പരസ്യങ്ങളിൽ ട്രേഡ്‌മാർക്ക് ദുരുപയോഗം ചെയ്തു; ഗൂഗിളിന് 30 ലക്ഷം രൂപ പിഴയിട്ട് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: വിപണിയിൽ പരസ്പരം മത്സരിക്കുന്ന കമ്പനികൾക്ക് പരസ്യങ്ങളിലെ ദൃശ്യത വര്‍ധിപ്പിച്ചു നൽകാനായി പ്രശസ്ത ബ്രാൻഡുകളുടെ ട്രേഡ്മാര്‍ക്ക് ദുരുപയോഗം ചെയ്ത കേസിൽ ഗൂഗിളിന് തിരിച്ചടി. പ്രശസ്ത സാനിറ്ററിവെയർ ബ്രാൻഡായ ഹിന്ദ്‌വെയറിന്റെ ട്രേഡ്‌മാർക്ക് ഗൂഗിളിന്റെ 'ആഡ്-വേർഡ്‌സ്' പ്രോഗ്രാമിനായി കീവേഡുകളായി ഉപയോഗിച്ച കേസിലാണ് വിധി. കമ്പനിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഹൈക്കോടതി ഗൂഗിളിന് നിർദ്ദേശം നൽകി.
ജസ്റ്റിസ് മിനി പുഷ്കർണ അധ്യക്ഷയായ ബെഞ്ചാണ് ഹിന്ദ്‌വെയർ ലിമിറ്റഡ് സമർപ്പിച്ച ഹർജികളിൽ വിധി പുറപ്പെടുവിച്ചത്. ഇന്ത്യയിലെ ഡിജിറ്റൽ പരസ്യമേഖലയെയും അത് സംബന്ധിച്ച ഇന്റർനെറ്റ് നിയമങ്ങളെയും മാറ്റിമറിക്കാനും ദീര്‍ഘകാലം സ്വാധീനിക്കാനും പോന്നതാണ് വിധി. പല പ്രമുഖ ബ്രാൻഡുകളും തങ്ങളുടെ പേര് സെർച്ച് ചെയ്യുമ്പോൾ മറ്റ് കമ്പനികളുടെ പരസ്യങ്ങൾ വരുന്നത് സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിയിരുന്നു. ഇത് തടയാൻ സ്വന്തം ബ്രാൻഡ് പേരിനായി ഗൂഗിളിന് വൻ തുക നൽകി ലേലം വിളിക്കേണ്ട അവസ്ഥയിലായിരുന്നു. ഡൽഹി ഹൈക്കോടതി വിധിയിലൂടെ പ്രശസ്തമായ ബ്രാൻഡുകൾക്ക് തങ്ങളുടെ ട്രേഡ്‌മാർക്ക് അവകാശങ്ങൾ ഓൺലൈൻ പരസ്യങ്ങളിൽ ദുരുപയോഗം ചെയ്യുന്നതിന് എതിരെ പരിരക്ഷ ലഭിക്കും.
എന്താണ് കേസ്
2013-ലാണ് ഈ നിയമപോരാട്ടത്തിന് തുടക്കമാകുന്നത്. ഉപഭോക്താക്കൾ ഗൂഗിളിൽ 'Hindware' എന്ന് തിരയുമ്പോൾ സെർച്ച് റിസൾട്ടിന് തൊട്ടുമുകളിലായി സെറ, ഗ്രോഹെ തുടങ്ങിയ എതിരാളികളായ മറ്റ് സാനിറ്ററിവെയർ കമ്പനികളുടെ പരസ്യങ്ങളും വെബ്‌സൈറ്റ് ലിങ്കുകളും ഒന്നാമതായി പ്രത്യക്ഷപ്പെടുന്നു എന്ന് ഹിന്ദ്‌വെയർ കണ്ടെത്തി.
