ad
Deshabhimani

ഊര്‍ജ പ്രതിസന്ധി മറികടക്കാൻ ബദൽ തേടി രാജ്യങ്ങൾ, ആണവ വിപണിയിൽ വൻ മത്സരം

nuc
വെബ് ഡെസ്ക്

Published on Apr 17, 2026, 03:07 PM | 2 min read

ഇറാനെതിരായ ഉപരോധത്തെ തുടര്‍ന്നുണ്ടായ ആഗോള ഊർജ പ്രതിസന്ധി ഏഷ്യയിലും ആഫ്രിക്കയിലും ആണവോർജ്ജ മേഖലയിൽ പുതിയ പ്രവണതകൾക്ക് കാരണമാകുന്നു. ഊര്‍ജ ലഭ്യതയുടെ കാര്യത്തിൽ സ്വയം പര്യാപ്തത എന്ന നിലപാടിലേക്ക് രാജ്യങ്ങൾ മാറുമ്പോൾ ആണവ നിലയങ്ങൾ എന്ന ബദലാണ് ആദ്യം പരിഗണനയിൽ എത്തുന്നത്. ആണവ രാജ്യങ്ങൾ ഇതിനെ തങ്ങളുടെ വിപണി അവസരമാക്കി മുതലെടുക്കാനും തുടങ്ങുന്നു.


ഇതോടെ ലോകം ഒരു കാലത്ത് ആശങ്കയോടെ അകറ്റി നിര്‍ത്തിയിരുന്ന ആണവ നിലയങ്ങളിലേക്ക് രാജ്യങ്ങളെ തിരിച്ചെത്തിക്കുന്നു. ഇന്ധനവില വർദ്ധനവും ഊർജ്ജ തടസ്സങ്ങളും ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളെയാണ് കൂടുതലും ബാധിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ, പ്രകൃതിവാതക ലഭ്യത കുറഞ്ഞതോടെ ഈ രണ്ട് ഭൂഖണ്ഡങ്ങളിലെയും രാജ്യങ്ങൾ തങ്ങളുടെ ഭാവി ഊർജ സുരക്ഷയ്ക്കായി അണുശക്തിയെ പ്രധാന മാർഗ്ഗമായി കാണുന്നു.


ഇന്ധന ഇറക്കുമതിയെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങളാണ് പ്രതിസന്ധിയിൽ ആദ്യം തളർന്നത്. 2011-ലെ ഫുകുഷിമ ദുരന്തത്തിന് ശേഷം ആണവോർജ്ജത്തിൽ നിന്ന് പിന്നോട്ട് പോയ ജപ്പാൻ ഇപ്പോൾ നയം മാറ്റുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ആണവനിലയമായ കാഷിവാസാക്കി-കാരിവ വീണ്ടും പ്രവർത്തനം ആരംഭിച്ചു. അമേരിക്കയുമായി 40 ബില്യൺ ഡോളറിന്റെ പുതിയ കരാറിലും ജപ്പാൻ ഒപ്പിട്ടു. ഫ്രാൻസുമായി ആണവ ഇന്ധന പുനരുപയോഗ കരാറിലും ജപ്പാൻ ഒപ്പുവെച്ചു.


തങ്ങളുടെ നിലയങ്ങളിലെ ഉൽപ്പാദനം വർദ്ധിപ്പിക്കാനും അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട അഞ്ച് റിയാക്ടറുകൾ ഉടൻ തുറക്കാനുമാണ് ദക്ഷിണ കൊറിയൻ തീരുമാനം. പതിറ്റാണ്ടുകളായി അടഞ്ഞുകിടന്ന ആണവനിലയങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഫിലിപ്പീൻസ് ഒരുങ്ങുന്നു. 1973-ലെ എണ്ണപ്രതിസന്ധിക്കാലത്ത് നിർമ്മിച്ച് പിന്നീട് ഉപേക്ഷിച്ച നിലയം പ്രവർത്തനക്ഷമമാക്കാൻ ഫിലിപ്പീൻസ് നടപടി ആരംഭിച്ചു കഴിഞ്ഞു. വിയറ്റ്നാം റഷ്യയുമായി പുതിയ റിയാക്ടറുകൾക്കായി കരാറിലേർപ്പെട്ടു. ബംഗ്ലാദേശും റഷ്യൻ സഹായത്തോടെ പുതിയ നിലയങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുന്നു.


Related News

ആഫ്രിക്കയിലെ 54 രാജ്യങ്ങളിൽ 20-ലധികം രാജ്യങ്ങൾ ഇപ്പോൾ ആണവോർജ്‍ജ പദ്ധതികൾ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്. നിലവിൽ ദക്ഷിണാഫ്രിക്കയിൽ മാത്രമാണ് ആണവനിലയങ്ങളുള്ളത്. ആണവോർജ്ജം വെറുമൊരു ആഗ്രഹമല്ല, മറിച്ച് തന്ത്രപരമായ ആവശ്യമാണെന്നാണ് കെനിയ പ്രതികരിച്ചിട്ടുള്ളത്. കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്ന 'സ്മോൾ മോഡുലാർ റിയാക്ടറുകൾ' (SMR) മുൻനിര്‍ത്തിയാണ് യു എസ് വിപണി സജീവമാകുന്നത്. റഷ്യൻ കമ്പനിയായ റോസാറ്റം ഈജിപ്തിൽ ആദ്യത്തെ ആണവനിലയം നിർമ്മിച്ചു കൊണ്ടിരിക്കയാണ്.


ആഫ്രിക്കയിലെ ആണവ വിപണി പിടിച്ചെടുക്കാൻ അമേരിക്കയും റഷ്യയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. എത്യോപ്യ, ബുർക്കിന ഫാസോ തുടങ്ങിയ രാജ്യങ്ങളുമായി റഷ്യ കരാറുകൾ ഒപ്പിട്ടു. കെനിയയും ഘാനയും അമേരിക്കൻ നേതൃത്വത്തിലുള്ള ആണവ പദ്ധതികളിൽ പങ്കാളികളായി.


ആണവ ശക്തി നശിപ്പിക്കാൻ യുദ്ധം

മറുവശത്ത് നിലയങ്ങൾ നൽകാൻ മത്സരം


ആണവോർജ്ജം കാർബൺ പുറന്തള്ളാത്ത ഊർജ്ജ സ്രോതസ്സാണെങ്കിലും, റേഡിയോ ആക്ടീവ് മാലിന്യങ്ങൾ സംസ്കരിക്കുന്നത് വലിയ വെല്ലുവിളിയാണ്. കൂടാതെ, യുദ്ധസമയങ്ങളിൽ ആണവനിലയങ്ങൾ ആക്രമിക്കപ്പെടാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവ കൈകാര്യം ചെയ്യുന്നതിൽ ഭരണകൂട അസ്ഥിരതയുള്ള രാജ്യങ്ങൾ പരാജയപ്പെടുന്ന സാഹചര്യം ഉണ്ടാവാം. ഇത്തരം സാഹചര്യങ്ങളിൽ ദുരന്തഫലം വലുതായിരിക്കും. ആണവോർജ്ജ പദ്ധതികൾ ആയുധ നിർമ്മാണത്തിലേക്ക് നയിക്കുമോ എന്ന ഭയവും പല രാജ്യങ്ങൾക്കുമുണ്ട്. ഇത് സാധ്യമാക്കുക എളുപ്പമാക്കുകയാവും ആണവ ഊര്‍ജ നിലയങ്ങൾ ചെയ്യുന്നത്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home