രൂപ താഴെത്തന്നെ; ഡോളറിനെതിരെ മൂല്യം 93.63 ലേക്ക്

മുംബൈ: പശ്ചിമേഷ്യൻ യുദ്ധസമാനമായ സാഹചര്യങ്ങൾ ഇന്ത്യൻ സാമ്പത്തിക മേഖലയെ ഉലയ്ക്കുന്നത് തുടരുന്നു. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 93.63 എന്ന നിലയിലാണ്. തിങ്കളാഴ്ച എക്കാലത്തെയും താഴ്ന്ന നിരക്കായ 93.98-ൽ വ്യാപാരം അവസാനിപ്പിച്ച രൂപ, ഇന്ന് നേരിയ തോതിൽ മെച്ചപ്പെട്ടെങ്കിലും വിപണിയിലെ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
യുഎസ്-ഇറാൻ സംഘർഷത്തിൽ നേരിയ അയവുണ്ടാകുമെന്ന സൂചനകളെത്തുടർന്ന് ഓഹരി വിപണിയിലുണ്ടായ കുതിപ്പാണ് രൂപയ്ക്ക് താൽക്കാലിക ആശ്വാസമായത്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിൽ തുടരുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുത്തനെ കൂട്ടി.
ഇത് ഡോളറിനായുള്ള ഡിമാൻഡ് വർദ്ധിപ്പിക്കുകയും രൂപയുടെ മൂല്യം കുറയ്ക്കാൻ കാരണമാവുകയും ചെയ്യുന്നു. ഇന്ത്യൻ വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നത് തുടരുന്നത് രൂപയ്ക്ക് തിരിച്ചടിയാണ്. തിങ്കളാഴ്ച മാത്രം പതിനായിരം കോടിയിലധികം രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്.
ഇറാനും അമേരിക്കയും തമ്മിലുള്ള വാക്പോരും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള വിപണിയെ ഇപ്പോഴും ആശങ്കയിലാഴ്ത്തുന്നു. തിങ്കളാഴ്ച നേരിട്ട കനത്ത തകർച്ചയ്ക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണി ഇന്ന് കരുത്തുറ്റ തിരിച്ചുവരവാണ് നടത്തുന്നത്. സെൻസെക്സ് 1,100 പോയിന്റിലധികം ഉയർന്ന് 73,800 കടന്നു. നിഫ്റ്റി 22,800-ന് മുകളിലെത്തി.
ഇറാനിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണം അമേരിക്ക തൽക്കാലം മാറ്റിവെച്ചുവെന്ന വാർത്തകളാണ് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകിയത്. രൂപയുടെ മൂല്യമിടിയുന്നത് പ്രവാസി മലയാളികൾക്ക് ഗുണകരമാണെങ്കിലും, രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂടാനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായേക്കുമെന്ന ആശങ്ക ശക്തമാണ്.









0 comments