ ആപ്പുകളുടെ വിവരങ്ങളാണ് റിസർവ് ബാങ്ക് www.rbi.org.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്.
പരിശോധിക്കാൻ എളുപ്പം
സാധാരണക്കാർക്കും എളുപ്പത്തിൽ പരിശോധിക്കാവുന്ന വിധത്തിലാണ് വെബ്സൈറ്റിൽ പട്ടിക ക്രമീകരിച്ചിരിക്കുന്നത്. നിങ്ങൾ വായ്പയ്ക്ക് സമീപിച്ചിരിക്കുന്ന ആപ് അംഗീകൃതമാണോ എന്നറിയാൻ വെബ്സൈറ്റ് തുറന്ന് മധ്യഭാഗത്തുള്ള മെനുവിൽ വലത്തേ അറ്റത്തുള്ള "സിറ്റിസൺസ് കോർണർ' എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന വിവിധ ഇനങ്ങളിൽ താഴെയുള്ള DLA's deployed by Regulated Entities എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ആപ്പുകളുടെ പട്ടിക കാണാം. പേജിന്റെ താഴെയായി അടുത്ത പേജിലേക്ക് പോകാനും മുൻ പേജിലേക്ക് തിരികെ വരാനും ക്ലിക്ക് ചെയ്യുന്നതിന് < > ചിഹ്നങ്ങൾ നൽകിയിട്ടുണ്ട്.
ആപ് ഏത് സ്ഥാപനത്തിന്റെ കീഴിലുള്ളതാണെന്നും അത് ബാങ്കാണോ ബാങ്ക് ഇതര ധനസ്ഥാപന (എൻബിഎഫ്സി)മാണോയെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ആപ് ഉടമസ്ഥന്റെ പേര്, ലിങ്ക്, ആപ്പിന്റെ ഇടപാടുകളെക്കുറിച്ച് പരാതികളുണ്ടെങ്കിൽ നൽകുന്നതിന് പരാതിപരിഹാര ഓഫീസറുടെ പേര്, ഇ– മെയിൽ വിലാസം, ഫോൺ നമ്പറുകൾ എന്നിവയും ഇതിനൊപ്പം ലഭ്യമാണ്.








0 comments