ad
Deshabhimani

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു; എണ്ണവില കത്തുന്നു

Crude Oil

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Apr 30, 2026, 09:51 AM | 1 min read

ലണ്ടൻ : പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ ആഗോള വിപണിയിൽ എണ്ണവില വീണ്ടും കുതിക്കുന്നു. ഇറാനെതിരെ യുഎസ് - ഇസ്രായേൽ സഖ്യം ആരംഭിച്ച കടന്നാക്രമണം കടുത്ത സംഘർഷത്തിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ എണ്ണ വിതരണം ദീർഘകാലത്തേക്ക് തടസപ്പെടുമെന്ന ആശങ്കയാണ് വിലവർധനവിന് കാരണം. ഏപ്രിൽ 30ന് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 1.91 ഡോളർ വർധിച്ച് 119.94 ഡോളറിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ ആറ് ശതമാനത്തിലധികം വർധനവിന് പിന്നാലെയാണിത്.


തുടർച്ചയായ ഒൻപതാം ദിവസമാണ് ക്രൂഡ് ഓയിൽ വിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്. ജൂലൈ മാസത്തേക്കുള്ള കരാറുകളിലും വില ഉയർന്നു. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ഫ്യൂച്ചേഴ്സ് ബാരലിന് 107.51 ഡോളറായാണ് ഉയർന്നത്.


ഇതിനിടെ ശീയ താൽപ്പര്യങ്ങൾ മുൻനിർത്തി ഒപെക്, ഒപെക് പ്ലസ് സഖ്യങ്ങളിൽനിന്ന് പിന്മാറാനുള്ള യുഎഇയുടെ അപ്രതീക്ഷിത പ്രഖ്യാപനം ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതമുണ്ടാക്കുന്നുണ്ട്. മാത്രമല്ല അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വലിയ അസ്ഥിരതക്ക് സാധ്യതയുണ്ട്. ഇറാനെതിരെയുള്ള യുദ്ധം മൂലം ആഗോള ഊർജ മേഖല നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ യുഎഇയുടെ ഈ നീക്കം ലോക സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.


ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക മാസങ്ങളോളം നീളുന്ന ഉപരോധം ഏർപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകൾ വിപണിയെ കൂടുതൽ സമ്മർദത്തിലാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രമുഖ എണ്ണക്കമ്പനികളുമായി ചർച്ച നടത്തിക്കഴിഞ്ഞു.


വിതരണ ശൃംഖലയിലെ ഈ അനിശ്ചിതത്വം ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. എണ്ണ ഇറക്കുമതിയെ പ്രധാനമായും ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ആഭ്യന്തര വിപണിയിൽ വലിയ പ്രതിഫലനമുണ്ടാക്കാൻ ഈ വിലക്കയറ്റം കാരണമാകും. ഇന്ധനവില വർധിക്കുന്നത് ചരക്കുനീക്കത്തെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. പശ്ചിമേഷ്യയിലെ നയതന്ത്ര ചർച്ചകൾ പുനരാരംഭിച്ചില്ലെങ്കിൽ എണ്ണവില ഇനിയും ഉയരാനാണ് സാധ്യത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home