അസംസ്കൃത എണ്ണവില കുതിക്കുന്നു, സ്വർണ്ണവില താഴോട്ട്; കഴിഞ്ഞ ആഴ്ചയിലെ വിപണി വിശേഷങ്ങൾ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ആഗോള വിപണിയിൽ ചാഞ്ചാട്ടം തുടരുന്നതിനാൽ കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണിയും ഇതേ നിലയിലായിരുന്നു. മാർച്ച് 9ന് തിങ്കളാഴ്ച ഇന്ത്യൻ സൂചികകൾ വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഭാഗികമായി തിരിച്ചു കയറി. എന്നിരുന്നാലും കഴിഞ്ഞ വാരം പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. തുടർച്ചയായി മൂന്നു ദിവസമാണ് വിപണി കനത്ത നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചതാണ് ഓഹരി സൂചികകളിലും പ്രതിഫലിച്ചത്. രണ്ടാഴ്ച മുൻപ് അസംസ്കൃത എണ്ണ വീപ്പയ്ക്ക് 72.48 ഡോളറായിരുന്നു. പത്ത് ദിവസംകൊണ്ട് ഇത് 100 ഡോളറായി. 2022ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.
അതേസമയം ഇറാൻ സൈനിക കമാൻഡ് വക്താവ് ബുധനാഴ്ച അമേരിക്കയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസ്താവനയിൽ എണ്ണവില വീപ്പയ്ക്ക് 200 ഡോളറെന്ന നിലയിലേക്ക് ഉയരുന്നത് കാണുന്നത് കാത്തിരിക്കാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ആഗോളതലത്തിൽ എണ്ണവില കുറയണമെങ്കിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം പുനരാരംഭിക്കണം.
സ്വർണവില ഒരു ലക്ഷത്തിൽ നിന്നും താഴേക്കിറങ്ങാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാലും രണ്ടാഴ്ചക്കിടെ 10,000 രൂപയോളമാണ് പവന് കുറഞ്ഞത്. ഈ മാസം മാത്രം ഓരോ ദിവസവും സ്വർണവില കുറയുകയാണ്. വരും ദിവസങ്ങളിലും വില കുറഞ്ഞാൽ സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമാകും.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനാൽ ഡോളർ കുതിക്കുകയാണ്. ഇതേത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയാണ്. ആഭ്യന്തര ഓഹരി വിപണിയിലെ തളർച്ചയും വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നതും രൂപയുടെ മൂല്യത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കിയ വാരമായിരുന്നു ഇത്.










0 comments