Deshabhimani

എണ്ണ വിപണിയിൽ ചാഞ്ചാട്ടം; മൂന്നുമാസത്തെ ഏറ്റവും താഴ്ചയിൽ എത്തിയ ശേഷം നേരിയ വ‍ർ‍ധന

Brent forecast
വെബ് ഡെസ്ക്

Published on Nov 25, 2026, 11:06 AM | 2 min read

ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില മൂന്നുമാസത്തെ ഏറ്റവും കുഞ്ഞ വിലയായ 88 ഡോളറിൽ എത്തി വീണ്ടും തിരിച്ചു കയറി. ബുധനാഴ്ച നേരിയ വർധന രേഖപ്പെടുത്തി. പശ്ചിമേഷ്യയിൽ യു എസ് ആക്രമണത്തിൽ അയവ് വന്നതും ആഗോളതലത്തിൽ എണ്ണ ലഭ്യത കൂടിയതുമാണ് പിന്നിൽ എന്നാണ് വിലയിരുത്തൽ.



ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.5 ശതമാനം ഇടിഞ്ഞ് ബാരലിന് 90.96 ഡോളറിലാണ് വ്യാപാരം തുടരുന്നത്. തിങ്കളാഴ്ച 91 ഡോളറിന് മുകളിലായിരുന്നു ബ്രെന്റ് ക്രൂഡ് വ്യാപാരം അവസാനിപ്പിച്ചത്. ജനുവരിയിൽ വിതരണം ചെയ്യേണ്ട വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 0.62 ശതമാനം താഴ്ന്ന് 81.54 ഡോളറിലെത്തി.


സമീപമാസങ്ങളിൽ ഗള്‍ഫ് മേഖലയിൽ നിന്നുള്ള എണ്ണ കയറ്റുമതി ഗണ്യമായി വ‍ർധിച്ചതായാണ് റിപ്പോർടുകള്‍. ഇൻ്റര്‍ നാഷണൽ എനർജി ഏജൻസിയുടെ കണക്കുകള്‍ പ്രകാരം ഈ പാദത്തിൽ ലോക വിപണിയിൽ ആവശ്യത്തിൽ കൂടുതൽ എണ്ണ എത്തുമെന്ന് വിലയിരുത്തുന്നു.


വില കുറഞ്ഞു

ജനങ്ങളിലേക്ക് എത്തിയില്ല


ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിൽ വിലയിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെന്ററിന്റെ കണക്കുകള്‍ പ്രകാരം ഒക്ടോബറിൽ ഇന്ത്യ വാങ്ങിയ ക്രൂഡ് ഓയിലിന്റെ വില 119.91 ‍ഡോളറായിരുന്നു. എന്നാൽ ഇത് ക്രമികമായി കുറഞ്ഞു. നവംബറിൽ 94.65 ആയി. ഇപ്പോള്‍ 90.89 ഡോളറാണ്. പക്ഷേ ഈ വിലക്കുറവ് ഉപഭോക്താക്കളിലേക്ക് എത്താതെ പിടിച്ചു വെക്കുന്ന സാഹചര്യമാണ്.


പശ്ചിമേഷ്യൻ യുദ്ധം

തുടര്‍ന്നാൽ കുതിക്കും


പശ്ചിമേഷ്യയിലെ അമേരിക്ക ഇസ്രയേൽ ഇടപെടലുകളും യുദ്ധവും ഇനിയും തുടർന്ന 2027 ലോക വിപണിക്ക് താങ്ങാനാവാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും പ്രവചനങ്ങളുണ്ട്. സംഘര്‍ഷം തുടരുകയും ഗൾഫ് മേഖലയിലെ എണ്ണ ഉൽപ്പാദനം 2025-ലെ ശരാശരിയേക്കാൾ ഗണ്യമായി കുറഞ്ഞു നിൽക്കുകയും ആണെങ്കിൽ 2027-ൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 140 ഡോളർ വരെ ഉയർന്നേക്കാമെന്ന് ഗോൾഡ്മാൻ സാക്സ് മുന്നറിയിപ്പ് നൽകുന്നു.


ഡിസംബറിലെ ബ്രെന്റ് ക്രൂഡ് പ്രവചനം 90 ഡോളറിൽ നിന്ന് 105 ഡോളറായും, WTI പ്രവചനം 81 ഡോളറിൽ നിന്ന് 94 ഡോളറായും ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്. ഗൾഫ് ഉൽപ്പാദനം 2025-ലെ ശരാശരിയേക്കാൾ പ്രതിദിനം 3.5 ദശലക്ഷം ബാരൽ കുറഞ്ഞുനിന്നാൽ 2027-ൽ ശരാശരി വില 130 ഡോളറാകുമെന്നും റോയിട്ടേഴ്സും റിപ്പോർട് ചെയ്തു. ഇത് യുദ്ധ സാഹചര്യം പരിഗണിച്ചാണ്. ലോകത്തിന് ഇത് വിലക്കയറ്റവും വൻ പ്രതിസന്ധയും തീര്‍ക്കുന്നതാവും.


നിലവിലെ സംഘർഷം പ്രവചനാതീതമാണെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ അളക്കുക പ്രയാസമാണെന്നും ജെ പി മോർഗൻ അനലിസ്റ്റുകൾ പറയുന്നു. യുഎസ് ഭരണകൂടം ചില സാമ്പത്തിക പരിധികൾ ലംഘിക്കില്ലെന്ന പ്രതീക്ഷ അസ്ഥാനത്തായിരിക്കയാണ്. സംഘർഷം ഏഴ് മാസം പിന്നിടുമ്പോൾ പല പരിധികളും ലംഘിക്കപ്പെട്ടുവെന്നും യുദ്ധം അവസാനിപ്പിക്കാൻ വ്യക്തമായ തന്ത്രങ്ങളൊന്നും നിലവിലില്ലെന്നും ബാങ്ക് ഇതിന് അടിസ്ഥാനമായി ചൂണ്ടികാട്ടുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home