അടിച്ചേൽപ്പിക്കുന്നത് അടിയന്തരാവസ്ഥകാലത്തെ നിയമങ്ങൾ
മുന്നിൽ കടുത്ത വെല്ലുവിളികൾ; ട്രംപിന്റെ പിടിവാശിയിൽ ആപ്പിൾ വീഴുമോ?


ശീതൾ എം എ
Published on May 24, 2025, 01:12 PM | 2 min read
ഐഫോൺ നിർമാണം അമേരിക്കയിലേക്ക് മാറ്റണമെന്ന പ്രസിഡന്റ് ട്രംപിന്റെ നിർദേശം തിരിച്ചടിക്കുമെന്ന് റിപ്പോർട്ടുകൾ. തീരുമാനം വിനയാകുക ആപ്പിളിന് മാത്രമല്ലെന്നും രാജ്യത്തിനെ കൂടി ബാധിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. അമേരിക്ക നിയമപരമായും സാമ്പത്തികമായും വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
തൊഴിൽ സാധ്യത ഏറെയുള്ളതിനാലാണ് ആപ്പിളിന്റെ നിർമാണം യുഎസിലേക്ക് മാറ്റണമെന്ന തീരുമാനം എടുത്തതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. ഐഫോണുകൾ നിർമിക്കുന്നതിനായി ലക്ഷക്കണക്കിന് മനുഷ്യർ ചെറുതും സൂഷ്മവുമായ സ്ക്രൂകൾ ഉപയോഗിച്ച് ചെയ്യുന്ന ജോലികളെല്ലാം യുഎസിൽ എത്തും. അതുവഴി മെക്കാനിക്കുകൾ, ഇലക്ട്രീഷ്യൻമാർ തുടങ്ങിയ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് കഴിഞ്ഞ മാസം സിബിഎസിനെ (കൊളംബിയ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം) അറിയിച്ചിരുന്നു.
ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട്
ഐഫോണിന്റേത് മികച്ച സാങ്കേതികതയിലുള്ള ജോലികളാണെന്നും അത്രയും സൂഷ്മമായ സ്ക്രൂകൾ അമേരിക്കയിൽ ലഭ്യമല്ലെന്നും ആപ്പിൾ സിഇഒ ടിം കുക്ക് യുഎസ് വാണിജ്യ സെക്രട്ടറിയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ നിർമാണം മാറ്റുന്നതിൽ തൃപ്തിയില്ലാത്ത കമ്പനിയെ ഏതു വിധേനെയും അധീനതയിലാക്കാനായി ഇറക്കുമതി താരിഫ് ചുമത്തുകയെന്ന തന്ത്രം അമേരിക്ക പയറ്റി. അമേരിക്കയിൽ നിർമിക്കാത്ത ഐഫോണുകൾക്ക് 25 ശതമാനം താരിഫ് അടക്കണമെന്നാണ് ട്രംപിന്റെ ഭീഷണി.
അടിയന്തരാവസ്ഥപോലുള്ള അസാധാരണ ഘട്ടത്തിൽ മാത്രം ഉപയോഗിക്കാനുള്ള അമേരിക്കൻ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ടിൽ വരുന്നതാണ് ഇത്തരം ഇറക്കുമതി താരിഫുകൾ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം സാമ്പത്തിക നടപടികൾ സ്വീകരിക്കാനായി മാത്രമേ പ്രസിഡന്റിന് ഈ ആക്ട് ഉപയോഗിക്കാനാകുക.
കമ്പനികൾക്ക് മാത്രമായി ഇത്തരം താരിഫുകൾ ചുമത്തുന്നതും ആക്ടിൽ അനുവദനീയമല്ല. നിയമങ്ങൾ പോലും സ്വന്തം താൽപ്പര്യങ്ങൾക്കായി ദുർവിനിയോഗിക്കുന്ന ട്രംപ് ഇതുവഴി ഒരു വാണിജ്യനേട്ടവും നേടാൻ പോകുന്നില്ല. ആപ്പിളിന് മാത്രം താരിഫ് ചുമത്തുമ്പോൾ മറ്റ് വാണിജ്യമൂല്യമുള്ള ഫോണുകൾക്ക് മത്സരാധിഷ്ഠിത നേട്ടങ്ങളാണ് ഉണ്ടാകുക. അങ്ങിനെ നടന്നാൽ ആപ്പിളിന്റെ നിർമാണം മുഴുവനായും യുഎസിലേക്ക് ആക്കാമെന്ന ലക്ഷ്യം ദുർബലപ്പെടും.
ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ടിനെ ഉപയോഗിക്കുന്നത് ചോദ്യംചെയ്യാൻ കോടതികൾക്ക് അധികാരമുണ്ടോ എന്നതിൽ വ്യക്തതയില്ലാത്തതാണ് ഈ ആക്ട് തന്നെ ട്രംപ് ദുരുപയോഗപ്പെടുത്തിയത്.
അതേ സമയം 12 അമേരിക്കന്‍ സംസ്ഥാനങ്ങളാണ് താരിഫ് ചുമത്തിയത് ചോദ്യം ചെയ്തുകൊണ്ട് ട്രംപിനെതിരെ കേസ് കൊടുത്തിരിക്കുന്നത്. മാൻഹട്ടൻ ആസ്ഥാനമായുള്ള കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ് കേസ് പരിഗണിച്ച് ഐഇഇപിഎ താരിഫുകൾക്ക് അംഗീകാരം നൽകുന്നുണ്ടോ എന്നതും നിരീക്ഷിക്കുകയാണ്.
യുഎസിൽ ആപ്പിൾ ഐഫോണുകൾ നിർമ്മിക്കുന്നു എന്ന ആശയം പ്രായോഗികമല്ലാത്ത ഒരു യക്ഷിക്കഥയാണെന്നും ഐഫോണുകളിലെ താരിഫ് ആപ്പിളിന്റെ വിതരണ ശൃംഖലയെയും സാമ്പത്തിക അടിത്തറയെയും സങ്കീർണ്ണമാക്കും. അതുവഴി ഉപഭോക്തൃ ചെലവു കൂടി വർധിച്ചാൽ ആപ്പിളിനോടുള്ള താൽപര്യം തന്നെ നഷ്ടമാകുമെന്നാണ് കൊളംബിയയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസർ ബ്രെറ്റ് ഹൗസിന്റെ നിഗമനം.
0 comments