ഗൂഗിളിന്റെ പരസ്യ പ്ലാറ്റ്‌ഫോം വഴി തങ്ങളുടെ രജിസ്റ്റർ ചെയ്ത ട്രേഡ്‌മാർക്കായ 'Hindware' എന്ന പേര് എതിരാളികൾക്ക് കീവേഡ് ആയി ലേലം ചെയ്ത് നൽകിയതാണ് ഇതിന് കാരണം എന്ന് കേസിൽ ആരോപിച്ചു. പിന്നീട് സെറ, ഗ്രോഹെ എന്നീ കമ്പനികൾ ഹിന്ദ്‌വെയറുമായി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തിയെങ്കിലും, ഗൂഗിളിനെതിരെയുള്ള നിയമപോരാട്ടം തുടരുകയായിരുന്നു.
ഗൂഗിളിന്റെ വാദവും
കോടതിയുടെ നിരീക്ഷണവും
കീവേഡുകൾ ഉപഭോക്താക്കൾക്ക് പുറമെ കാണാൻ സാധിക്കാത്ത 'ബാക്ക്-എൻഡ്' സംവിധാനം മാത്രമാണെന്നും, അതുകൊണ്ട് ഇത് ട്രേഡ്‌മാർക്ക് ലംഘനമല്ലെന്നുമായിരുന്നു ഗൂഗിളിന്റെ പ്രധാന വാദം. വിവരസാങ്കേതിക നിയമത്തിലെ 'സേഫ് ഹാർബർ' പരിരക്ഷ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ഗൂഗിൾ വാദിച്ചു. എന്നാൽ ഈ വാദങ്ങൾ കോടതി പൂർണ്ണമായി തള്ളി.
ട്രേഡ്‌മാർക്ക് പുറമെ കാണാൻ സാധിച്ചില്ലെങ്കിലും, ഡിജിറ്റൽ ലോകത്ത് ഉപഭോക്താക്കളെ വഴിതിരിച്ചുവിടാൻ ഒരു ബ്രാൻഡിന്റെ പേര് കീവേഡായി ഉപയോഗിക്കുന്നത് ട്രേഡ്‌മാർക്ക് നിയമപ്രകാരം (Section 29) അനധികൃതമായ നേട്ടം കൊയ്യലാണ് (Free-Riding) എന്ന് കോടതി നിരീക്ഷിച്ചു. ഗൂഗിൾ ഇവിടെ കേവലം ഒരു പ്ലാറ്റ്‌ഫോം മാത്രമല്ല നൽകുന്നത്. തങ്ങളുടെ 'കീവേഡ് പ്ലാനർ' വഴി ബ്രാൻഡ് പേരുകൾ നിർദ്ദേശിക്കുകയും, അതിലൂടെ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നതിനാൽ ഐടി ആക്റ്റിന്റെ സുരക്ഷിത പരിരക്ഷ ഗൂഗിളിന് ലഭിക്കില്ല. പതിറ്റാണ്ടുകളായി ഹിന്ദ്‌വെയർ ഉണ്ടാക്കിയെടുത്ത ജനപ്രീതിയെ ഗൂഗിൾ ലേലത്തിന് വെക്കുകയാണെന്നും, തങ്ങൾക്ക് സ്വന്തമല്ലാത്ത ഒന്നിനെയാണ് ഗൂഗിൾ വിൽക്കാൻ ശ്രമിക്കുന്നതെന്നും കോടതി വിമർശിച്ചു.
ഇത്തരത്തിൽ പേരുകളോ സമാനമായ മറ്റ് കോമ്പിനേഷനുകളോ പരസ്യങ്ങൾക്കായുള്ള കീവേഡുകളായി ഉപയോഗിക്കുന്നതിൽ നിന്ന് ഗൂഗിൾ എൽഎൽസി, ഗൂഗിൾ ഇന്ത്യ എന്നിവരെ കോടതി സ്ഥിരമായി വിലക്കി. 30 ലക്ഷം രൂപ നഷ്ടപരിഹാരമായി 8 ആഴ്ചയ്ക്കകം ഹിന്ദ്‌വെയറിന് നൽകണം. കൂടാതെ ഈ ദീർഘകാലത്തെ കോടതി വ്യവഹാരങ്ങൾക്കായുള്ള യഥാർത്ഥ ചിലവും ഗൂഗിൾ നൽകേണ്ടിവരും.











0 comments