മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ് ഫിനാൻസിന് ഐവിആർ റേറ്റിങ്

മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ 300 കോടി രൂപയുടെ സ്ഥിരനിക്ഷേപ പദ്ധതിക്ക് ഇൻഫോമെറിസ് വാല്യുവേഷൻ ആൻഡ് റേറ്റിങ് ലിമിറ്റഡ് ഉയർന്ന വായ്പാ വിശ്വാസ്യത സൂചിപ്പിക്കുന്ന ‘ഐവിആർ എ എ-/സ്ഥിരതയുള്ള’ റേറ്റിങ് നൽകി. മുത്തൂറ്റ് ഗ്രൂപ്പുമായുള്ള ബന്ധം, മികച്ച മൂലധന പര്യാപ്തത, മെച്ചപ്പെടുന്ന ലാഭക്ഷമത, സ്വർണവായ്പാ മേഖലയിലേക്കുള്ള തന്ത്രപരമായ മാറ്റം, ശക്തമായ പണലഭ്യത എന്നിവയാണ് റേറ്റിങ്ങിന് അനുകൂലമായ ഘടകങ്ങൾ.
2026 ജൂൺ 30-ന് കമ്പനിയുടെ മൂലധന പര്യാപ്തത അനുപാതം 53.21 ശതമാനവും വായ്പാ പോർട്ട്ഫോളിയോയിൽ സ്വർണവായ്പകളുടെ വിഹിതം 74 ശതമാനവുമാണ്. 2026 സാമ്പത്തിക വർഷത്തിൽ അറ്റാദായം 13.94 കോടി രൂപയായി ഉയർന്നു. എന്നാൽ, പഴയ വാഹനവായ്പകളിലെ കുടിശ്ശിക കാരണം മൊത്തം കിട്ടാക്കട അനുപാതം 5.13 ശതമാനമായി തുടരുന്നു. സ്വർണവായ്പകളിലെ 90 ദിവസത്തിലധികം കുടിശ്ശിക ഒരു ശതമാനത്തിൽ താഴെയാണ്.
കമ്പനിയുടെ വായ്പകളിൽ 98 ശതമാനത്തോളം കേരളത്തിൽ നിന്നുള്ളതാണ്. 1992-ൽ സ്ഥാപിതമായ മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ് ഫിനാൻസ് റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്ത നിക്ഷേപം സ്വീകരിക്കുന്ന ധനകാര്യ സ്ഥാപനമാണ്. കൊച്ചിയാണ് ആസ്ഥാനം. വാഹനവായ്പ, സ്വർണവായ്പ, സ്ഥിരനിക്ഷേപം, ആവർത്തന നിക്ഷേപം എന്നിവ നൽകുന്ന സ്ഥാപനത്തിന് കേരളത്തിലെ 13 ജില്ലകളിലായി 56 ശാഖകളും തമിഴ്നാട്ടിൽ ഒരു ശാഖയുമുണ്ട്.








0 comments