അതൊരു അപമാനമല്ല, അധ്യാപകന്റെ വാക്കുകളായി മാത്രമേ തോന്നിയിട്ടുള്ളൂ; വിദ്യാർഥികളുടെ പ്രതികരണം

പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്ന കെ ടി ജലീല്‍
പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വിദ്യാർഥികളെ മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ അപമാനിച്ചുവെന്ന വാർത്തകളിൽ പ്രതികരണവുമായി വിദ്യാർഥികൾ രംഗത്ത്. തങ്ങൾക്ക് അതൊരു അപമാനമല്ലെന്നും സ്കൂളിലെ അധ്യാപകൻ പറഞ്ഞു തരുന്ന പോലെ മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂവെന്ന് വിദ്യാർഥികൾ പറയുന്നു. ഹിന്ദിക്ക് എത്ര എ പ്ലസ് ഉണ്ടെന്ന് ചോദിച്ചു. കുറച്ച് ഹിന്ദി എഴുതാനും പറഞ്ഞു.
സ്റ്റേജിൽ നിന്നുകൊണ്ട് തന്നെ എഴുതി. അപ്പോൾ എഴുത്തിൽ തെറ്റുകൾ വന്നു. സ്കൂളിലെ അധ്യാപകർ പറഞ്ഞ് തരും പോലെ അത് ശരിയാക്കി തരികയും സ്നേഹത്തോടെ പെരുമാറുകയും ചെയ്തു. ഇതാണ് സത്യത്തിൽ നടന്നതെന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തു. പൊതുവേദിയിൽ അപമാനിക്കപ്പെട്ടതായി അനുഭവപ്പെട്ടോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ അങ്ങനെ തോന്നിയിട്ടില്ലെന്ന് കുട്ടികൾ ആവർത്തിച്ചു പറഞ്ഞു.
എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന വിജയോത്സവം പരിപാടിയിൽ കുട്ടികളെ അക്ഷരം അറിയില്ലേ എന്ന് ചോദിച്ച് ചെവിയിൽ പിടിച്ച് തിരിച്ച് അപമാനിച്ചുവെന്നായിരുന്നു മാധ്യമങ്ങളിൽ വന്ന വാർത്ത.താൻ കുട്ടികളെ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കുട്ടിയോട് ചോദിച്ചാൽ അതു ബോധ്യമാകുമെന്നും നേരത്തെ കെ ടി ജലീൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. മണ്ണാർക്കാട്ട് ഇന്നലെ നടന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ജേതാക്കളും അവരുടെ രക്ഷിതാക്കളുമാണ് പങ്കെടുത്തത്.











0 comments