എക്സ് എഐയെ ഏറ്റെടുത്ത് സ്പേസ് എക്സ്

ന്യൂയോർക്ക്: എക്സ് എഐയെ ഏറ്റെടുത്ത് സ്പേസ് എക്സ്. ഇതോടെ ഇലോൺ മസ്കിന്റെ രണ്ട് കമ്പനികൾ ലയിച്ചു. റെക്കോർഡ് തുകയുടെ ഡീൽ നടന്നതായാണ് റിപ്പോർട്ട്. ആഭ്യന്തര ഉടമ്പടി വഴിയാണ് കരാർ പ്രഖ്യാപിച്ചത്. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനിയായി സ്പേസ് എക്സ് മാറി. സ്‌പേസ് എക്‌സിന് 1 ട്രില്യൺ ഡോളറിന്റെ മൂല്യവും എക്സ് എഐക്ക് 250 ബില്യൺ ഡോളറിന്റെ മൂല്യവുമാണ് ഉണ്ടായിരുന്നത്. ഓഹരികളുടെ ലയനം സംബന്ധിച്ച് വാൾ സ്ട്രീറ്റിൽ ചർച്ചകൾ ആരംഭിച്ചു.
മസ്കിന്റെ എഐ ചാറ്റ്ബോട്ട് ഗ്രോക്ക്, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് കമ്പനിയായ സ്റ്റാർലിങ്ക്, സോഷ്യൽ മീഡിയ കമ്പനിയായ എക്‌സ് എന്നിവയുൾപ്പെടെ നിരവധി പ്ലാറ്റ്ഫോമുകളെ ഈ കരാർ സംയോജിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മസ്‌ക് ഇതിനകം തന്നെ ഓപ്പൺഎഐ പോലുള്ള എതിരാളികളുമായി കടുത്ത മത്സരം നേരിടുന്നുണ്ട്. ബഹിരാകാശ, നിർമിത ബുദ്ധി മേഖലകളിൽ മസ്‌കിന്റെ ആധിപത്യം സ്ഥാപിക്കുക എന്നതാണ് ഏറ്റെടുക്കലിന്റെ ലക്ഷ്യമെന്ന് സ്‌പേസ് എക്‌സ് പറഞ്ഞു. ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുമെന്നാണ് മസ്ക് പറയുന്നത്.
ഈ വർഷം അവസാനം സ്പേസ് എക്സിന്റെ ഐപിഓ നടക്കാനിരിക്കെയാണ് നിർണായക ലയനം. ഹ്യൂമനോയിഡ് റോബോട്ടുകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ടെസ്‍ല പദ്ധതിയിടുന്നതായാണ് വിവരം. ഫോർബ്‌സ് മാസികയുടെ കണക്കനുസരിച്ച് 768 ബില്യൺ ഡോളറാണ് മസ്‌കിന്റെ ആസ്തി.










0 comments