പശ്ചിമേഷ്യൻ സംഘർഷം
ഇന്ത്യൻ രൂപയുടെ കരുത്ത് ചോരുന്നു; ബാങ്കുകളുടെ ഡോളർ പരിധി കുറക്കാൻ ആർബിഐ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും ആഗോള വിപണിയിലെ എണ്ണവില വർധനവും രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിടുകയാണ്. കഴിഞ്ഞദിവസം യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 95 കടന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതാണ് രൂപക്ക് തിരിച്ചടിയായത്. ഇതോടെ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി (Current Account Deficit) അപകടകരമായ രീതിയിൽ വർധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ബാങ്കുകളുടെ ദൈനംദിന ഡോളർ നീക്കിയിരിപ്പ് പരിധി (Net Overnight Open Position Limit) 10 കോടി ഡോളറിന് താഴെയാക്കാൻ കർശന നിർദേശം നൽകിയിരിക്കുകയാണ് റിസർവ് ബാങ്ക്. വിദേശ കറൻസി വിനിമയത്തിനായി ബാങ്കുകൾ ദിവസേന വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഡോളറിൽ ഒരു വ്യാപാരദിനം അവസാനിക്കുമ്പോൾ കൈവശം വെക്കാവുന്ന പരമാവധി തുകയാണിത്.
ബാങ്കുകളുടെ മൂലധനത്തിന്റെ 25 ശതമാനം വരെ കൈവശം വെക്കാമായിരുന്ന സ്ഥാനത്താണ് പുതിയ നിയന്ത്രണം ആർബിഐ കൊണ്ടുവന്നത്. വിനിമയ വിപണിയിലെ അമിതമായ ഊഹക്കച്ചവടവും അസ്വാഭാവികമായ ഇടപെടലുകളും നിയന്ത്രിക്കുക എന്നതാണ് ആർബിഐയുടെ ലക്ഷ്യം. പുതിയ നിർദേശം നടപ്പിലാക്കാൻ ഏപ്രിൽ 10 വരെയാണ് ബാങ്കുകൾക്ക് സമയം നൽകിയിരിക്കുന്നത്.
ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ പുതിയ പരിധി പാലിക്കുന്നത് പ്രായോഗികമല്ലെന്ന് പല ബാങ്കുകളും ചൂണ്ടിക്കാട്ടുന്നു. ഇതിനായി കുറഞ്ഞത് മൂന്ന് മാസമെങ്കിലും സമയം അനുവദിക്കണമെന്ന് ബാങ്കുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശം അതേപടി നടപ്പിലാക്കേണ്ടി വന്നാൽ, ബാങ്കുകളുടെ കൈവശമുള്ള വലിയ തോതിലുള്ള ഡോളർ ശേഖരം വെറും പത്തു ദിവസത്തിനുള്ളിൽ വിറ്റഴിക്കേണ്ടി വരും. ഇത് ബാങ്കുകൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ചില കമ്പനികൾ നടത്തിയ നീക്കങ്ങളാണ് വിപണിയിൽ രൂപയുടെ അസാധാരണമായ വിലയിടിവിന് കാരണമായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെലവ് കുത്തനെ കൂട്ടും. എണ്ണ ഇറക്കുമതിക്കായി കൂടുതൽ പണം ചെലവാക്കേണ്ടി വരുന്നത് ആഭ്യന്തര വിപണിയിൽ ഇന്ധനവില വർധിക്കാൻ കാരണമാകും. ഇന്ധനവില കൂടിയാൽ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരും. രാജ്യത്ത് നിലവിൽ തുടരുന്ന വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുസഹമാക്കും.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം എണ്ണ വിതരണത്തിൽ ഉണ്ടായ തടസവും വിലക്കയറ്റവും രൂപയെ ദുർബലപ്പെടുത്തി. ഡോളർ കരുത്താർജിക്കുന്നതോടെ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വ്യാപകമായി പണം പിൻവലിക്കുകയാണ്. ഇറക്കുമതി ചെലവ് കൂടുമ്പോൾ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം കുറയുന്നത് സാമ്പത്തിക അടിത്തറയെ ബാധിക്കുന്നു.
രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിടുമ്പോഴും ഫലപ്രദമായ ഇടപെടലുകൾ നടത്താൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറാകാത്തതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. കോർപ്പറേറ്റുകൾക്ക് ഇളവുകൾ നൽകുന്ന തിരക്കിൽ രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം ദുരിതത്തിലാക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് മോദി സർക്കാർ നടപ്പിലാക്കുന്ന വിനാശകരമായ സാമ്പത്തിക നയങ്ങളും പരിഷ്കാരങ്ങളും മുൻപ് രാജ്യം ഭരിച്ച കോൺഗ്രസ് സർക്കാരുകളുടെ പിന്തുടർച്ചയാണ്. ജനപക്ഷത്ത് നിൽക്കാതെയുള്ള ഇത്തരം വലതുപക്ഷ നയങ്ങളാണ് ഇന്ത്യയെ ഇന്നത്തെ ദയനീയമായ സാമ്പത്തികാവസ്ഥയിലേക്ക് എത്തിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന ഈ നയങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാകാനാണ് സാധ്യത.










0 comments