വിപണി പിടിക്കാൻ കളത്തിലേക്ക്; പുതിയ ബ്രാൻഡിംഗ് തന്ത്രങ്ങളുമായി ഒനിഡ

പ്രതീകാത്മക ചിത്രം (Image Credit : X)
മുംബൈ : തലയിൽ കൊമ്പും കുസൃതിച്ചിരിയുമുള്ള ആ പഴയ ഭൂതത്തെ ഓർമ്മയില്ലേ? ഒനിഡ എന്ന് കേൾക്കുമ്പോൾ ഇപ്പോഴും പലരുടേയും മനസിലേക്കെത്തുക ആ രൂപമായിരിക്കും. 'അയൽക്കാരന്റെ അസൂയ ഉടമയുടെ അഭിമാനം' എന്ന ഒനിഡയുടെ പരസ്യവാചകം തൊണ്ണൂറുകളിലെ ബാല്യകാല സ്മരണ കൊണ്ടുനടക്കുന്നവരൊന്നും മറന്നു പോവാനിടയില്ല. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളർ ടിവിയിലേക്ക് ലോകം മാറിയപ്പോൾ ഒനിഡയുണ്ടാക്കിയ തരംഗം ചെറുതല്ല. ഇപ്പോഴിതാ ടെലിവിഷൻ, എയർ കണ്ടീഷണർ എന്നിവയ്ക്ക് പുറമെ പുതിയ വിഭാഗങ്ങളിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുകയാണ് ഒനിഡ. 2027-28 ആകുമ്പോഴേക്കും പുതിയ വിഭാഗങ്ങളിലേക്ക് ആധിപത്യം ഉറപ്പിക്കാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.
ബ്രാൻഡിന്റെ പുതിയ 100 ഇഞ്ച് ക്യൂ ഡി മിനി എൽഇഡി ടെലിവിഷൻ വിപണിയിലിറക്കുന്ന ചടങ്ങിനിടെയാണ് സിഇഒയും എംഡിയുമായ ഗഞ്ചൻ ശ്രീവാസ്തവ ഇക്കാര്യം പ്രഖ്യാപിച്ചത്. കൂടാതെ തങ്ങളുടെ ജനപ്രിയമായ കൊമ്പുള്ള ഭൂതത്തെ നിലനിർത്താനും തീരുമാനിച്ചിട്ടുണ്ട്. കൊമ്പൻ ഭൂതത്തെ വിപണിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി പുതിയ പരസ്യവുമായി കമ്പനിയെത്തുമെന്നും സിഇഒ പറഞ്ഞു.
"എൺപതുകളിലും തൊണ്ണൂറുകളിലും ഒനീഡ ഒരു മുൻനിര മുഖമായിരുന്നു. എന്നാൽ ഏറെ വർഷമായി ഒനിഡ ബ്രാൻഡിന്റെ ജനപ്രീതി ഇല്ലാതായി. ഇപ്പോൾ പുതിയ തന്ത്രങ്ങളും സമീപനങ്ങളുമായി ഞങ്ങൾ വിപണി തിരിച്ചുപിടിക്കാൻ വരികയാണ്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ വില്പന അഞ്ച് മുതൽ ആറ് മടങ്ങ് വരെ വർധിപ്പിക്കാനാണ് പദ്ധതിയിടുന്നത്." ശ്രീവാസ്തവ വ്യക്തമാക്കി.
വീഡിയോകോണും, ബിപിഎലും കത്തിനിൽക്കുന്ന കാലത്ത് 1981ലാണ് ഒനിഡ നിർമാണം തുടങ്ങുന്നത്. മുംബൈയിലെ അന്ധേരിയിലായിരുന്നു ടിവി അസംബ്ലിംഗ് ഫാക്ടറി. ടിവിയെ കുറിച്ചോ ടെക്നോളജിയെ കുറിച്ചോ യാതൊരു അറിവും ആർക്കുമില്ലാതിരുന്ന കാലത്താണ് മാർക്കറ്റിൽ ഓളമുണ്ടാക്കിയ പരസ്യവാചകവുമായി ജനപ്രിയമായ കൊമ്പുള്ള ചിരിക്കുന്ന ഭൂതമെത്തുന്നത്.
നിലവിൽ ഒനിഡക്ക് രാജ്യത്തുടനീളം നിരവധി കരാർ യൂണിറ്റുകളും രണ്ട് നിർമാണ യൂണിറ്റുകളുമുണ്ട്. വിപണി തിരിച്ചുപിടിക്കാനുള്ള വരവിൽ കൊൽക്കത്തയാണ് ആദ്യം കമ്പനി ലക്ഷ്യമിടുന്നത്. റീട്ടെയിൽ വിതരണ ശൃംഖള വികസിപ്പിച്ചും, പങ്കാളിത്തം വർധിപ്പിച്ചും മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം സാധ്യമാക്കിയും വിപണിയിലേക്ക് തിരിച്ചുവരാനാണ് കമ്പനി പദ്ധതിയിടുന്നത്.
അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ റീട്ടെയിൽ ഔട്ടലെറ്റുകളുടെ എണ്ണം 100 ആയി വികസിപ്പിക്കുമെന്നും, അടുത്ത 12 മാസത്തിനുള്ളിൽ 400ലധികം സേവന പങ്കാളികളുമായി രാജ്യവ്യാപകമായി വില്പനാനന്തര സേവന ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും സിഇഒ വ്യക്തമാക്കി. മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിനായ ലോകോത്തര സാങ്കേതികവിദ്യ എല്ലാ സേവനങ്ങളിലും എത്തിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.









0 comments