ഓഹരി വിൽപ്പനയ്ക്ക് മീഷോ; ഐപിഒയ്ക്ക് സെബിയുടെ അനുമതി

ന്യൂഡൽഹി : ഓഹരി വിപണി രംഗത്തേക്ക് ഇ- കൊമേഴ്‌സ് സ്ഥാപനമായ മീഷോയും. പ്രാരംഭ പബ്ലിക് ഓഫറിംഗിന് (initial public offering - IPO) സെബിയുടെ അനുമതി ലഭിച്ചു. പുതിയ ഇക്വിറ്റി ഇഷ്യൂ വഴിയും നിലവിലുള്ള ചില നിക്ഷേപകരുടെ ഓഹരികളുടെ ദ്വിതീയ വിൽപ്പനയിലൂടെയും 4,250 കോടി രൂപ സമാഹരിക്കുന്നതിനുള്ള പുതുക്കിയ കരട് ഐപിഒ പേപ്പറുകൾ സമർപ്പിച്ചതായി സെബി വ്യക്തമാക്കിയിരുന്നു. 6,600 കോടിയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിനാണ് അനുമതി ലഭിച്ചത്. ഐപിഒ ഡിസംബറിൽ വിപണിയിലെത്തുമെന്നാണ് സൂചന. ജൂലൈയിലാണ് മീഷോ സെബിക്ക് ഐപിഒ അപേക്ഷ സമർപ്പിച്ചത്.
എലിവേഷൻ ക്യാപിറ്റൽ, പീക്ക് എക്സ്‍വി പാർട്ണേഴ്സ്, വെൻച്വർ ഹൈവേ, വൈ കോംപിനേറ്റർ എന്നിവയുൾപ്പെടെയുള്ള ആദ്യകാല നിക്ഷേപകർക്ക് കമ്പനിയിലെ തങ്ങളുടെ ഓഹരികളുടെ ഒരു ഭാഗം വിറ്റുകൊണ്ട് പണം സമ്പാദിക്കാൻ സാധിക്കും. പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ മീഷോ ഏകദേശം 4,250 കോടി ഐപിഒയിലൂടെ സമാഹരിക്കും. ശേഷിക്കുന്ന ഐപിഒ തുക ഓഫർ-ഫോർ-സെയിലിൽ നിന്ന് ലഭിക്കും. അതിൽ ഓഹരി ഉടമകൾ അവരുടെ ഓഹരികൾ പുതിയ നിക്ഷേപകർക്ക് വിൽക്കും.
2015 ൽ വിദിത് ആത്രേയും സഞ്ജീവ് ബൺവാളും ചേർന്ന് സ്ഥാപിച്ച മീഷോയുടെ മൂല്യം 88,770 കോടിയോളം രൂപയാണ്. മീഷോയിലെ മറ്റ് നിക്ഷേപകർക്ക് പുറമെ വിദിത് ആത്രേയും സഞ്ജീവ് ബൺവാളും ഐപിഒയിലൂടെ ചില ഓഹരികൾ വിൽക്കും. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി 2024–25 വർഷത്തിൽ 3,941 കോടിയുടെ നഷ്ടം റിപ്പോർട്ട് ചെയ്തു. റിവേഴ്സ് ഫ്ലിപ്പ് ടാക്സ്, പെർക്വിസിറ്റ് ടാക്സ് എന്നിവയുൾപ്പെടെയുള്ള ഒറ്റത്തവണ ഐപിഒയുമായി ബന്ധപ്പെട്ട ചെലവുകളിലാണ് കമ്പനി നഷ്ടം റിപ്പോർട്ട് ചെയ്തത്. യുഎസിലെ ഡെലവെയറിൽ നിന്ന് ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റുന്നതും നഷ്ടത്തിന് കാരണമായി. 2024 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 7,615 കോടി രൂപയും നഷ്ടം 305 കോടി രൂപയുമായിരുന്നു.
മീഷോയുടെ 2025 സാമ്പത്തിക വർഷത്തെ പ്രവർത്തന വരുമാനം 25 ശതമാനം ഉയർന്ന് 9,390 കോടിയും മൊത്തം വ്യാപാര മൂല്യം 30 ശതമാനം വർദ്ധിച്ച് 30,000 കോടിയിലുമെത്തി. ഉപയോക്താക്കൾ 21.3 കോടിയെത്തി. കമ്പനിയുടെ ഓർഡർ ഫ്രീക്വൻസി പ്രതിവർഷം 7.5 മടങ്ങിൽ നിന്ന് 9.2 മടങ്ങായി വർദ്ധിച്ചുവെന്നും മീഷോ സമർപ്പിച്ച ഐപിഒ കരടിൽ പറയുന്നു. മീഷോയുടെ ലോജിസ്റ്റിക്സ് വിഭാഗമായ വാൽമോ, ഏപ്രിൽ-ജൂൺ മാസങ്ങളിൽ ഏകദേശം 300 ദശലക്ഷം ഷിപ്പ്‌മെന്റുകൾ കൈകാര്യം ചെയ്ത് മറ്റ് ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമുകളെ മറികടന്നതായും റിപ്പോർട്ടിൽ പറയുന്നു.










0 comments