ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടം; രൂപയ്ക്ക് ആശ്വാസം

മുംബൈ : ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിന് പിന്നാലെ രൂപയുടെ മൂല്യം ഉയർന്നു. ഇന്ന് രാവിലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസ ഉയർന്ന് 92.62 എന്ന നിലയിലെത്തി. ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ, രൂപയുടെ മൂല്യം 92.65 എന്ന് നിലയിൽ ആരംഭിച്ച് ഡോളറിനെതിരെ മുൻ ക്ലോസിനേക്കാൾ 23 പൈസ ഉയർന്ന് 92.62 ആയി. തിങ്കളാഴ്ച, ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് രൂപ 23 പൈസ ഇടിഞ്ഞ് 92.85 എന്ന നിലയിലെത്തിയിരുന്നു. നവംബർ 13ന് രേഖപ്പെടുത്തിയ 94.19 എന്ന ക്ലോസിംഗ് ലെവലിനുശേഷം കഴിഞ്ഞ അഞ്ച് തുടർച്ചയായ സെഷനുകളിൽ രൂപ 1.6 ശതമാനത്തിലധികം നേട്ടം കൈവരിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ വന്നിട്ടും ഇന്ന് ക്രൂഡ് ഓയിൽ വില കുറഞ്ഞു. ഇന്ന് രാവിലെ 10.05ന്, ബ്രെന്റ് ഓയിൽ ഫ്യൂച്ചേഴ്സ് 1.39 ശതമാനം കുറഞ്ഞ് 90.13 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് 1.62 ശതമാനം കുറഞ്ഞ് 80.72 ഡോളറിലും എത്തി. ഇന്നലെ ക്രൂഡ് ഓയിൽ വില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു.
ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ മൂന്ന് ആക്രമണങ്ങൾ നടന്നതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ റിപ്പോർട്ട് ചെയ്തിരുന്നു. കിഴക്ക് ദിക്കിലേക്ക് സഞ്ചരിക്കുന്നതിനിടെ മൂന്ന് ടാങ്കറുകൾക്ക് നേരെ അജ്ഞാത പ്രൊജക്റ്റൈൽ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്.








0 comments