ad
Deshabhimani

‘ധർമേന്ദ്ര പ്രധാൻ ഔട്ട്, ധർമം ജയിക്കും, മോദി കീഴടങ്ങും’; പ്രധാന്റെ രാജി രസകരമായി ആഘോഷിച്ച് സമൂഹമാധ്യമങ്ങൾ

modi cjp
വെബ് ഡെസ്ക്

Published on Jul 25, 2026, 04:29 PM | 2 min read

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെ രസകരമായി ആഘോഷിച്ച് സമൂഹമാധ്യമങ്ങൾ. ലാത്തിക്കും കണ്ണീർവാതകത്തിനും ജലപീരങ്കിക്കും മുന്നിൽ പിന്മാറാതെ സമരം ചെയ്ത പുതുതലമുറയുടെ രാഷ്ട്രീയവിജയമായാണ് രാജിയെ പലരും വിലയിരുത്തുന്നത്. ഗൗരവമായ രാഷ്ട്രീയ നിരീക്ഷണങ്ങൾക്കൊപ്പം പ്രതിഷേധവേദിയിലെ രസകരമായ ദൃശ്യങ്ങളും ചേർത്ത പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.


“ധർമേന്ദ്ര പ്രധാൻ ഔട്ട്. ധർമം ജയിക്കും. നരേന്ദ്ര മോദി കീഴടങ്ങും” എന്നായിരുന്നു വി ശിവദാസൻ എംപിയുടെ പ്രതികരണം. ഒരു മന്ത്രിയുടെ രാജിയോടെ അവസാനിക്കുന്നതല്ല സമരമെന്നും കേന്ദ്രസർക്കാരിനെ ഉത്തരവാദിത്തത്തിലേക്ക് കൊണ്ടുവരുന്ന പോരാട്ടം തുടരുമെന്നുമുള്ള രാഷ്ട്രീയസന്ദേശമാണ് കുറിപ്പിലൂടെ അദ്ദേഹം മുന്നോട്ടുവച്ചത്.


“സാധ്യമാകുംവരെ എല്ലാം അസാധ്യമെന്ന് തോന്നും” എന്ന നെൽസൺ മണ്ടേലയുടെ വാക്കുകൾ പങ്കുവച്ചായിരുന്നു എ എ റഹീം എംപിയുടെ പ്രതികരണം. “പോരാട്ടങ്ങൾ നിലയ്ക്കുന്നില്ല” എന്നും അദ്ദേഹം കുറിച്ചു.



“ശിങ്കിടി മുതലാളിത്തത്തിന്റെ മൊത്തിക്ക് കിട്ടിയ അടി. മോദിയുടെ 56 ഇഞ്ചിൽ പാറ്റയരിച്ചു” എന്നായിരുന്നു അഭിജിത് ബാവയുടെ പ്രതികരണം. ഇന്ത്യൻ പുതുതലമുറ ആർഎസ്എസ് ആശയങ്ങൾക്ക് വിലകൽപ്പിക്കുന്നില്ലെന്ന് സമരം തെളിയിച്ചതായും കർഷകപ്രക്ഷോഭം തുടക്കമിട്ട മതനിരപേക്ഷ–വർഗ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് വിദ്യാർഥികളുടെ പോരാട്ടമെന്നും അദ്ദേഹം കുറിച്ചു.


പട്ടാളത്തെയും പൊലീസിനെയും ഉപയോഗിച്ച് ഉണർന്നെഴുന്നേൽക്കുന്ന ജനതയെ തടഞ്ഞുനിർത്താനാകില്ലെന്ന് വിദ്യാർഥികൾ രാജ്യത്തിന് കാണിച്ചുകൊടുത്തു. ഇന്ത്യയിൽ ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ള ഇടം തുറന്നുകിടക്കുകയാണെന്നും വരാനിരിക്കുന്നത് കൂടുതൽ സംഘടിതമായ പ്രക്ഷോഭങ്ങളുടെ നാളുകളാണെന്നും അഭിജിത് ബാവ അഭിപ്രായപ്പെട്ടു.



“23 കുഞ്ഞുമനുഷ്യരുടെ ജീവൻ. തല്ലിക്കൊഴിക്കപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷകൾ. കരുണയില്ലാതെ തല്ലുകൊണ്ടുവീണ സമരസഖാക്കൾ. എണ്ണിയെണ്ണി ഓരോന്നിനും കണക്കുവയ്ക്കാതെ പോകാമെന്ന് കരുതണ്ട” എന്നായിരുന്നു കെ ജെ ജേക്കബിന്റെ കുറിപ്പ്.


“സമരമാണ് വഴി. തെരുവിലാണ് തീരുമാനം. ജനാധിപത്യ രാജ്യത്തെ നമ്മൾ തിരിച്ചുപിടിക്കുകയാണ്” എന്നും അദ്ദേഹം കുറിച്ചു. രാജി സമരത്തിന്റെ അവസാനമല്ലെന്നും നഷ്ടപ്പെട്ട ജീവിതങ്ങൾക്കും തകർന്ന പ്രതീക്ഷകൾക്കും പൊലീസ് അതിക്രമത്തിനും കണക്ക് ചോദിക്കുന്ന പോരാട്ടം തുടരുമെന്നുമാണ് പ്രതികരണത്തിന്റെ ഉള്ളടക്കം.



ലാത്തിയും കണ്ണീർവാതകവും കേസുകളും ഉപയോഗിച്ച് ഭയപ്പെടുത്താൻ ശ്രമിച്ച അധികാരത്തെ ചിരിച്ചുകൊണ്ട് നേരിട്ട തലമുറയുടെ വിജയമായാണ് സമൂഹമാധ്യമങ്ങൾ രാജിയെ അടയാളപ്പെടുത്തുന്നത്. അതേസമയം, ധർമേന്ദ്ര പ്രധാന്റെ രാജിയോടെ മാത്രം പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും പരീക്ഷാ ക്രമക്കേടുകളിൽ സമഗ്ര അന്വേഷണം, പൊലീസ് അതിക്രമത്തിൽ നടപടി എന്നിവ ഉറപ്പാക്കണമെന്നുമാണ് പ്രതികരണങ്ങളിലെ പൊതുവികാരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home